പാൻ ഇന്ത്യൻ സൂപ്പർതാരം ദുൽഖർ സൽമാൻ നായകനായ കുറുപ്പ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കഴിഞ്ഞ കഴിഞ്ഞ ദിവസം തിയേറ്റുകളിൽ എത്തിയത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കുഞ്ഞിക്കയുടെ കുറുപ്പിന്
മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.
കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകൾ പൂരപ്പറമ്പാക്കി ആഘോഷമാക്കുകയാണ് ആരാധകർ ഈ ചിത്രം. ആറു കോടിയിൽ അധികം രൂപയാണ് ചിത്രം ഒറ്റ ദിവസം കൊണ്ട് നേടിയിരിക്കുന്നത്. ഈ വർഷം ഒരു മലയാളം സിനിമ നേടുന്ന ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷൻ ആണിത്.
500ലധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മലയാള സിനിമയിലെ ആദ്യ ദിന കളക്ഷനുകളുടെ ഇതുവരെയുള്ള റെക്കോർഡുകൾ ദുൽഖർ സൽമാൻ പിന്നിലാക്കിയെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. കേരളത്തിൽ നവംബർ 12ന് ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് 505 സ്‌ക്രീനിൽ 2600ലേറെ ഷോകളാണ് നടത്തിയത്. 12 മണിക്ക് ശേഷവും കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അഡീഷണൽ ഷോ നടന്നു.
ചിത്രത്തിന്റെ ആദ്യ ദിന ഗ്രോസ് കളക്ഷൻ കേരളത്തിൽ മാത്രം ആറ് കോട് മുപ്പത് ലക്ഷം രൂപയാണെന്ന് വേഫയർ പ്രൊഡക്ഷൻസിന്റെ ചീഫ് ഓപ്പറേഷൻ ഓഫീസർ ജയശങ്കർ പറഞ്ഞു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമയുടെ ഫസ്റ്റ് ഡേ ഗ്രോസ് കളക്ഷനെ പിന്നിലാക്കിയാണ് കുറുപ്പിന്റെ നേട്ടമെന്നും ജയശങ്കർ പറഞ്ഞു.
കൊവിഡ് സാഹചര്യത്തിൽ 50 ശതമാനം സീറ്റിംഗിലാണ് കുറുപ്പ് റെക്കോഡ് കളക്ഷൻ നേടിയത്. രണ്ടാം തരംഗത്തിന് ശേഷം തിയേറ്ററിലേക്ക് പ്രേക്ഷകർ എത്തുമോ എന്ന ആശങ്കയാണ് കുറുപ്പിലൂടെ മാറിയിരിക്കുന്നത്. ഞായറാഴ്ച്ച വരെ കേരളത്തിലെ മിക്ക തിയേറ്ററുകളിലും ചിത്രത്തിന് വൻ ബുക്കിങ്ങാണ് നടന്നിരിക്കുന്നത്. ടിക്കറ്റ് ഡിമാന്റിനെ തുടർന്ന് ഷോകളുടെ എണ്ണവും തിയേറ്ററുകൾ കൂട്ടിയിട്ടുണ്ടെന്നാണ് സൂചന.
തിങ്കളാഴ്ച്ച മുതൽ കൂടുതൽ കുടുംബ പ്രേക്ഷകരെ കുറുപ്പ് തിയേറ്ററിലെത്തിക്കുമെന്നാണ് ടിക്കറ്റ് ബുക്കിങ്ങിന്റെ അടിസ്ഥാനത്തിൽ തിയേറ്റർ ഉടമകൾ വിലയിരുത്തുന്നത്’. നിലവിൽ കേരളത്തിലെ ബോക്‌സ് ഓഫീസിലെ ഭൂരിപക്ഷം റെക്കോർഡുകളും മോഹൻലാലിന്റെ പേരിലാണ്. ഏറ്റവും ഉയർന്ന ഓപ്പണിംഗ് കളക്ഷൻ, ആദ്യ 50 കോടി ചിത്രം, നൂറ് കോടി ചിത്രം, 200 കോടി ചിത്രം, ഏറ്റവും കുടുതൽ ഇൻഡസ്ട്രി ഹിറ്റുകൾ ഉള്ള താരം എന്നിങ്ങനെ.
ഇപ്പോഴിതാ മോഹൻലാൽ ചിത്രമായ ലൂസിഫറിന്റെ ആദ്യ ദിന റെക്കോഡും കുറുപ്പ് മറികടന്നിരിക്കുകയാണ്. കൊവിഡ് നിയന്ത്രണത്തിന് ശേഷം തുറക്കുമ്പോൾ തിയറ്റർ പഴയപോലെ സജീവമാകുമോ എന്ന സംശയത്തെ അപ്രസക്തം ആക്കുന്നതാണ് കുറുപ്പിന്റെ പ്രീ ബുക്കിംഗും ആദ്യ ദിന കളക്ഷനും.
കുറുപ്പ് ഒരാഴ്ച പൂർത്തിയാക്കുമ്‌ബോൾ 10 കോടിക്ക് മുകളിൽ ഗ്രോസ് നേടുമെന്ന് ഷേണോയിസ് സിനിമാക്‌സ് എംഡി സുരേഷ് ഷേണായ് പറയുന്നു. ദുൽഖർ സൽമാനെ ജനങ്ങൾ അടുത്ത സൂപ്പർതാരമായി ഉയർത്തിയ ചിത്രമാണ് കുറുപ്പ് എന്നും സുരേഷ് ഷേണായ് വ്യക്തമാക്കി . ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്.
നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.