ഈ ചിത്രം തീയറ്ററിൽ തന്നെ ഇറക്കണമെന്ന് ആവിശ്യപ്പെട്ട മമ്മൂക്കയ്ക്ക് ഇരിക്കട്ടെ നിറഞ്ഞ ഒരു കയ്യടി: കുറുപ്പിനെ കുറിച്ച് മമ്മൂട്ടി ആരാധിക സുജ എഴുതുന്നു

452

-കെ സുജ

കുറുപ്പ് റിവ്യൂ
37 വർഷമായി മലയാളികൾക്ക് മുന്നിൽ നിഗൂഢതയുടെ പര്യായമായി നിലകൊള്ളുകയാണ് സുകുമാരക്കുറുപ്പ്. ജീവിച്ചിരിക്കുന്നുണ്ടോ അതോ മ രി ച്ചോ എന്നു പോലും തീർച്ചയില്ലാത്ത കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളി ബാക്കിവയ്ക്കുന്ന സംശയങ്ങൾ ഏറെയാണ്. ആ സംശയങ്ങളുടെയും നിഗൂഢതകളുടെയും വഴിയെ ദുൽഖർ ചിത്രം ‘കുറുപ്പ്’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

Advertisements

ഒരു റിയലിസ്റ്റിക് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ എന്ന രീതിയിലാണ് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരുപാട് കഥകളും ഉപകഥകളും സംശയങ്ങളുമൊക്കെ അവശേഷിക്കുന്ന വിശാലമായ പ്ലോട്ടാണ് സുകുമാരക്കുറുപ്പ് എന്ന പിടിക്കിട്ടാപ്പുള്ളിയെ ചുറ്റിപ്പറ്റിയുള്ളത്. ആ കഥകൾക്കും കേരള പൊലീസ് കണ്ടെത്തിയ തെളിവുകൾക്കും അകത്തു നിന്ന് തന്നെയാണ് ‘കുറുപ്പി’ന്റെയും യാത്ര.

എല്ലാവർക്കും പരിചിതമായ ഒരു കഥ സിനിമയാക്കുമ്പോൾ പ്രേക്ഷകരെ പിടിച്ചിരുത്തുക എന്നതാണ് അണിയറ പ്രവർത്തകർക്കു മുന്നിലെ പ്രധാന വെല്ലുവിളി. കഥ പറയുന്ന രീതി കൊണ്ടാണ് സംവിധായകൻ ഇവിടെ ആ വെല്ലുവിളിയെ മറികടന്നിരിക്കുന്നത്. പക്ക ഡോക്യുമെന്ററിയായി പോകാതെ ചിത്രത്തിനൊരു സിനിമാറ്റിക് അനുഭവം സമ്മാനിക്കാൻ ഈ കഥ പറച്ചിൽ രീതിയ്ക്ക് കഴിയുന്നുണ്ട്.

സർവീസിന്റെ നല്ലൊരു പങ്കും കുറുപ്പ് കേസിനു പിന്നാലെ ഓടിയ കൃഷ്ണദാസ് എന്ന പൊലീസ് ഓഫീസറുടെ വിരമിക്കൽ പാർട്ടിയിൽ നിന്നുമാണ് ‘കുറുപ്പി’ന്റെ കഥ സംവിധായകൻ പറഞ്ഞു തുടങ്ങുന്നത്. ഫ്‌ളാഷ്ബാക്കുകളിലൂടെയും ഡയറിക്കുറിപ്പുകളിലൂടെയും പല കാലങ്ങളിലായി, പല കഥാപാത്രങ്ങളുടെ വീക്ഷണ കോണുകളിൽ നിന്നുമൊക്കെ കുറുപ്പിനെ അനാവരണം ചെയ്‌തെടുക്കുകയാണ്.

