മലയാളി മിനിസ്‌ക്രീൻ ആരാധകരുടെ പ്രിയങ്കരിയായ താരമായിരുന്നു ജൂഹി റുസ്തഗി. ജൂഹി എന്ന പേരിനേക്കാൾ ലച്ചു എന്ന പേരിലാണ് താരത്തെ മലയാളികൾ അറിയുന്നത്. ഉപ്പും മുളകും എന്ന ജനപ്രീയ പരമ്പരയിലൂടെ മലയാളികളുടെ മനസിൽ കടന്നു കൂടുകയായിരുന്നു ജൂഹി.
മിനിസ്‌ക്രീനിലെ ഏറ്റവും ഹിറ്റ് പരമ്പരയായിരുന്നു ഉപ്പും മുളകും. പരമ്പരയിലെ ലെച്ചു എന്ന കഥാപാത്രത്തിലൂടെ ജൂഹി ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ആരാധകരുടെ പ്രിയങ്കരിയായ ലച്ചു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയിലൂടെ കടന്നു പോവുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി മരണപ്പെട്ടത്. വാഹനാപകടത്തെ തുടർന്നായിരുന്നു മരണം. ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ പിന്നിൽ ലോറി വന്നിടിക്കുകയായിരുന്നു.
ഭാഗ്യലക്ഷ്മി അപകടസ്ഥലത്ത് വച്ചു തന്നെ മരിക്കുകയായിരുന്നു. ഇപ്പോഴിതാ ഭാഗ്യലക്ഷ്മിയേയും ജൂഹിയേയും കുറിച്ചുള്ള നടി നിഷ സാരംഗിന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. വനിത ഓൺലൈനിനോടായിരുന്നു നിഷയുടെ പ്രതികരണം. ജൂഹി സ്‌കൂളിൽ പഠിക്കുമ്പോഴായിരുന്നു അച്ഛൻ രഘുവീർ ശരൺ റുസ്തഗി മരിക്കുന്നത്.
അന്ന് മുതൽ ജൂഹിയുടേയും സഹോദരന്റെയും ജീവിതയും അമ്മയുടെ കരങ്ങളിൽ പിടിച്ചു കൊണ്ടായിരുന്നു. പരാതികളോ പരിഭവങ്ങളോ ഇല്ലാത്ത, സ്നേഹമുള്ള, മക്കളെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ടായിരുന്ന വ്യക്തിയായിരുന്നു ഭാഗ്യലക്ഷ്മി എന്നാണ് നിഷ സാരംഗ് പറയുന്നത്. നിഷാമ്മേ എന്നായിരുന്നു ജൂഹിയുടെ അമ്മ തന്നെ വിളിച്ചിരുന്നതെന്ന് നിഷ സാരംഗ് ഓർക്കുന്നു.
ഉപ്പും മുളകും ലൊക്കേഷനിൽ എപ്പോഴും ഉണ്ടാകും. മകനെക്കുറിച്ച് എപ്പോഴും പറയും. അവൻ പഠിച്ച് ഒരു ജോലി നേടുന്നതായിരുന്നു തന്റെ ഏറ്റവും വലിയ സ്വപ്നം എന്ന് എപ്പോഴും പറയുമായിരുന്നുവെന്നും നിഷ ഓർക്കുന്നു. അപ്രതീക്ഷിതമായിരുന്നു മരണമെന്നും കേട്ടത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നും താരം പറയുന്നു. അവസാനമായി ഭാഗ്യലക്ഷ്മിയെ കണ്ടതിനെക്കുറിച്ചും താരം പറയുന്നുണ്ട്.
മരിക്കുന്നതിന് നാല് ദിവസം മുമ്പായിരുന്നു താൻ ഭാഗ്യലക്ഷ്മിയെ അവസാനം കണ്ടതെന്ന് നിഷ പറയുന്നു. ഒരു ചാനൽ പരിപാടിയുടെ ഷൂട്ടിന് ജൂഹിയും ഉണ്ടായിരുന്നു. ഭാഗ്യലക്ഷ്മിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്നും വിശേഷങ്ങൾ പറയുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുവെന്നും നിഷ പറയുന്നു. അതേസമയം താൻ ഉറങ്ങിയിട്ട് രണ്ട് ദിവസമായെന്നും ഇന്നലേയും മിനഞ്ഞാനുമൊന്നും തനിക്ക് ഉറങ്ങാനേ പറ്റിയിട്ടില്ലെന്നും കണ്ണടയ്ക്കുമ്പോൾ ആ രംഗങ്ങളാണ് മനസിലെന്നും നിഷ പറയുന്നു.
ഉപ്പും മുളകും ചെയ്തിരുന്ന കാലത്ത്, ഷൂട്ട് നടക്കുമ്പോൾ തന്റെ ബാഗ് സൂക്ഷിച്ചിരുന്നത് ഭാഗ്യലക്ഷ്മിയായിരുന്നു. അവസാനം കണ്ടപ്പോഴും തന്റെ ബാഗ് വാങ്ങി സൂക്ഷിച്ചുവെന്ന് നിഷ ഓർക്കുന്നു. നിഷാമ്മേ എന്ന വിളിയിൽ നിറയെ സ്നേഹമായിരുന്നു. അതൊന്നും തന്റെ മനസിൽ നിന്നും പോകുന്നില്ല. ഇപ്പോൾ പറയുമ്പോഴും തന്റെ ശരീരം വിറയ്ക്കുകയാണെന്നും തനിക്കിനി ആ വിളി കേൾക്കാനാകില്ലല്ലോ എന്നും നിഷ പറയുന്നു.
അവസാനമായി ഭാഗ്യലക്ഷ്മിയെ കാണാനായി ചെന്നപ്പോൾ ജൂഹി തന്നെ നോക്കിയ ഒരു നോട്ടമുണ്ടെന്നും തന്റെ നെഞ്ച് പിടഞ്ഞു പോയെന്നും നിഷ പറയുന്നു. എന്നേക്കാൾ ജൂഹിയ്ക്ക് നിഷാമ്മേനെയാണ് ഇഷ്ടമെന്ന് ഭാഗ്യലക്ഷ്മി എപ്പോഴും പറയുമായിരുന്നുവെന്നും നിഷ വേദനയോടെ ഓർക്കുന്നുണ്ട്. തിരിച്ചുവന്നതിന് ശേഷവും താനതിന്റെ ഞെട്ടലിലായിരുന്നുവെന്ന് നിഷ പറയുന്നു.
അതേ സമയം അമ്മ ഭാഗ്യലക്ഷ്മിയ്‌ക്കൊപ്പമാണ് ജൂഹി സെറ്റിലേക്ക് വന്നിരുന്നത്. മകളുടെ കൂടെ വന്ന് ഒരിക്കൽ പരമ്പരയിൽ ചെറിയൊരു റോള് ചെയ്യാനും ഭാഗ്യലക്ഷ്മിയ്ക്ക് സാധിച്ചിരുന്നു. പരമ്പര ഹിറ്റായി ഓടി കൊണ്ടിരിക്കുമ്പോഴാണ് നടി അതിൽ നിന്നും പിന്മാറുന്നത്.
കഴിഞ്ഞ ഒന്നര വർഷത്തിന് മുകളിലായി അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഈയ്യടുത്ത് താരം വീണ്ടും ടെലിവിഷൻ പരിപാടികളിലൂടെ സജീവമായി മാറിയിരുന്നു. താരത്തിന്റെ ജീവിതത്തിലെ ആ വിഷമഘട്ടത്തിൽ ആരാധകരും ഏറെ സങ്കടത്തിലാണ്.