വർഷങ്ങളായി നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ പ്രിയങ്കരനായ ഗായകനാണ് എംജി ശ്രീകുമാർ. മലയാളം കൂടാതെ തമിഴിലും ഹിന്ദിയിലും ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള എംജി മിനിസ്‌ക്രീനിൽ അവതാരകനായും എത്തുന്നുണ്ട്.
ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും എല്ലാം പാടിഹിറ്റാക്കാറുള്ള എംജിക്ക് ആരാധകരും ഏറെയാണ്. എംജിയെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ ലേഖയും ആരാധകർക്ക് ഏറെ സുപരിചിതയാണ്. എല്ലാ തിരക്കുകൾക്കിടയിലും തന്റെ ഭാര്യയോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താൻ അദ്ദേഹം മറക്കാറില്ല.
എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും സോഷ്യൽ മീഡിയയിലും സജീവമാണ് ഇരുവരും തങ്ങൾ യാത്ര ചെയ്ത സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ തനിക്ക് എതിരെ ഉയരുന്ന പരാമർശനങ്ങൾക്കും വിമർശനങ്ങൾക്കും എതിരെ ശക്തമായി പ്രതികരിക്കുകയാണ് എംജി ശ്രീകുമാർ. താൻ ക്രിസ്ത്യാനിയാവുന്നു, ക്രിസ്തുമതത്തിലേക്ക് പോകുന്നു എന്നെല്ലാമുള്ള വാർത്തകൾക്ക് എതിരെയാണ് എംജി ശ്രീകുമാർ രംഗത്ത് എത്തിയത്.
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു എംജിയുടെ തുറന്നു പറച്ചിൽ. ഞാൻ മതം മറുന്നു എന്ന് പറഞ്ഞപ്പോഴാണ് വിഷമം തോന്നിയത്. സിനിമക്കാര് നടത്തുന്ന ഓൺലൈൻ മാധ്യമങ്ങളിലാണ് ഇത്തരം വാർത്തകൾ വരുന്നത്. ഗൂഗിളിൽ നിന്നും ഫെയ്‌സ്ബുക്കിൽ നിന്നും വരുമാനം കിട്ടാനാണിങ്ങനെ ചെയ്യുന്നത്.
എന്നെക്കുറിച്ചോ പ്രശസ്തരായവരെ കുറിച്ചോ നല്ല എഴുതിയാൽ ആരും വായിക്കില്ലെന്ന് അവർക്കറിയാം. നല്ല വായനക്കാരെ കിട്ടണമെങ്കിൽ മോശമായി എഴുതണം എംജി ശ്രീകുമാർ പാസ്റ്ററാണോ, ഹിന്ദുവാണോ, മുസൽമാനാണോ എന്നൊക്കെ എഴുതി വലിയൊരു ചോദ്യ ചിഹ്നമിട്ടാൽ വായനക്കാരുടെ എണ്ണം കൂടും.
ഇതെഴുതുന്നവരുടെ ലക്ഷ്യവും അത് തന്നെയാണ്. അവരെന്നെ വരുമാനത്തിന് വേണ്ടി ടാർഗറ്റ് ചെയ്യുമ്പോൾ നഷ്ടം എനിക്കുണ്ട്. 43 വർഷം കൊണ്ട് ഞാനുണ്ടാക്കിയെടുത്ത ഇമേജാണ് ഇല്ലാതാവുന്നത്. മെയിൻസ്ട്രീം ചാനലുകളോ പത്രങ്ങളോ ഒന്നും എനിക്കെതിരെ ഉയരുന്ന പരാമർശങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കുന്നില്ല. കാരണം എംജി ശ്രീകുമാർ ആരാണെന്നും എന്താണെന്നും ലോകമെമ്പാടുമുള്ള പ്രബുദ്ധരായ മലയാളികൾക്ക് വളരെ വ്യക്തമായിട്ട് അറിയാം.
ഞാനൊരു ഗായകനാണെന്നും കഴിഞ്ഞ 43 വർഷങ്ങളായിട്ട് മലയാളത്തിലും ഇതരഭാഷകളിലും ആലാപനവും സംഗീത സംവിധാനവും ചെയ്യുന്ന ഒരു സാധാരണ വ്യക്തിയാണെന്നും അവർ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നെ സ്‌നേഹിക്കുന്നവർക്ക് അത് നന്നായി അറിയാം. സംഗീതവും അതുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോകളും ചെയ്യുക, അതാണ് എന്റെ ജോലി.
