കോവിഡിന് പിന്നാലെ ന്യുമോണിയയും പിടിപെട്ടു, ശബ്ദവും നഷ്ടമായി: മണിയൻപിള്ള രാജുവിന് സംഭവിച്ചത്

70

വർഷങ്ങളായി മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന നടനും നിർമ്മാതാവുമാണ് മണിയൻപിള്ള രാജു. വ്യത്യസ്തമായ വേഷങ്ങളിൽ അഭിനയം കൊണ്ട് നമ്മെ വിസ്മയിപ്പിച്ച താരത്തിന് ആരാദകരും ഏറെയാണ്.

1975ൽ പുറത്തിറങ്ങിയ ശ്രീകുമാരൻ തമ്പിയുടെ മോഹിനിയാട്ടമാണ് ആദ്യ ചലച്ചിത്രം. 1981ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ളയാണ് രാജു നായകനായി അഭിനയിച്ച ആദ്യ ചിത്രം. ഹാസ്യ കഥാപാത്രങ്ങളെ മികവുറ്റതാക്കിക്കൊണ്ടാണ് രാജു മലയാള സിനിമയിൽ ഇടം ഉറപ്പിച്ചത്.

Advertisements

എന്നാൽ അടുത്തിടെയാണ് താരത്തിന് കോവിഡ് ബാധിച്ചത്. ഇപ്പോഴിതാ കോവിഡും തുടർന്നുണ്ടായ പ്രതിസന്ധികളും തരണം ചെയ്ത് എത്തിയിരിക്കുകയാണ് നടൻ മണിയൻ പിള്ള രാജു. രോഗത്തിനെതിരെ ഏറെ കരുതൽ പാലിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. കോവിഡ് വരാതിയിരിക്കാൻ കഴിഞ്ഞ ഒരു വർഷത്തോളം ഏറെ ജാഗ്രത പുലർത്തിയിരുന്നു മണിയൻപിള്ള രാജു.

എന്നാൽ ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് കൊച്ചിയിൽ ഒരു പാട്ടിന്റെ റെക്കോഡിംഗിനെത്തിയിരുന്നു. അന്ന് അവിടെ ഒപ്പമുണ്ടായിരുന്ന കെബി ഗണേശ് കുമാറിന് തൊട്ടടുത്ത ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും രാജുവിനും പനിയും ചുമയും ആരംഭിച്ചു. കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി.

പിന്നീട് 18 ദിവസങ്ങളോളം നീണ്ട ആശുപത്രി വാസമായിരുന്നു. കോവിഡിന് പിന്നാലെ ന്യുമോണിയ കൂടി ബാധിച്ച് ജീവിതത്തിലെ അതീവ പ്രതിസന്ധിഘട്ടത്തിലൂടെയാണ് ഈ ദിനങ്ങളിൽ രാജു കടന്നുപോയത്. രോഗത്തിൻറെ ഒരുഘട്ടത്തിൽ ശബ്ദവും നഷ്ടമായിരുന്നു. ഏകാന്തതയും മാനസിക സമ്മർദ്ദവും നിറഞ്ഞ സമയങ്ങളിൽ കരുത്ത് പകർന്ന് ഡോക്ടർമാർ കൂടെ നിന്നു.

കോവിഡ് സ്ഥിരീകരിച്ച് ആദ്യം ആശുപത്രിയിൽ പ്രവേശിച്ച് ഡിസ്ചാർജ് ആയെങ്കിലും പിന്നീട് ന്യൂമോണിയ ബാധിച്ചതോടെയാണ് മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ ഐസിയുവിലാണ് പ്രവേശിപ്പിച്ചത്. രോഗം മാറുന്നതോടെ ശബ്ദം തിരികെ കിട്ടുമെന്ന് ഡോക്ടർമാർ ആശ്വാസിപ്പിച്ചു.

18 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ ഇക്കഴിഞ്ഞ മാർച്ച് 25നാണ് രാജു രോഗമുക്തനായി വീട്ടിലേക്ക് മടങ്ങിയത്. നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്. ശബ്ദം 70 ശതമാനം വരെ തിരിച്ചുകിട്ടി. ക്ഷീണമുള്ളതിനാൽ നല്ല ഭക്ഷണം കഴിച്ച് വിശ്രമത്തിലാണ്.

ഇതിനിടെ വോട്ട് ചെയ്യാനും താരം എത്തിയിരുന്നു. മാർച്ച് 25നാണ് ഞാൻ കോവിഡ് നെഗറ്റീവായത്. ന്യൂമോണിയയും ബാധിച്ചിരുന്നു. നിലവിൽ വിശ്രമത്തിലാണ് ആരോഗ്യം വീണ്ടെടുത്ത് വരുന്നതേയുള്ളു. വീണ്ടും വോട്ട് ചെയ്യാൻ ഇനിയും അഞ്ച് വർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നതിനാൽ ഈ തെരഞ്ഞെടുപ്പ് നഷ്ടപ്പെടുത്താൻ തോന്നിയില്ല’ എന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയ ശേഷം രാജു പറഞ്ഞത്.

തന്റെ ശാരീരിക ബുദ്ധിമുട്ടുകൾ അദ്ദേഹം ഇതുവരെയും ആരെയും അറിയിച്ചിട്ടില്ല. ക്രമേണ അഭിനയത്തിരക്കിലേക്ക് മടങ്ങിവരാനാണ് തീരുമാനം. ടികെ രാജീവ് കുമാറിന്റെ ‘ബർമുഡ’ എന്ന ചിത്രത്തിലാണ് താരം ഇനി അഭിനയിക്കുക.

Advertisement