വില്ലനായി എത്തി പിന്നീട് ക്യാരക്ടർ റോളുകളിലൂടെ മലയാളത്തിൽ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ലാലു അലക്സ്. സൂപ്പർതാരങ്ങളുടെയും യുവതാരങ്ങളുടെയുമൊപ്പം എല്ലാം നിരവധി സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. സഹനടനായുളള വേഷങ്ങൾക്ക് പുറമെ വില്ലൻ റോളുകളിലും ലാലു അലക്സ് തിളങ്ങിയിരുന്നു.
ഏതുതരം കഥാപാത്രങ്ങളായാലും തന്റെ അഭിനയ മികവുകൊണ്ട് താരം മികവുറ്റതാക്കാറുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി ഉൾപ്പെടെ മലയാളത്തിലെ മിക്ക താരങ്ങൾക്കൊപ്പവും സിനിമകൾ ചെയ്ത താരമാണ് ലാലു അലക്സ്. അതേസമയം സാമ്പത്തിക പ്രതിസന്ധി മൂലം ഇടയ്ക്കുവെച്ച് നിന്നുപോയ ഒരു ജയറാം ചിത്രത്തെ കുറിച്ച് ലാലു അലക്സ് മനസുതുറന്നിരുന്നു.
അപ്രതീക്ഷിത ബോക്സോഫീസ് പരാജയമാണ് ആ ചിത്രം ഏറ്റുവാങ്ങിയതെന്നും അഭിമുഖത്തിൽ ലാലു അലക്സ് പറയുന്നു. വിനോദ സിനിമ എന്ന നിലയിൽ തിയ്യേറ്ററുകളിൽ വലിയ വിജയം നേടാൻ അർഹതയുളള ഒരു ചിത്രമായിരുന്നു അതെന്നും നടൻ പറഞ്ഞു.
ലാലു അലക്‌സിന്റെ വാക്കുകൾ ഇങ്ങനെ:
ഞാൻ ചെയ്ത വിനോദ സിനിമകളിൽ ഒന്നായിരുന്നു ജയറാം നായകനായ ഞാൻ സൽപ്പേര് രാമൻകുട്ടി. അനിൽ ബാബു സംവിധാനം ചെയ്ത ആ സിനിമയിൽ എനിക്ക് നല്ലൊരു വേഷമായിരുന്നു. സൽപ്പേര് രാമൻകുട്ടി ഇന്നും ടിവിയിൽ കാണിക്കുമ്പോൾ എന്റെ കഥാപാത്രത്തെ പുതിയ കാലഘട്ടത്തിലെ പ്രേക്ഷകരും കൈയ്യടിച്ച് സ്വീകരിക്കുന്നുണ്ട്.
പക്ഷേ ആ ചിത്രം അന്ന് തിയ്യേറ്ററിൽ വേണ്ടത്ര വിജയിച്ചില്ല. നന്നായി ഓടേണ്ട ഒരു കൊമേഴ്ഷ്യൽ സിനിമയായിരുന്നു അത്. വിനോദ സിനിമ എന്ന നിലയിൽ നല്ല ഒരു സബ്ജക്ട് ആയിരുന്നു ആ ചിത്രം പ്രേക്ഷകരുമായി പങ്കുവെച്ചത്. അതിന് ചില സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായപ്പോൾ സിനിമ ഇടയ്ക്ക് വെച്ചുനിന്നുപോയി. പിന്നീട് അതൊക്കെ പരിഹരിച്ചു വളരെ വൈകിയാണ് അത് റിലീസിനെത്തുന്നത്.
അപ്പോഴേക്കും അതിന്റെ ഒരു ലൈവ് ഫീൽ നഷ്ടമായി. സൽപ്പേര് രാമൻകുട്ടിയിലെ സീൻ ചെയ്തു കഴിയുന്ന സന്ദർഭങ്ങളിൽ ജയറാം എന്നോട് പറയുമായിരുന്നു. ചേട്ടന്റെ കഥാപാത്രം അത്രത്തോളം ഹിറ്റ് ആകുമെന്ന്. എന്റെ സിനിമ ജീവിതത്തിൽ തന്നെ മറക്കാൻ കഴിയാത്ത ഒരു സിനിമ തന്നെയായിരുന്നു സൽപ്പേര് രാമൻകുട്ടി.
അഭിമുഖത്തിൽ ലാലു അലക്സ് പറഞ്ഞു. അതേസമയം 2004ലായിരുന്നു ഞാൻ സൽപ്പേര് രാമൻകുട്ടി പുറത്തിറങ്ങിയത്. ഗായത്രി ജയരാമൻ ആണ് ചിത്രത്തിൽ ജയറാമിന്റെ നായികയായി അഭിനയിച്ചത്.അതേ സമയം കഴിഞ്ഞ വർഷമാദ്യം പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് ആയിരുന്നു ലാലു അലക്സിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വരനെ ആവശ്യമുണ്ടിന് പുറമെ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും മൽസരിച്ചഭിനയിച്ച ഡ്രൈവിംഗ് ലൈസൻസിലും പ്രധാന വേഷത്തിൽ ലാലു അലക്സ് അഭിനയിച്ചു.