മലയാള സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളായ ലാൽജോസ് യുവസൂപ്പർതാരം ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി അനുശ്രീ. ഒരു റിയാലിറ്റി ഷോയിലൂടെ പരിചയത്തിലായ അനുശ്രീയെ ലാൽ ജോസ് സിനിമയിൽ എത്തിക്കുക ആയിരുന്നു. സൂപ്പർഹിറ്റായി മാറിയ ഡയമണ്ട് നെക്ലേസിന് പിന്നാലെ കൈ നിറയെ അവസരങ്ങളായിരുന്നു താരത്തിന് കിട്ടിയത്.
മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചട്ടുള്ള താരത്തിന് ആരാധകരും ഏറെയാണ്. വേഷത്തിന്റെ വലിപ്പ ചെറുപ്പം നോക്കാതെ നായികയന്നൊ സഹനടിയെന്നോ വ്യത്യാസമില്ലാതെ ഏറ്റെടുക്കുന്ന എല്ലാ വേഷങ്ങളും ഭംഗിയാക്കുക എന്നതാണ് അനുശ്രീയുടെ പ്രത്യേകത. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അനുശ്രീ. തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം നടി ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.
ലോക്ക്ഡൗൺ ആയതോടെ സിനിമയിൽ നിന്നും മാറി വീട്ടിൽ തന്നെയാണ് നടി അനുശ്രീ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. സഹോദരന്റെ കുഞ്ഞിനൊപ്പമുള്ള രസകരമായ നിമിഷങ്ങൾ നടി പങ്കുവെക്കാറുണ്ട്. പലപ്പോഴും അനുശ്രീയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറലാവുന്നതും പതിവാണ്. ഇപ്പോഴിതാ താൻ മാറ്റണമെന്ന് ആഗ്രഹിക്കുന്ന സ്വഭാവം എന്താണെന്നുള്ളത് തുറന്ന് പറയുകയാണ് അനുശ്രീ.
കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ. സ്വയം മാറ്റണമെന്ന് കരുതുന്ന സ്വഭാവം ഉണ്ടോ എന്നായിരുന്നു അവതാരക അനുശ്രീയോട് ചോദിച്ചത്. ചിലപ്പോൾ ആളുകൾ എന്തെങ്കിലും ചോദിക്കുമ്പോൾ അവരുടെ ഇമോഷൻ ബുദ്ധിമുട്ടിക്കാതെ കാര്യങ്ങളൊക്കെ നിയന്ത്രിച്ച് സംസാരിക്കേണ്ടതായി വരും. പിന്നീട് അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ കാണുമ്പോൾ ദൈവമേ അന്ന് തന്നെ മര്യാദയ്ക്ക് പറഞ്ഞാൽ മതിയായിരുന്നു എന്ന് തോന്നും.
അന്നങ്ങനെ പറഞ്ഞിരുന്നെങ്കിൽ ഇതുപോലൊരു പ്രശ്നം ഉണ്ടാവില്ലായിരുന്നു. ചില സമയങ്ങളിൽ നമ്മള് ചില ആൾക്കാരോട് പറയുന്ന കാര്യങ്ങൾ സത്യം സത്യമായി പറയണം. അതെന്റെ കൂട്ടുകാരുടെ അടുത്തും ആവാം. അവർ എന്നോട് ഒരു അഭിപ്രായം ചോദിക്കുമ്പോൾ വിഷമം ആവണ്ടല്ലോ എന്ന് കരുതി പറയുന്ന കാര്യങ്ങൾ ചിലപ്പോൾ പ്രശ്നത്തിലേക്കോ അല്ലെങ്കിൽ അവർക്ക് വിഷമിക്കേണ്ടതായിട്ടോ വരും.
അങ്ങനെ വരുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്. ചില സമയത്ത് നമ്മൾ ഇമോഷണൽ സാധനങ്ങൾ കട്ട് ചെയ്യണം. അതിന് വില കൊടുക്കരുത്. നേരിട്ട് തന്നെ കാര്യം പറയണമെന്നൊക്കെ വിചാരിക്കാറുണ്ട്. പക്ഷേ എപ്പോഴും മനസ് കൊണ്ട് ഭയങ്കര അറ്റാച്ച്ഡ് ആയിട്ടുള്ളവരെ ഉപദേശിക്കാൻ പോയി പണി കിട്ടാറുണ്ട്. എങ്ങനെ എങ്കിലും അതൊക്കെ മാറ്റണമെന്ന് വിചാരിക്കാറുണ്ട്.
