മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ദൃശ്യം 2 മികച്ച അഭിപ്രായവും വിജയവുമാണ് നേടിയെടുത്തത്. തിയേറ്റർ റിലീസ് ഇല്ലാതെ ആമസോൺ പ്രൈമിലൂടെ ഫെബ്രുവരി 19 ന് ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
ചിത്രത്തിന് അഭിനന്ദനം അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവർത്തകരെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബ്രഹ്മാണ്ഡ സംവിധായകൻ എസ്
എസ് രാജമൗലി.
ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫിന് അയച്ച സന്ദേശത്തിലാണ് അഭിനന്ദനം അറിയിച്ചത്.
ദൃശ്യം 2ന്റെ തിരക്കഥ ലോക നിലവാരമുള്ളതാണെന്നും ഇനിയും ഇത്തരം തിരക്കഥകൾ ഒരുക്കാൻ സാധിക്കട്ടെ എന്നും രാജമൗലി സന്ദേഹസത്തിലൂടെ പറയുന്നു. ജീത്തു ജോസഫ് തന്നെയാണ് സന്ദേശം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
രാജമൗലിയുടെ സന്ദേശം ഇങ്ങനെ:
ഹായ് ജീത്തു, ഇത് സംവിധായകൻ രാജമൗലിയാണ്. കുറച്ചു ദിവസം മുന്നേ ദൃശ്യം 2 കണ്ടു. എന്റെ ചിന്തകളിൽ സിനിമ അങ്ങനെ തങ്ങി നിന്നു. ഒടുവിൽ ദൃശ്യം ആദ്യഭാഗം പോയി കാണേണ്ടി വന്നു.(ദൃശ്യം തെലുങ്ക് പതിപ്പ് മാത്രമേ കണ്ടിട്ടുള്ളു). ചിത്രത്തിന്റെ സംവിധാനം, എഡിറ്റിങ്ങ്, അഭിനയം അങ്ങനെ എല്ലാ മേഖലയിലും മികച്ചു നിന്നു.
പക്ഷെ ദൃശ്യം 2ന്റെ തിരക്കഥ അതിനുമപ്പുറം മറ്റെന്തോ ആണ്. അത് ലോക നിലവാരം ഉള്ളതാണ്. ആദ്യഭാഗം തന്നെ ഒരു മാസ്റ്റർപീസാണ്. രണ്ടാംഭാഗം ആദ്യഭാഗത്തോട് ഇഴചേർന്നുപോകുന്നു.അത്ര തന്നെ കെട്ടുറപ്പുള്ള അവതരണം, ബ്രില്യൻസിൽ കുറഞ്ഞതൊന്നുമല്ല ഈ സിനിമ. കൂടുതൽ മാസ്റ്റർ പീസുകൾ നിങ്ങളിൽ നിന്നുണ്ടാകട്ടെ എന്നും രാജമൗലി കുറിച്ചു.
ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, സംവിധായകൻ അജയ് വാസുദേവ്, തുടങ്ങി സിനിമ മേഖലയിൽ നിന്ന് നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടർച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം 2. ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും പ്രധാന വേഷം ചെയ്തു. രണ്ടാം ഭാഗത്തിൽ മുരളി ഗോപി , സായികുമാർ, ഗണേഷ് കുമാർ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിരുന്നു.