1993ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന സൂപ്പർഹിറ്റ് ചിത്രം മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മാസ് സിനിമകൾക്ക് തുടക്കമിട്ട ചിത്രമായിരുന്നു ഐവി ശശി സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിർവഹിച്ചത് രഞ്ജിത്ത് ആയിരുന്നു.
തിയേറ്ററുകളിൽ നൂറിലധികം ദിനങ്ങൾ പിന്നിട്ട് ബോക്‌സ്ഓഫീസ് വിജയം നേടിയ ദേവാസുരത്തിൽ കരുത്തുറ്റ കഥാപാത്രത്തെ ആയിരുന്നു മോഹൻലാൽ അവതരിപ്പിച്ചത്. ദേവാസുരം എന്ന സൂപ്പർ ഹിറ്റ് ചിത്രം പിറവിയെടുക്കാൻ കാരണക്കാരിയായത് അന്നത്തെ ലേഡി സൂപ്പർസ്റ്റാർ സീമയാണെന്ന് ഐവി ശശി വെളിപ്പെടുത്തിയിരുന്നു.
ഒരു ചാനൽ ഷോയിൽ അതിഥിയായെത്തിയ ഐവി ശശി തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
കള്ളനും പോലീസും എന്ന ചിത്രത്തിന് ശേഷം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു അനുഗ്രഹ വിബികെ മേനോൻ. ആ സമയത്ത് തിരക്കഥാകൃത്ത് രഞ്ജിത് ദേവാസുരത്തിന്റെ കഥ മേനോനോടും ഐ വി ശശിയോടും പറഞ്ഞു.
കഥ പറഞ്ഞു തീരുന്നതുവരെ നടൻ മുരളിയായിരുന്നു ഐവി ശശിയുടെ മനസിൽ മംഗലശേരി നീലകണ്ഠന്റെ വേഷം അവതരിപ്പിക്കാൻ ഉറപ്പിച്ചത്. എന്നാൽ കഥ കേട്ടയുടൻ മേനോൻ പറഞ്ഞു ഇത് മോഹൻലാൽ ചെയ്യേണ്ട സിനിമയാണ്. നീലകണ്ഠനെ അനശ്വരമാക്കാൻ ലാലിനെ കൊണ്ട് സാധിക്കും.
മോഹൻലാലിനെത്തേടി ഈ കഥയും ആയി ചെല്ലുമ്പോൾ രണ്ടു കൊല്ലത്തേക്ക് അദ്ദേഹത്തിന് ഡേറ്റ് ഇല്ലെന്നു പറഞ്ഞു. എന്നാൽ ഈ കഥ കേട്ടയുടൻ രണ്ടു സിനിമകൾ മാറ്റിവെച്ചു കൊണ്ട് ദേവാസുരത്തിനായി മോഹൻലാൽ തന്റെ ഡേറ്റ് നൽകി.
ഡേറ്റ് കിട്ടികഴിഞ്ഞപ്പോൾ പിന്നെ പണമായിരുന്നു പ്രധാന പ്രശ്നം. ആ സമയത്ത് ആണ് സീമ മുന്നോട്ടു വന്നത്. ദേവാസുരം തുടങ്ങുവാനുള്ള പണം നിർമാതാവിന് അന്ന് നൽകി സഹായിച്ചത് സീമയാണ്. മോഹൻലാൽ എന്ന നടന്റെ സിനിമാജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട ചിത്രമായി മാറുകയായിരുന്നു ദേവാസുരം. തിയേറ്ററുകളെ ഇളക്കിമറിച്ച് കൊണ്ട് മംഗലശേരി നീലകണ്ഠനായി തകർപ്പൻ പ്രകടനമാണ് ലാൽ ഈ ചിത്രത്തിൽ കാഴ്ച വെച്ചത്.