മലയാളത്തിന്റെ സൂപ്പർതാരവും രാജ്യസഭാ എംപിയുമായ നടൻ സുരേഷ് ഗോപിയുടെ മാസ് ഫോട്ടോ കഴിഞ്ഞ ദിവസങ്ങളിലായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വിരാമമാവുന്നു. വർഷങ്ങൾക്കു ശേഷം ഒരു മാസ് പടവുമായി തിരിച്ചു വരാനൊരുങ്ങുകയാണ് സുരേഷ് ഗോപി.
നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രത്തിനായുള്ള ഫോട്ടോഷൂട്ടിന്റെ ഭാഗമായി ചെയ്ത ലുക്കാണിത്. സുരേഷ് ഗോപിയുടെ 250ാം ചിത്രമായിരിക്കും പേരിടാത്ത ഈ സിനിമ.
ജോജു ജോസഫ്, മുകേഷ്, തുടങ്ങിയ വൻ താര നിരയിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ബോളിവുഡ് നടിയായിരിക്കും ചിത്രത്തിലെ നായികയെന്നാണ് അണിയറയിൽ നിന്നും ലഭിക്കുന്ന സൂചന.
ജോണി ആന്റണി, രഞ്ജിത്ത് ശങ്കർ, ഖാലിദ് റഹ്മാൻ, അമൽ നീരദ്, തുടങ്ങിയവരോടൊപ്പം സഹ സംവിധായികനായി പ്രവർത്തിച്ച വ്യക്തിയാണ് മാത്യു തോമസ്.
ഇവരുടെ ഹിറ്റ് ചിത്രങ്ങളായ വരത്തൻ, പ്രേതം2, ഉണ്ട, കെട്ട്യേളാണ് എന്റെ മാലാഖ, എന്നീ ചിത്രങ്ങളിൽ മാത്യു ഭാഗമായിട്ടുണ്ട്. 1997 ൽ ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ ലേലം പോലെയുള്ള ഒരു സിനിമായിരിക്കും ഇതെന്നാണ് സൂചന.
ഏപ്രിലിൽ ചിത്രീകരണം തുടങ്ങാനിരുന്ന ചിത്രം കൊവിഡ് വ്യാപനത്തെ തുടർന്നു നീട്ടിവെച്ചിരിക്കുകയാണ്. നേരത്തെ പുതിയ ലുക്ക് വൈറലായപ്പോൾ കടുവ എന്ന സിനിമയിലെ ലുക്കാണിതെന്നും അതല്ല നിതിൻ രൺജി പണിക്കർ ഒരുക്കുന്ന കാവൽ എന്ന സിനിമയിലെ ലുക്കാണിതെന്ന രീതിയിലും പ്രചാരണമുണ്ടായിരുന്നു.
എന്നാൽ സുരേഷ് ഗോപി തന്നെ ഇത് തിരുത്തി രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിലേക്കിറങ്ങിയ സുരേഷ്‌ഗോപി നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയിച്ച സിനിമയായിരുന്നു വരനെ ആവശ്യമുണ്ട്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ടിൽ ശോഭനയായിരുന്നു നായിക.
ശോഭനയുടേയും വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചു വരവായിരുന്നു ഈ സിനിമ. ദുൽഖർ സൽമാൻ ആയിരുന്നു ഈ സിനിമയുടെ നിർമ്മാതാവ്. ചിത്രത്തിൽ ദുൽഖറും കല്യാണി പ്രിയദർശനും പ്രധാന വേഷങ്ങൾ ചെയ്തിരുന്നു.