രണ്ടറ്റവും ഒന്നു വളഞ്ഞുകൊടുക്കാതെ കൂട്ടിമുട്ടിക്കാൻ ആകില്ല: ഡബ്‌ള്യുസിസിക്ക് പരോക്ഷ മറുപടിയുമായി മമ്മൂട്ടി

17

മലയാള സിനിമയിലെ നടിമാരുടെ സംഘടനയായ ‘വിമൻ ഇൻ സിനിമ കളക്ടീവ്’യും(ഡബ്ല്യുസിസി) താരസംഘടനയായ ‘അമ്മ’യും ഒന്നിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഓർമിപ്പിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. ഇരു സംഘടനകളും മലയാള സിനിമയ്ക്കുവേണ്ടി ഒന്നിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നാണ് സംഘടനകളുടെ പേരെടുത്ത് പറയാതെ മമ്മൂട്ടി പരോക്ഷമായി പറഞ്ഞത്.

വിധു വിൻസന്റ് സംവിധാനം ചെയ്ത് നിമിഷ സജയൻ, രജിഷ വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘സ്റ്റാൻഡ് അപ്പ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. വിധു വിൻസെന്റ് ഡബ്ല്യുസിസി അംഗമാണ്.
‘അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായ വ്യത്യാസങ്ങൾ സിനിമയിൽ ഉണ്ടാകും. രണ്ടറ്റവും കൂട്ടിമുട്ടിക്കുക എന്ന് നമ്മൾ കേട്ടിട്ടില്ലേ? രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വലിയ പാടാണ്. രണ്ട് അറ്റവും ഒന്ന് വളഞ്ഞുകൊടുക്കാതെ ഒരിക്കലും കൂട്ടിമുട്ടുകയില്ല. രണ്ട് അഗ്രങ്ങളും ഒന്ന് വളഞ്ഞു വരണം എന്നാലേ അത് സാധിക്കുകയുള്ളൂ.

Advertisements

അഭിപ്രായങ്ങളുടെ യോജിപ്പിലൂടെയാണ് എന്നും നമ്മുക്ക് നല്ല കാര്യങ്ങൾ സംഭവിക്കുന്നത്. ഏറ്റവും അടുത്ത സുഹൃത്തുക്കൾ പിണങ്ങുമ്പോഴാണ് ഏറ്റവും വിഷമം. ഇഷ്ടമുള്ള രണ്ടു പേരുടെ അഭിപ്രായങ്ങൾ രണ്ടു തരത്തിലാകുമ്‌ബോൾ നമ്മുക്ക് അത് വലിയ വിഷമമുണ്ടാക്കും.’ മമ്മൂട്ടി പറഞ്ഞു. തങ്ങളുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായി തങ്ങൾ ‘സ്റ്റാൻഡ് അപ്പി’നെ കാണുകയാണെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

സംവിധായകൻ ബി.ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടിക്ക് ശേഷം, സംസാരിച്ച ഇവർ ‘സ്റ്റാൻഡ് അപ്പ്’ നിർമ്മിക്കാൻ തങ്ങൾ തീരുമാനിച്ചതിന്റെ കാരണവും സദസിനോട് വിശദീകരിച്ചു. അർത്ഥവത്തായ സംവാദത്തിലൂടെയും സൗഹൃദത്തിലൂടെയും മാത്രമേ സിനിമക്കുള്ളിലെ രാഷ്ട്രീയ കൂട്ടായ്മകൾക്ക് തമ്മിൽ യോജിച്ച് മുന്നോട്ട് പോകാൻ സാധിക്കൂ എന്നാണ് ഉണ്ണികൃഷ്ണൻ പറഞ്ഞത്.

ആ ബോദ്ധ്യത്തിന്റെ തുടർച്ചയിൽ ചിത്രം തങ്ങൾ നിർമ്മിക്കട്ടെ എന്ന് വിധു വിൻസന്റിനോട് ചോദിക്കുകയായിരുന്നുവെന്നും ബി.ഉണ്ണികൃഷ്ണൻ വിശദീകരിച്ചു. ഇരുവരുടെയും കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമായാണ് ‘സ്റ്റാൻഡ് അപ്പി’നെ കാണുന്നതെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

Advertisement