മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ചിത്രം ആറാട്ട് ഈ മാസം 18ന് റിലീസ് ചെയ്യുക യാണ്. ബിഗ്ബജറ്റിൽ ഒരുങ്ങുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ബി ഉണ്ണികൃഷ്ണൻ ആണ്. ഉദയ കൃഷ്ണയാണ് ആറാട്ടിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
ഇപ്പോഴിതാ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിനോട് അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. കൊവിഡ് പ്രതിസന്ധി മൂലം ഒന്നര വർഷത്തിന് ശേഷമാണ് ആറാട്ട് തിയേറ്ററിൽ എത്തുന്നത്. ഈ കാലയളവിൽ ഒരിക്കൽ പോലും താൻ ഒടിടി സാധ്യതയെക്കുറിച്ച് ചിന്തിച്ചില്ല എന്നാണ് ബി ഉണ്ണികൃഷ്ണൻ പറയുന്നത്.
അതിനാൽ തിയേറ്ററുകളിൽ നിന്ന് നല്ലൊരു തുക അഡ്വാൻസ് നൽകുകയും ദിവസവും നാല് ഷോകൾ വെച്ച് രണ്ടാഴ്ച ഹോൾഡോവർ ആവാതെ പ്രദർശിപ്പിക്കണം എന്നുമാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന. ബി ഉണ്ണികൃഷ്ണന്റെ ആവശ്യങ്ങൾ പരിഗണിക്കുമെന്നും വേണ്ടുന്ന എല്ലാ സഹായവും നൽകുമെന്നും ആറാട്ടിന് തിയേറ്റർ ഉടമകളുടെ എല്ലാവിധ പിന്തുണയും ഉണ്ടായിരിക്കുമെന്നും ഫിയോക്ക് പ്രസിഡന്റ് വിജയകുമാറും പറയുന്നു.
വില്ലൻ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നൽകുന്ന ഒരു ആക്ഷൻ ഡ്രാമയാണ് ആറാട്ട്.
ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ആറാട്ടെന്ന് ബി ഉണ്ണികൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. നെയ്യാറ്റിൻകര ഗോപൻ ചില കാരണങ്ങളാൽ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുകയാണ്. തുടർന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. വിജയ് ഉലകനാഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
എഡിറ്റർ സമീർ മുഹമ്മദാണ്. രാഹുൽ രാജ് സംഗീതം നൽകും. ജോസഫ് നെല്ലിക്കൽ കലാ സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യറാണ്. ശ്രദ്ധ ശ്രീനാഥാണ് ആറാട്ടിൽ മോഹൻലാലിന്റെ നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻ കുട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.