പലരും പല കാര്യങ്ങളും തമാശയായി ട്രോളുകളായി എഴുതാറുണ്ട്, എനിക്കതിന് ഇതുവരെ വിഷമങ്ങളൊന്നും തോന്നിയിട്ടില്ല, ഞാനതിനെ ഗൗനിക്കാറുമില്ല. പക്ഷേ ഞാൻ മതം മാറുന്നു എന്ന് എഴുതിയത് കണ്ടപ്പോൾ സത്യത്തിൽ നല്ല വിഷമം തോന്നി. അതുകൊണ്ടാണ് ഞാനതിന് ഫേസ്ബുക്കിലൂടെ ചെറിയ രീതിയിൽ ഒരു മറുപടി നൽകിയത്.
Also Read
തന്റെ വീക്ക്‌നെസ്സും സ്‌ട്രെങ്ത്തും എന്താണെന്ന് തുറന്ന് പറഞ്ഞ് റിമി
അത് കണ്ടിട്ട് ചിലർ വ്യക്തിഹത്യ ചെയ്യുന്നതു പോലെ പല കമന്റുകളുമിട്ടു, പ്രത്യേകിച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ. അത് ആരൊക്കെയാണെന്ന് ഞാനെടുത്തു പറയുന്നില്ല. സിനിമകളിലുണ്ടായിരുന്ന ചിലർ തന്നെയാണ് ഈ ഓൺലൈൻ മീഡിയയും തുടങ്ങിയിരിക്കുന്നത്.
എന്നെ സ്‌നേഹിക്കുന്ന, എന്നെ അറിയാവുന്ന, എന്റെ പാട്ടുകളിഷ്ടപ്പെടുന്ന എല്ലാ മലയാളികൾക്കും ഇതിലൊക്കെ എത്രത്തോളം സത്യമുണ്ടെന്ന് നന്നായിട്ട് അറിയാം. മറ്റാരെയാണ് ഞാൻ ബോധിപ്പിക്കേണ്ടത്? മതം മാറുന്നു എന്നുള്ള കാര്യത്തെക്കുറിച്ച് എനിക്ക് പറയാനുള്ളത് മറ്റൊന്നുമല്ല, ഞാൻ ഒരു ഹിന്ദുവായിട്ടാണ് ജനിച്ചത്.
പക്ഷേ ഇതരഭാഷകളിലെയും ഇതരമതങ്ങളിലെയും പാട്ടുകൾ ചെറുപ്പം മുതൽ ഞാൻ പാടിയിട്ടുണ്ട്. കുട്ടിക്കാലം മുതൽ ഇതുവരെ ഒരു പ്രത്യേക മതവുമായി ബന്ധപ്പെട്ട പാട്ടുകളേ പാടൂ എന്ന് ഞാൻ പറഞ്ഞിട്ടില്ല. എന്റെ വീടിന്റെ ചുമരും കട്ടിളയും എന്തിന് അതിനു വേണ്ടി ചെലവഴിച്ച ഓരോ മൺതരിയും ഈ പറയുന്ന പാട്ടുകൾ പാടിയതിൽ നിന്ന് കിട്ടിയ വരുമാനത്തിൽ നിന്നാണ്.
ആ പ്രസ്തുത ഓൺലൈൻ മീഡിയ പറഞ്ഞത്, ഞാൻ ഹിന്ദുമതത്തിലുള്ള പാട്ടുകൾ ഒരു പ്രത്യേക രീതിയിലും, ക്രിസ്ത്യൻ മതവിഭാഗത്തിലുള്ള പാട്ടുകളും മാപ്പിളപ്പാട്ടുകളും പാടുമ്പോൾ മറ്റൊരു രീതിയിലുമാണ് പാടുന്നത് എന്നാണ്. ഒരു യഥാർത്ഥ കലാകാരന് ഇതെങ്ങനെ പറ്റും? എനിക്കെന്നല്ല മറ്റൊരു ഗായകനും അത് പറ്റില്ല.
തന്റെ മതത്തിലുള്ള പാട്ടല്ലേ, അതിന് പ്രത്യേകത കൊടുക്കാമെന്ന് ഒരു ഗായകനും ചിന്തിക്കില്ല, ആ ചിന്തയിൽ ഇന്നു വരെ പാടിയിട്ടുമില്ല. എത്രയോ പാട്ടുകൾ ഞാൻ പാടിയിട്ടുണ്ട്, ഒരു ഗായകൻ എന്ന നിലയിൽ എല്ലാത്തരം പാട്ടുകളും പാടേണ്ടത് എന്റെ ബാധ്യസ്ഥതയാണ്, അതിൽ ഞാനൊരിക്കലും മതം നോക്കാറില്ലെന്നും എംജി ശ്രീകുമാർ പറയുന്നു.