ദിലീപിന്റെ നിബന്ധനകൾ സഹിക്കാൻ കഴിയാത്തതായിരുന്നു, അതോടെ ഞാൻ കാവ്യാമാധവന് നായകനായി ജയസൂര്യയെ കൊണ്ടുവന്നു: തുറന്നുപറഞ്ഞ് വിനയൻ

9145

നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ മലയാളത്തിലെ പ്രമുഖ സംവിധായനാണ് വിനയൻ. അതേ സമയം നിലപാടുകളുടെ പേരിൽ മാറ്റി നിർത്തപ്പെട്ട സംവിധായകൻ കൂടിയായിരുന്നു വിനയൻ. സംവിധായകന്റെ പേരിൽ ഏർപ്പെടുത്തിയ വിലക്കുകളെല്ലാം മാറി വിനയൻ വീണ്ടും സജീവമായിരുന്നു.

ഏറ്റവുമൊടുവിൽ ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് വിനയൻ സംവിധാനം ചെയ്തത്. ഇനി താരരാജാവ് മോഹൻലാലിനെ നായകനാക്കിയും അല്ലാതെയുമായി നിരവധി ചിത്രങ്ങളാണ് വിനയന്റേതായി വരാനിരിക്കുന്നത്.

Advertisements

നേരത്തെ നടൻ ജയസൂര്യയെ മലയാള സിനിമയ്ക്ക് ആദ്യമായി പരിചയപ്പെടുത്തിയത് വിനയനായിരുന്നു. ഊമപ്പെണ്ണിന് ഉരിയാട പയ്യൻ എന്ന ചിത്രത്തിലാണ് ജയസൂര്യ ആദ്യം നായകനാവുന്നത്. ഈ സിനിമയിൽ അഭിനയിക്കാൻ ആദ്യം തീരുമാനിച്ചത് ജനപ്രിയ നായകൻ ദിലീപിനെ ആയിരുന്നുവെന്ന് തുറന്നു പറയുകയാണ് സംവിധായകനിപ്പോൾ.

എന്നാൽ ഷൂട്ടിങ്ങ് തുടങ്ങാനിരിക്കവേ ദിലീപിന്റെ ചില നിബന്ധനകൾ അംഗീകരിക്കാൻ കഴിയാതെ വരികയായിരുന്നു. അങ്ങനെയാണ് ദിലീപിനെ മാറ്റി ഈ വേഷത്തിലേക്ക് ജയസൂര്യ എത്തിയതെന്നുള്ള കഥ റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലൂടെ വിനയൻ തുറന്നു പറയുന്നു. ആദ്യം ദിലീപിനെയായിരുന്നു ഊമപ്പെണ്ണിന് ഉരിയാട പയ്യൻ എന്ന ചിത്രത്തിലെ നായകനായി തീരുമാനിച്ചിരുന്നത്.

എന്നാൽ എഴുത്തുകാരനെ മാറ്റണമെന്നതടക്കമുള്ള ഡിമാന്റുകൾ ദിലീപ് മുന്നോട്ട് വച്ചു. സിനിമയുടെ ക്യാപ്റ്റൻ ഡയറക്ടറാണെന്ന് വിശ്വസിയ്ക്കുന്ന ഒരാളാണ് ഞാൻ. ഡയറക്ടറെ ചോദ്യം ചെയ്യുന്ന നായകനെ ഞാൻ വിലമതിക്കില്ല.

ദിലീപിന് നൽകിയ അഡ്വാൻസ് തിരികെ വാങ്ങിച്ച് ആ ചിത്രത്തിൽ ജയസൂര്യയെ ഞാൻ നായകൻ ആക്കുകയായിരുന്നു. എന്റെ ഏഴ് സിനിമകളിൽ ദിലീപായിരുന്നു നായകൻ. അയാൾ സൂപ്പർ താരമായപ്പോൾ പിന്നെ ഡിമാന്റുകൾ മുന്നോട്ട് വെക്കുവാൻ തുടങ്ങി. അയാളുടെ വഴിക്ക് പോകുവാൻ എനിക്ക് താൽപര്യമില്ല. നല്ല പിള്ളയായി നടിച്ച് കുറെ അവാർഡുകൾ വാങ്ങാനും, ലോബിയുടെ ഭാഗമാവാനുമൊന്നും തനിക്ക് താത്പര്യമില്ലെന്നും വിനയൻ വ്യക്തമാക്കുന്നു.

നടിയുമായി ബന്ധപ്പെട്ട സംഭവത്തിൽ താൻ ദിലീപിന് അനുകൂലമായ നിലപാടെടുത്തു എന്ന വാർത്തകളെ അഭിമുഖത്തിനിടയിൽ സംവിധായകൻ നിഷേധിച്ചു. അത് തികച്ചും തെറ്റായ വാർത്തയാണ്. ഞാനൊരിക്കലും ഈ വിഷയത്തിൽ ആരെയും പിന്തുണച്ച് സംസാരിച്ചിട്ടില്ല. സൂപ്പർ താരങ്ങൾക്കു പോലും എന്നോട് വിരോധം തോന്നാനുളള പ്രധാന കാരണക്കാരൻ ദിലീപാണ്.

എങ്കിലും അയാൾ വീണ് കിടക്കുമ്പോൾ ചവിട്ടാൻ ഞാൻ തയ്യാറല്ല. നടിയുടെ വിഷയം വന്നപ്പോൾ എന്നെ ഒരുപാട് പേർ ചർച്ചയ്ക്കു വിളിച്ചിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം ഞാൻ ഒഴിഞ്ഞു മാറുകയാണ് ചെയ്തതെന്നും വിനയൻ പറയുന്നു.

Advertisement