പിന്നെ ഇടയ്ക്ക് പെട്ടെന്ന് ദേഷ്യപ്പെടും. നീ ഇങ്ങനെ പെട്ടെന്ന് ദേഷ്യപ്പെടല്ലേ, യോഗയും മെഡിറ്റേഷനുമൊക്കെ ചെയ്യൂ എന്നൊക്കെ കസിൻസും എന്റെ ചേട്ടനുമൊക്കെ പറയാറുണ്ട്. ഒരു വർഷമായിട്ട് കൊറോണയുടെ ആഫ്റ്റർ എഫക്ട് ആണെന്നൊക്കെ പറഞ്ഞ് ഞാനിങ്ങനെ പോവുകയാണ്. കുറേ നാൾ നമ്മൾ വീട്ടിലിരുന്നു. ഞാൻ സിനിമയിലെത്തിയിട്ട് എട്ടോ ഒൻപതോ വർഷമായി.
Also Read
ജയറാമിനെ കാണുമ്പോൾ കൃഷ്ണനെ ഓർമ്മ വരുമെന്ന് നടി ഷീല: മറുപടിയുമായി ജയറാം
ഇത്രയും കാലത്തിനിടയ്ക്ക് കഴിഞ്ഞ ഒരു വർഷം വെറുതേ ഇരിക്കുകയായിരുന്നു. ആദ്യത്തെ ഒന്ന് രണ്ട് മാസം വളരെ രസമായി പോയി. വീട്ടിൽ കുറേ പൂച്ചെടികളൊക്കെ നട്ട് വളർത്തി, ക്ലീൻ ചെയ്തു, എല്ലാം കഴിഞ്ഞിട്ടും ദിവസങ്ങളിങ്ങനെ കിടക്കുമ്പോൾ സ്വഭാവികമായിട്ടും നമുക്ക് ദേഷ്യം വരും. അതിന്റെ ഒക്കെ ബുദ്ധിമുട്ട് ആണെന്ന് വിചാരിക്കുന്നു.
ഇപ്പോൾ ഒന്ന് രണ്ട് മാസം കൊണ്ട് പിന്നെയും വലിയ പ്രശ്നങ്ങളൊന്നും ഇല്ല.
ഞങ്ങളിപ്പോൾ കൊച്ചിയിലേക്ക് വന്നു. അവിടെ നോക്കുമ്പോൾ കൊറോണയൊക്കെ വന്ന് പോയോ എന്ന് സംശയം തോന്നും. ഇപ്പോൾ കൊറോണയുടെ ഒന്നും ബുദ്ധിമുട്ട് ഇല്ല. എല്ലാവരും മാസ്‌ക് ഒക്കെ വെച്ച് ശീലമായി. ഓരോന്നിനും ചേരുന്ന മാസ്‌ക് ഒക്കെ വെച്ച് നടക്കുന്നു. ഇനിയിപ്പോ ഇങ്ങനെ അങ്ങ് പോവുമെന്നും അനുശ്രീ പറയുന്നു.
കൊച്ചിയിൽ വന്നിട്ട് രണ്ട് ആഴ്ചയേ ആയിട്ടുള്ളു.
ഇവിടെ ഒരു മീറ്റിങ്ങിനോ വർക്കിന്റെ കാര്യം ഉണ്ടെങ്കിലോ മാത്രമേ വരാറുള്ളു. അല്ലാതെ വന്ന് നിന്നിട്ട് ചെലവ് കൂട്ടുക എന്നല്ലാതെ ഒരു കാര്യവുമില്ല. രണ്ട് ദിവസത്തെ പ്രോഗ്രാമിന്റെ കാര്യങ്ങൾക്ക് വേണ്ടിയാണ് കസിൻ സഹോദരനൊപ്പം കൊച്ചിയിൽ വന്നത്. ഇന്ന് തീർന്ന് കഴിഞ്ഞാൽ സ്വന്തം നാടായ കമുകിൻചേരിയിലേക്ക് പോകും. അല്ലാതെ വെറുതേ എറണാകുളത്ത് പോയി നിൽക്കാമെന്ന ഒരു വിചാരമേ ഇല്ല. അങ്ങനെ വെറുതേ നിൽക്കാൻ അന്നും ഇന്നും എന്നും എന്റെ നാട് മാത്രമേ ഉള്ളു എന്നുമാണ് അനുശ്രീ വ്യക്തമാക്കുന്നത്.