മംഗലശ്ശേരി നീലകണ്ഠന് ഏപ്രില്ഡ 14 ചൊവ്വാഴ്ച 27 വയസാവുകയാണ്. അതെ, മലയാള സിനിമയിലെ ഏറ്റവും മികച്ച ഹിറ്റുകളിലൊന്നായ ദേവാസുരം പിറന്നിട്ട് 27വർഷം. അതിന്റെ ആഘോഷത്തിമിർപ്പിലാണ് മാേഹൻലാൽ ആരാധകർ. എത്ര കണ്ടാലും മതിവരാത്ത ദേവാസുരത്തിന്റെ സംവിധായകൻ ഐവി ശശി ഇന്ന് നമ്മോടൊപ്പമില്ല.
പക്ഷേ, ഐവി ശശിയുടെ ഒളിമങ്ങാത്ത ഓർമ്മകൾ ദേവാസുരത്തിനൊപ്പം വിഷുകണി ചിന്തകളാവുകയാണ്. മംഗലശ്ശേരി നീലകണ്ഠനെയും മുണ്ടയ്ക്കൽ ശേഖരനെയും ഭാനുമതിയേയും മലയാളികൾ മറക്കില്ല. വരിക്കാശ്ശേരി മന മംഗലശ്ശേരി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയതും ഈ സിനിമയിലൂടെയാണ്.
നടന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിൽ രഞ്ജിത്തായിരുന്നു തിരക്കഥയൊരുക്കിയത്. മോഹൻലാൽ, നെപ്പോളിയൻ, രേവതി, ഇന്നസെന്റ്, കൊച്ചിൻ ഹനീഫ, വികെ ശ്രീരാമൻ, മണിയൻപിള്ള രാജു, അഗസ്റ്റിൻ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിനായി അണിനിരന്നത്.
ജീവിച്ചിരുന്ന മുല്ലശ്ശേരി രാജഗോപാലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മംഗലശ്ശേരി നീലകണ്ഠനെ രഞ്ജിത്ത് സൃഷ്ടിച്ചത്. ഗിരീഷ് പുത്തഞ്ചേരി, എംജി രാധാകൃഷ്ണൻ കൂട്ടുകെട്ടിലെ മനോഹരഗാനങ്ങളായിരുന്നു ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
മമ്മൂട്ടി നായകനായ വാത്സല്യം റിലീസ് ചെയ്ത് 2 ദിവസം പിന്നിട്ടപ്പോഴായിരുന്നു ദേവാസുരം എത്തിയത്. 1993 ലെ വിഷുവിന് ബോക്സോഫീസിൽ മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങളുടെ പോരാട്ടമായിരുന്നു നടന്നത്. കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത വാത്സല്യം കുടുംബത്തിന്റെ സ്നേഹവും സ്നേഹകണ്ണികളുടെ വിലപേശലുമാണ് അവതരിപ്പിച്ചതെങ്കിൽ ദേവാസുരം നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ ചിത്രമായിരുന്നു.
ചട്ടമ്പിത്തരവും അടിയും ഇടിയുമായെത്തി കലയുടെ ചിലങ്കയഴിച്ചും കെട്ടിയതുമായ ചിത്രം വമ്പൻ ഹിറ്റായി മാറുകയായിരുന്നു. മോഹൻലാൽ എന്ന നടന്റെ അഭിനയത്തിന്റെ അപാരസൗന്ദര്യം തുടികൊട്ടി നിന്ന ചിത്രം. നാളെ വിഷു. 1993 ലെ വിഷുവിന് വല്ലാത്തൊരു പ്രത്യേകതയുണ്ടായിരുന്നു. അത് മലയാളികൾ മറക്കില്ല. മംഗലശേരി നീലകണ്ഠൻ പിറന്നത് അന്നാണ്.