തന്റെ വിവാഹം കഴിഞ്ഞെങ്കിലും താൻ സിനിമയിൽ അഭിനയിക്കുമെന്ന് നടി മിയ. വിവാഹശേഷം പള്ളിയിൽ നിന്നും അശ്വിന്റെ കൈപ്പിടിച്ച് ഇറങ്ങിയ മിയയോട് വിവാഹത്തോടെ അഭിനയത്തോട് വിട പറയുമോ എന്ന ചോദ്യത്തോടെയാണ് മാധ്യമപ്രവർത്തകർ വരവേറ്റത്.
ഇതിന് മറുപടിയായി സിനിമ വിടുന്നില്ല, ഇനിയും അഭിനയിക്കും എന്ന് മറുപടി നൽകുകയായിരുന്നു മിയ.
ഞാൻ ഇപ്പോൾ പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുകയാണ്. ഇതിൽ ഒരു പങ്കാളിയെ കിട്ടി. ഇനി എനിക്ക് എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ആണ് വേണ്ടതെന്നും മിയ പറയുന്നു.
ശനിയാഴ്ചയായിരുന്നു നടി മിയ ജോർജും അശ്വിൻ ഫിലിപ്പും തമ്മിലുള്ള വിവാഹം എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ച് നടന്നത്. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് ബിസിനസുകാരനായ അശ്വിൻ.
വിവാഹത്തോടെ താനുമൊരു കൊച്ചിക്കാരിയായിരിക്കുകയാണെന്നും മിയ പറയുന്നു. ടെലിവിഷനിലൂടെയാണ് മിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. അൽഫോൺസാമ്മ സീരിയലിൽ പ്രധാന വേഷത്തെ അവതരിപ്പിച്ച മിയ ഡോക്ടർ ലവ്, ഈ അടുത്ത കാലത്ത്, നവാഗതർക്ക് സ്വാഗതം, തിരുവമ്പാടി തമ്പാൻ’ തുടങ്ങിയ സിനിമകളിൽ ചെരിയ വേഷങ്ങൾ ചെയ്തു.
പിന്നീട് ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി. റെഡ് വൈൻ, മെമ്മറീസ്, വിശുദ്ധൻ, മിസ്റ്റർ ഫ്രോഡ്, അനാർക്കലി, പാവാട, ബോബി, പട്ടാഭിരാമൻ, ബ്രദേഴ്‌സ് ഡേ, ഡ്രൈവിങ് ലൈസൻസ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.
തമിഴിൽ അമര കാവ്യം, ഇൻട്രു നേട്ര് നാളൈ, വെട്രിവേൽ, ഒരു നാൾ കൂത്ത്, റം, യെമൻ എന്നീ സിനിമകളിലും തെലുങ്കിൽ ഉംഗരാല രാംബാബു എന്ന സിനിമയിലും മിയ അഭിനയിച്ചു. മലയാളത്തിൽ അൽ മല്ലു എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി മിയ വേഷമിട്ടത്.
കഴിഞ്ഞ മാസമായിരുന്നു മിയയുടെയും അശ്വിന്റെയും മനസമ്മതം നടന്നത് ജൂൺ മാസത്തിലായിരുന്നു വിവാഹ നിശ്ചയം. കോവിഡ് പശ്ചാത്തലത്തിൽ വളരെ ലളിതമായ വിവാഹ ചടങ്ങായിരുന്നു പള്ളിയിൽ നടന്നത്. വളരെ അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത് കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടായിരുന്നു വിവാഹം നടത്തിയത്.
ഇരുവരും പള്ളിയിലേക്ക് മാസ്‌കും വെച്ചാണ് കയറി വന്നത്. ഓഫ് വൈറ്റ് നിറമുള്ള ഗൗൺ ആയിരുന്നു മിയയുടെ വിവാഹ വസ്ത്രം. കൈയിൽ ബോക്കയുമായിട്ടാണ് മിയ എത്തിയത്.വിവാഹവസ്ത്രത്തിനൊപ്പം വളരെ ചുരുക്കം ആക്സസറീസ് മാത്രമേ ഉണ്ടായിരുന്നുള്ളു. കോട്ടും സ്യൂട്ടുമായിരുന്നു അഷ്വിന്റെ വേഷം.വധു വരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന്റെ ചടങ്ങുകളിൽ പങ്കെടുത്തിരുന്നത്.