ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. തന്റെ പ്രിയ സുഹൃത്ത് കൂടിയായ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി നിരവധി സൂപ്പർഹിറ്റ് സിനിമകളാണ് പ്രിയദർശൻ ഒരുക്കിയിട്ടുള്ളത്.
അതേ സമയം പ്രിയദർശൻ വർഷങ്ങൾക്ക് മുൻപ് ഒരു കഥ മോഹൻലാലിനോട് പറഞ്ഞിരുന്നു. കിലുക്കം, അഭിമന്യു, അദ്വൈതം തുടങ്ങിയ ചിത്രങ്ങൾക്കെല്ലാം മുൻപേ പ്രിയദർശൻ മോഹൻലാൽ ശ്രീനിവാസൻ ജോഡിയ്ക്ക് വേണ്ടി മെനെഞ്ഞെടുത്ത കോമഡി പ്രമേയമായിരുന്നു അത്.
പിന്നീട് മലയാളത്തിൽ സൂപ്പർ വിജയം നേടിയ കിന്നരിപുഴയോരം ആയിരുന്നു ആ ചിത്രം. എന്നാൽ ആ പ്രമേയം മോഹൻലാലിന് അത്രയ്ക്ക് ബോധിച്ചില്ല. പക്ഷേ, വർഷങ്ങൾ കഴിഞ്ഞിട്ടും പ്രിയദർശന്റെ മനസ്സിൽ നിന്നും ആ കഥ വിട്ടുപോയില്ല. ഒരിക്കൽ പ്രിയദർശനിൽ നിന്നും കഥ കേൾക്കാൻ ഇടവന്ന ശ്രീനിവാസൻ സംവിധായകൻ ഹരിദാസിനോട് പ്രിയന്റെ കൈവശമുള്ള കഥയെ കുറിച്ച് സൂചിപ്പിച്ചു.
ഹരിദാസിന് കഥ വളരെ ഇഷ്ട്ടമായി. ശ്രീനിവാസൻ മറ്റു ചിത്രങ്ങളുടെ തിരക്കായ കാരണം തിരക്കഥ എഴുതാൻ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയെ തിരഞ്ഞെടുത്തു. മോഹൻലാലിന്റെ റോൾ ശ്രീനിവാസനെയും ഏൽപ്പിച്ചു. സിദ്ധഖ്, മുകേഷ്, ദേവയാനി, ജഗതിശ്രീകുമാർ, തിലകൻ തുടങ്ങിയവരെ മറ്റുവേഷങ്ങളിലേക്കും തിരഞ്ഞെടുത്തു.
ഹരിദാസിന്റെ സംവിധാനത്തിൽ 1994ൽ പുറത്തുവന്ന കിന്നരിപുഴയോരം എന്ന കൊച്ചുചിത്രം മോഹൻലാലിനെയും മലയാളസിനിമയെയും അമ്പരിപ്പിച്ചായിരുന്നു സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറിയത്. ചിത്രത്തിലെ കോമഡി രംഗങ്ങളും മനോഹരമായ ഗാനരംഗങ്ങളും എല്ലാം ഇന്നും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. ടിവി ചാനലുകളിൽ ഈ സിനിമ വന്നാൽ ഒറ്റ ഇരിപ്പിൽ മലയാളികൾ കണ്ടു തീർക്കുന്ന സിനിമകൂടിയാണ് ഇത്.