മോഹൻലാൽ പ്രിയദർശൻ ടീമിന്റെ ബ്രഹ്‌മാണ്ഡ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയ്യേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചിരുന്നു. നേരത്തെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും തീയ്യറ്റർ ഉടമകളും തമ്മിൽ ഉണ്ടായ പ്രശ്‌നങ്ങൾ മൂലം ചിത്രം ആമസോൺ പ്രൈമിന് വിറ്റിരുന്നു.
ഈ തീരുമാനം മാറ്റിയാണ് ചിത്രം തിയ്യറ്ററുകലിൽ പ്രദർശിപ്പിക്കാൻ ഇപ്പോൾ ധാരണയായിരിക്കുന്നത്. മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ചിത്രം ഒടിടിയിൽ നിന്ന് മാറ്റാനുണ്ടായ സാഹചര്യത്തെപ്പറ്റി തുറന്നു പറയുമകയാണ് മലയാളത്തിലെ പ്രമുഖ നിർമ്മാതാവായ സുരേഷ് കുമാർ.
സംവിധായകൻ പ്രിയദർശൻ സങ്കടത്തോടെയാണ് ഒടിടി റിലീസിന് സമ്മതിച്ചതെന്നും നഷ്ടം വന്നാൽ ഉത്തരം പറയാനാവില്ലെന്ന സ്ഥിതി വന്നപ്പോൾ മാത്രമാണ് പ്രിയൻ അതിന് അനുവദിച്ചതെന്നും സുരേഷ് കുമാർ പറയുന്നു. പടം തിയേറ്ററിൽ കാണണമെന്നത് പ്രിയന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ലാലുമായിട്ട് വരെ കടുത്ത ഭാഷയിൽ പ്രിയന് സംസാരിക്കേണ്ടി വന്നു.
സുഹൃത്തുക്കൾ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും സംസാരം വരെ ഉണ്ടായ ഘട്ടമുണ്ടായിരുന്നു. അതെല്ലാം സിനിമ തിയേറ്ററിൽ കൊണ്ടുവരാൻ വേണ്ടിയിട്ടായിരുന്നു. എന്നാൽ നഷ്ടം വന്നാൽ ആര് സഹിക്കുമെന്ന പ്രശ്‌നം വന്നതോടെ പ്രിയൻ അതിൽ നിന്ന് പിൻമാറി. അങ്ങനെയാണ് ഒടിടി റിലീസിന് തയ്യാറായത്.
അവസാനം ആന്റണി തന്നെ അതിന്റെ റിസ്‌ക്ട് എടുക്കുകയായിരുന്നു. പടം തിയേറ്ററിൽ വന്നാൽ ആന്റണിക്ക് കാശ് കിട്ടുമെന്ന് തന്നെയാണ് നൂറ് ശതമാനവും എന്റെ വിശ്വാസം എന്നും സുരേഷ് കുമാർ പറയുന്നു. തിയേറ്ററുകാരുമായി വീണ്ടും ഒരു വിലപേശലിന് ആന്റണിക്ക് പോകാൻ പറ്റുമായിരുന്നില്ല,
അവർ ഇനി ഒന്നിനും തയ്യാറാകുമായിരുന്നില്ലെന്നും സുരേഷ് കുമാർ പറഞ്ഞു. മരയ്ക്കാറിന്റെ കാര്യത്തിൽ എന്തെങ്കിലും സംഭവിച്ചാൽ തന്നെ അവർക്ക് അത് വരുന്ന സിനിമകൾ വെച്ച് മേക്കപ്പ് ചെയ്യാൻ പറ്റുമെന്നാണ് എന്റെ വിശ്വാസം. അതുമാത്രമല്ല ഇതിൽ എന്തെങ്കിലും നഷ്ടം വന്നാൽ മോഹൻലാൽ അത് ചെയ്തുകൊടുക്കുമെന്നുള്ളത് 100 ശതമാനം ഉറപ്പാണ്. അതിൽ ഒരു പിന്നോട്ടുപോക്കില്ലെന്നും സുരേഷ് കുമാർ പറഞ്ഞു.
തിയേറ്റർ റിലീസിന് ശേഷം പടം ഒടിടിക്ക് കൊടുക്കുമെന്നും എന്നാൽ എത്ര ദിവസം കഴിഞ്ഞിട്ടാണെന്ന കാര്യത്തിൽ ധാരണ ആകുന്നതേയുള്ളൂവെന്നും സുരേഷ് കുമാർ പറഞ്ഞു.