അമ്പതോളം വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന സൂപ്പർ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. സിനിമയിലെത്തിയ കാലം മുതൽ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഏകദേശം 55 ചിത്രങ്ങളിൽ ഇരുവരും ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഊതിക്കാച്ചിയ പൊന്ന് മുതൽ കടൽ കടന്നൊരു മാത്തുകുട്ടി വരെയുള്ള സിനിമകൾ ഇതിന് ഉദാഹരണങ്ങളാണ്.
നായകനും വില്ലനുമായും, നായകനും സഹനായകാനുമായും, നായകനും നായകനുമായും നിരവധി സിനിമകൾ ഇരുവരും അഭിനയിച്ചിട്ടുണ്ട്. കൂടാതെ ചെറുതെങ്കിലും അനിവാര്യമായ ഒത്തിരി കാമിയോ വേഷങ്ങളും ഉൾപ്പെടും. അന്തരിച്ച പ്രമുഖ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് മോഹൻലാൽ മമ്മൂട്ടി സൗഹൃത്തെ കുറിച്ച് ഒരിക്കൽ പറഞ്ഞത് ഇങ്ങനെ ആയിരുന്നു.
നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയിലേക്ക് വേറൊരു നടനെ ആയിരുന്നു മമ്മൂട്ടിയുടെ വേഷത്തിലേക്ക് തീരുമാനിച്ചിരുന്നത്. മോഹൻലാൽ തന്നെയാണ് ആ സിനിമയിൽ മമ്മൂട്ടിയെ സമീപിച്ചാലോ എന്ന ആശയം മുന്നോട്ട് വെച്ചത്. മോഹൻലാൽ ആണ് നായകനെന്നറിഞ്ഞിട്ടും സ്‌ക്രിപ്റ്റ് പോലും നോക്കാതെയാണ് മമ്മൂട്ടി ആ വേഷമേറ്റെടുത്തത് എന്നാണ് ഡെന്നീസ് ജോസഫ് പറഞ്ഞത്.
പടയോട്ടം സിനിമയിൽ അഭിനയിക്കാൻ എത്തുമ്പോഴാണ് മമ്മൂട്ടി മോഹൻലാലിനെ കാണുന്നത്. ആ സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രമായ കമ്മാരന്റെ മകൻ കഥാപാത്രമായിട്ടാണ് മോഹൻലാൽ അഭിനയിച്ചത്. പിന്നീട് അഹിംസ എന്ന ഐവി ശശി സിനിമയിലേക്ക് മമ്മൂട്ടി തന്നെയാണ് മോഹൻലാലിന്റെ പേര് നിർദേശിച്ചത്. വലിയ സിനിമയായതിനാൽ പടയോട്ടത്തിന് മുന്നേ തന്നെ അഹിംസ റിലീസ് ചെയ്തിരുന്നു.
പിന്നീട് മോഹൻലാൽ വില്ലനും മമ്മൂട്ടി നായകനായും ചില ചിത്രങ്ങൾ വന്നു. മമ്മൂട്ടി നായകനും മോഹൻലാൽ സഹനായകൻ ആയും സിനിമകളുണ്ടായി. പിന്നീട് കൂട്ടുകാരായി അഭിനയിച്ച സിനിമകളും വന്നു. ഒപ്പം നിൽക്കുന്ന നായകന്മാരായി സിനിമകളെത്തി. പിന്നീട് ഒരു ഇൻഡസ്ട്രിയുടെ വിജയത്തിന്റെ കൈവഴികൾ ആയി രണ്ട് സൂപ്പർ സ്റ്റാറുകൾ പിറന്നു.
മോഹൻലാലിന്റെ അഭിനയത്തെപ്പറ്റി മമ്മൂട്ടി പറഞ്ഞത് തിക്കുറിശ്ശിക്ക് അടൂർ ഭാസിയിൽ ഉണ്ടായ മകൻ എന്നാണ്.
മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബാറോസിന് തുടക്കം കുറിക്കുന്ന ചടങ്ങിലും മുഖ്യാതിഥിയായി എത്തിയത് നടൻ മമ്മൂട്ടി തന്നെയായിരുന്നു. ഇപ്പോൾ ഇതാ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സ്വഭാവ സവിശേഷതകളെ കുറിച്ചും ഇരുവർക്കും ഒപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞ് എത്തിയിരിക്കുയാണ്
പ്രൊഡക്ഷൻ കൺട്രോളർ മുരളി.
ഏത് വണ്ടിയിലായാലും കയറിപോകാൻ മനസുള്ള വ്യക്തിയാണ് മോഹൻലാൽ സർ. ഒരിക്കൽ വിസ്മയത്തുമ്പത്ത് സിനിമയുടെ ഷൂട്ടിങിനായി തൊടുപുഴയിലേക്ക് പോകാൻ ക്വാളീസാണ് ലാൽ സാറിന് വേണ്ടി ഒരുക്കിയത്. അപ്പോൾ സ്റ്റണ്ട് ചെയ്യുന്ന കുറച്ച് പേർക്ക് പോകാൻ വണ്ടിയില്ലായിരുന്നു. അദ്ദേഹം ഒരു മടിയും കൂടാതെ ക്വാളീസിൽ ആളെ തിക്കി കൊള്ളിച്ച് ലാൽ സാറും ഒപ്പമിരുന്നാണ് പോയത്.
പക്ഷെ മമ്മൂട്ടി അത്തരം വിട്ടുവീഴ്ചയ്ക്ക് തയ്യാറുള്ള വ്യക്തിയല്ല. പരുക്കൻ സ്വഭാവമാണ്. പക്ഷെ അദ്ദേഹത്തിന് ഉള്ളിൽ സ്‌നേഹമുണ്ട്. ലാൽ സാർ ഏത് സാഹചര്യത്തോടും മറിച്ചൊന്നും ചിന്തിക്കാതെ പൊരുത്തപ്പെടുകയും ചെയ്യാറുണ്ടെന്നും മുരളി പറയുന്നു.