ആരാധക പ്രീതി നേടി മുന്നേറുന്ന ബിഗ് ബോസ് മലയാളം സീസൺ 3യിൽ നിന്ന് മത്സരാർത്ഥികളായ സജ്ന ഫിറോസ് ദമ്പതിമാരെ ഷോയിൽ നിന്ന് പുറത്താക്കി. അസാധാരണ നടപടിയായിട്ടാണ് ചൊവ്വാഴ്ച്ച ഷോയിൽ മോഹൻലാൽ നേരിട്ട് എത്തി സജ്ന ഫിറോസ് ദമ്പതിമാരെ പുറത്താക്കിയത്.
ഫിറോസിനും സജ്നയ്ക്കുമെതിരെ മറ്റ് മത്സരാർത്ഥികൾ പരസ്യമായ പ്രതികരണങ്ങൾക്കും വെല്ലുവിളികൾക്കും തയ്യാറായ ദിവസങ്ങളായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 3യിൽ കണ്ടത്. ഇതുവരെ സമാധാന പ്രിയരായിരുന്ന പലരും പൊട്ടിത്തെറിക്കുന്നതിനും ഇതോടെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു.
ഗുരുതര ആരോപണങ്ങളാണ് പൊളി ഫിറോസിനെതിരെ മത്സരാർത്ഥികൾ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ഫിറോസിനെതിരെ രമ്യയും സൂര്യയും രംഗത്ത് എത്തിയിരുന്നു. തന്റെ പേഴ്സണൽ ലൈഫിലെ എന്തോ കാര്യം ഫിറോസിന് അറിയാമെന്നാണ് പറയുന്നത്. അത് എന്താണെന്ന് വ്യക്തമാക്കണമെന്ന് രമ്യ പറഞ്ഞിരുന്നു. മറ്റ് മത്സരാർത്ഥികളും രമ്യയുടെ ആവശ്യത്തെ പിന്തുണച്ചു.
ബിഗ് ബോസിനോടും രമ്യ ഇത് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊളി ഫിറോസ് ഇത് തുറന്നു പറയാൻ കൂട്ടാക്കിയിരുന്നില്ല. എന്നാൽ തന്നെ കുറിച്ച് അറിയാം എന്നു പറഞ്ഞത് ഇപ്പോൾ പറയണ്ട എന്നും അത് മോഹൻലാൽ വരുമ്‌ബോൾ മാത്രം പറഞ്ഞാൽ മതിയെന്നുമായിരുന്നു സൂര്യയുടെ പ്രതികരണം.
പിന്നാലെ മത്സരാർത്ഥികളെ ഭീഷണിപ്പെടുത്തുന്ന ഫിറോസിനെതിരെ നടപടി വേണമെന്ന് പ്രേക്ഷകരും ആവശ്യപ്പെട്ടിരുന്നു. എന്തായാലും ഇന്ന് രാത്രി മത്സരാർത്ഥികളെ കാണാനായി മോഹൻലാൽ എത്തുകയാണ്. പ്രതീക്ഷിച്ചത് പോലെ തന്നെ ദേഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ വരവ്.
നാളെ വിഷുവായിട്ട് വരാം എന്നു കരുതിയതാണ്. എന്നാൽ ഇന്നു തന്നെ നിങ്ങളെ കാണാൻ വരേണ്ടി വന്നു. ചില തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്നാണ് മോഹൻലാൽ മത്സരാർത്ഥികളോട് പറയുന്നത്. അദ്ദേഹത്തിന്റെ സംസാരത്തിലും ഭാവത്തിലുമെല്ലാം ദേഷ്യമുണ്ടായിരുന്നു. പിന്നാലെ മത്സരാർത്ഥികൾ പൊളി ഫിറോസിനും സജ്നയ്ക്കുമെതിരെയുള്ള പരാതികൾ അറിയിക്കുകയാണ്.
ഷോയിൽ നിരന്തരമായി സ്ത്രീകൾ അടക്കമുള്ള മത്സരാർത്ഥികളെ അധിക്ഷേപിക്കുകയും ബിഗ് ബോസ് നിയമങ്ങൾക്ക് എതിരായി പ്രവർത്തിച്ചതിനും കൊണ്ടാണ് ഇരുവരെയും ഷോയിൽ നിന്ന് പുറത്താക്കിയത്.
രണ്ട് വ്യക്തികളായിരുന്നെങ്കിലും ഒറ്റ മത്സരാർത്ഥിയായിട്ടായിരുന്നു ഇരുവരും മത്സരിച്ചിരുന്നത്. സാധാരണ രീതിയിൽ ശനിയാഴ്ച്ചയും ഞായറാഴ്ചയുമായിരുന്നു മോഹൻലാൽ ബിഗ് ബോസ് എപ്പിസോഡിൽ എത്തിയിരുന്നത്.
എന്നാൽ ഏപ്രിൽ 14 ന് വിഷു സ്പെഷ്യൽ എപ്പിസോഡ് ആയതിനാൽ മോഹൻലാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ എത്തിയിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ രമ്യ, സൂര്യ എന്നിവർക്കെതിരായി സജ്ന-ഫിറോസ് ദമ്പതിമാർ അധിക്ഷേപകരമായി സംസാരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ചൊവ്വാഴ്ച്ച അപ്രതീക്ഷിതമായി മോഹൻലാൽ ഷോയിൽ എത്തിയത്. മുഴുവൻ മത്സരാർത്ഥികളോടും കാര്യങ്ങൾ ചോദിച്ച് മനസിലാക്കിയ ശേഷം സജ്ന ഫിറോസിനെ പുറത്താക്കുകയായിരുന്നു.
പുറത്തെ കാര്യങ്ങൾ പരാമർശിക്കുക എന്നത് നിയമലംഘനമാണ്. സ്ത്രീകൾക്കെതിരായ മോശമായ പരാമർശങ്ങൾ, സ്ത്രീകൾ എന്നല്ല ഒപ്പമുള്ള ആർക്കെതിരെയുമുള്ളതും തെറ്റായ കാര്യമാണെന്ന് മോഹൻലാൽ വ്യക്തമാക്കി.