ചാന്ത് പൊട്ട് സിനിമയിലെ കഥാപാത്രത്തെ താൻ ട്രാൻസ് വ്യക്തിയെന്ന് വിളിച്ചിട്ടില്ലെന്ന് നടി പാർവതി തിരുവോത്ത്. സംവിധായകൻ ലാൽ ജോസിന്റെ വിമർശനത്തിന് പിന്നാലെയാണ് പാർവതിയുടെ പ്രതികരണം.
ചാന്ത് പൊട്ടിലെ കഥാപാത്രം ട്രാൻസ് വ്യക്തിയാണെന്ന് ട്വിറ്ററിൽ എവിടേയും പറഞ്ഞിട്ടില്ലെന്നും എൽജിബിടിക്യൂ പോരാട്ടത്തോടുള്ള സഹാനുഭൂതിയും ഒരു കലാരൂപം എന്ന തലത്തിൽ സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുവെന്ന സത്യം അംഗീകരിക്കുന്നതുമാണ് തന്റെ പ്രതികരണമെന്നും പാർവതി ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
ഇതിന് പിന്നാലെ ‘ഉനൈസ് നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. പ്രതിസന്ധികളെ നിങ്ങൾ ധീരമായി മറികടന്നു. ഈ വേദന നിങ്ങൾക്ക് നൽകിയതിന് എന്റെ ഇന്റസ്ട്രിക്ക് വേണ്ടി ഞാൻ മാപ്പ് പറയുന്നു. നിങ്ങളോടും നിങ്ങളെ പോലുള്ള നിരവധി പേരോടും’ എന്നായിരുന്നു പാർവതിയുടെ പ്രതികരണം.
എന്നാൽ ചാന്ത് പൊട്ട് സിനിമയുടെ പേരിൽ പാർവതി ഒരാളോട് മാപ്പ് പറഞ്ഞത് എന്തിനാണെന്ന് മനസിലായില്ലെന്നായിരുന്നു ലാൽ ജോസ് പറഞ്ഞത്. ചിത്രത്തിൽ ദിലീപ് അവതരിപ്പിച്ച രാധാകൃഷ്ണൻ എന്ന കഥാപാത്രം ട്രാൻസ് വ്യക്തിയല്ലെന്നും അയാൾ പുരുഷനാണെന്നും സിനിമയുടെ പേരിൽ പാർവതി ഒരാളോട് മാപ്പ് പറഞ്ഞത് എന്തിനാണെന്ന് മനസ്സിലായില്ലെന്നുമാണ് ലാൽ ജോസ് പറഞ്ഞത്.