മലയാളത്തിന്റെ യുവതാരം കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലചന്ദ്രൻ പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ പരസ്യ വാചകം കഴിഞ്ഞ ദിവസങ്ങളിൽ ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. റിലീസ് ദിനത്തിൽ റോഡിലെ കുഴികളുമായി ബന്ധപ്പെട്ട വാചകത്തോടെ പുറത്തിറങ്ങിയ പോസ്റ്ററാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്.
തിയ്യറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും ഇങ്ങ് വന്നേക്കണെ എന്നായിരുന്നു ആ വാചകം. പോസ്റ്റർ പുറത്തു വന്നതിന് പിന്നാലെ ചില ഇടത് അനുഭാവികൾ സോഷ്യൽ മീഡിയയിലൂടെ ഇതിന് എതിരെ രംഗത്ത് വന്നിരുന്നു.
പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും നടൻ കുഞ്ചാക്കോ ബോബനും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ മന്ത്രി മുഹമ്മദ് റിയാസെിനെ പ്രശംസിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് നിർമ്മാതാവ് സന്തോഷ് ടി കുരുവിള.
സ്വന്തം കുടുംബത്തിന് നേരെ പോലും അതിര് കടന്ന, കണക്കില്ലാത്ത ആക്രോശങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന, ഇപ്പോഴും അതനുഭവിച്ചു കൊണ്ടിരിക്കുന്ന കഠിനാധ്വാനിയായ ഒരു ചെറുപ്പക്കാരന്റെ വളരെ പക്വതയുള്ള മറുപടിയാണ് റിയാസിന്റേതെന്ന് നിർമാതാവ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഒരു വരി പോലും എടുത്ത് മാറ്റാനോ വിയോജിക്കാനോ ഇല്ലാത്ത വിധം വളരെ മനോഹരമായ മറുപടിയാണ് ശ്രീ മുഹമ്മദ് റിയാസ് ഇന്ന് നൽകിയത്. അതിങ്ങനെയാണ്..
കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമയുടെ പരസ്യ വാചകത്തെ പറ്റി തല്ല് കൂടേണ്ടതില്ല അതൊരു സിനിമയാണ്. അതിനെ അങ്ങിനെ തന്നെയെടുക്കുക. വ്യക്തികൾക്കോ സംഘടനകൾക്കോ സിനിമ പോലുള്ള കലാ രൂപങ്ങൾക്കോ നമ്മളെ വിമർശിക്കാം നമ്മളെയെന്നല്ല ആരെയും വിമർശിക്കാം.
ക്രിയാത്മകമായ വിമർശനങ്ങളേയും നിർദേശങ്ങളെയും തുറന്ന മനസോടെ സ്വാഗതം ചെയ്യുന്നു.സുതാര്യമായ രീതിയിൽ പ്രശ്‌നങ്ങളെ പരിഹരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. വിമർശനങ്ങളെ വ്യക്തിപരമായി ഞാൻ സ്വാഗതം ചെയ്യുന്നു. കേരളം ഉണ്ടായത് മുതൽ തന്നെ. ഭൂമി ശാസ്ത്ര പരമായ പ്രത്യേകത, വർഷ പകുതിയോളം നീണ്ടു നിൽക്കുന്ന മഴ എന്നിവയൊക്കെ കൊണ്ട് തന്നെ റോഡുകൾ തകരാറിലാകുന്നുണ്ട്.
സംസ്ഥാന പാതകൾ മാത്രമല്ല. ദേശീയ പാതയുടെ അവസ്ഥയും ഇത് തന്നെ. കഴിയാവുന്നത് പോലെ സ്ഥിതി മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ഒരുപാട് മാറ്റവും ഒരു പാട് നല്ല റോഡുകളും നിർമ്മിക്കാനായിട്ടുണ്ട്. പരാതികളും വിമർശനങ്ങളും സ്വീകരിച്ചു കൊണ്ട് തന്നെ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേയ്ക്ക് മുന്നേറാൻ നമുക്ക് കഴിയും.
സ്വന്തം കുടുംബത്തിന് നേരെ പോലും അതിര് കടന്ന, കണക്കില്ലാത്ത ആക്രോശങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന, ഇപ്പോഴും അതനുഭവിച്ചു കൊണ്ടിരിക്കുന്ന കഠിനാധ്വാനിയായ ഒരു ചെറുപ്പക്കാരന്റെ വളരെ പക്വതയുള്ള മറുപടി. ഇത് വളരെ മനോഹരമാണ്.വിമർശനങ്ങളെ കേൾക്കാൻ അസഹിഷ്ണുത ഇല്ലാത്ത സംവിധാനമാകണം കമ്മ്യൂണിസം.
റിയാസ് ആ ആ വാചകത്തെ, ആ പദവിയെ ഇന്നോളം അന്വർത്ഥമാക്കിയ നേതാവാണ്. അദ്ദേഹത്തിന്റെ ഈയൊരൊറ്റ മറുപടി മതി. പരസ്യവും അതിന്മേലുള്ള വാദ പ്രതിവാദങ്ങളുണ്ടാക്കിയ വിദ്വേഷവും മാഞ്ഞു പോകാൻ. ഇരുമ്പ് മറകൾ കൊണ്ടല്ല കൊണ്ടും കൊടുത്തും ചർച്ച ചെയ്തും കേട്ടും, നാടകം,സിനിമ ഉൾപ്പെടെയുള്ള കലാ രൂപങ്ങളെ ഉപയോഗിച്ചുമാണ് നമ്മളീ സംവിധാനം ഇവിടെ വരെയെത്തിച്ചത്.
ശരിയായ അടിസ്ഥാനം നമ്മളിവിടെ കെട്ടി തീർത്തിട്ടുണ്ട് അത് വിമർശനങ്ങളിൽ ഒലിച്ചു പോകുന്നതല്ല.
ഒരായിരം ബിഗ് സല്യൂട്ട് മുഹമ്മദ് റിയാസ് എന്നായിരുന്നു നിർമ്മാതാവിന്റെ കുറിപ്പ്.