Also Read
മരയ്ക്കാറിന്റെ പേരിൽ പ്രിയദർശന് കടുത്ത ഭാഷയിൽ മോഹൻലാലുമായിട്ട് സംസാരിക്കേണ്ടി വന്നു, അങ്ങോട്ടും ഇങ്ങോട്ടും സംസാരം ഉണ്ടായി; വെളിപ്പെടുത്തൽ

ഓരോരുത്തർക്കും ആരായിരുന്നു കുറുപ്പ് എന്ന് പറഞ്ഞു വയ്ക്കുമ്പോൾ ‘എന്തായിരുന്നു കുറുപ്പ്? അയാൾക്കുള്ളിലെ ക്രിമിനൽ വളർന്നതെങ്ങനെ?’ എന്നതിനുള്ള ഉത്തരം പ്രേക്ഷകനും ലഭിക്കും. കഥ പറച്ചിലിൽ ഇടയ്ക്ക് അൽപ്പം ഇഴച്ചിൽ അനുഭവപ്പെടുമെങ്കിലും പ്രേക്ഷകരെ ബോറടിപ്പിക്കാത്ത രീതിയിലാണ് ചിത്രം മുന്നോട്ട് സഞ്ചരിക്കുന്നത്. ചരിത്രത്തോട് നീതി പുലർത്തുന്നതിൽ കുറുപ്പിന്റെ സംവിധായകൻ വിജയിച്ചിട്ടുണ്ട്.

ഒപ്പം അന്വേഷണവേളയിൽ കേരള പൊലീസും മറ്റും കണ്ടെത്തിയ ചില സാധ്യതകളിലേക്ക് കൂടി സംവിധായകനും കൂട്ടരും പ്രേക്ഷകരെ കൊണ്ടുപോവുന്നുണ്ട്. സാഹസികതയോട് താൽപ്പര്യമുള്ള, ഉള്ളിന്റെയുള്ളിൽ ജന്മനാ തന്നെ സഹജമായ ക്രിമിനൽ വാസനയുള്ള കുറുപ്പിനെ കയ്യടക്കത്തോടെ തന്നെ ദുൽഖർ അവതരിപ്പിച്ചിട്ടുണ്ട്.

കൃഷ്ണദാസ് എന്ന അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന ഇന്ദ്രജിത്തും പിള്ളയായെത്തുന്ന ഷൈൻ ടോം ചാക്കോയുമാണ് പ്രകടനം കൊണ്ട് ശ്രദ്ധ കവരുന്ന മറ്റു രണ്ടു പേർ. ‘മൂത്തോൻ’ എന്ന ചിത്രത്തിലെ നായികയായ ശോഭിത ധുലി പാലയാണ് ചിത്രത്തിൽ കുറുപ്പിന്റെ ഭാര്യയായി എത്തുന്നത്. കഥാപാത്രത്തോട് നീതി പുലർത്തുന്ന പ്രകടനമാണ് ശോഭിത കാഴ്ചവയ്ക്കുന്നത്. വിജയരാഘവൻ, സണ്ണി വെയ്ൻ, സുരഭി ലക്ഷ്മി, ബാലചന്ദ്രൻ, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

സുഷീൻ ശ്യാമിന്റെ പശ്ചാത്തലസംഗീതം, നിമിഷ് രവിയുടെ സിനിമോറ്റോഗ്രാഫി, ബംഗ്ലാന്റെ കലാസംവിധാനവുമൊക്കെ ചിത്രത്തിനെ മികച്ചൊരു ദൃശ്യാനുഭവമാക്കി മാറ്റുന്നുണ്ട്. പൊയ്‌പ്പോയ ഒരു കാലഘട്ടത്തെ അതിന്റെ മിഴിവോടെയും തനിമയോടെയും പുനരാവിഷ്‌കരിക്കാൻ ബംഗ്ലാന് സാധിച്ചിരിക്കുന്നു. നിമിഷ് രവിയുടെ ക്യാമറ പകർത്തിയ കാഴ്ചകൾ നൊസ്റ്റാൾജിയ ഉണർത്തും.

തന്റെ പേരിലുള്ള ഇൻഷുറൻസ് പണം തട്ടാൻവേണ്ടി മാത്രമാണോ അത്തരമൊരു ക്രൈം കുറുപ്പ് ആസൂത്രണം ചെയ്തത്? സുകുമാരക്കുറുപ്പ് കേസിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുമ്പോൾ ആർക്കും തോന്നിയേക്കാവുന്ന സംശയമാണത്. ആ വലിയ സംശയത്തിനു കൂടി ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട് ചിത്രം.

Also Read
അന്ന് ആദ്യം ദിലീപേട്ടനെ കണ്ടപ്പോൾ എനിക്ക് മനസ്സിലായില്ല, ഞാൻ ശരിക്കും ഞെട്ടിപ്പോയി: വെളിപ്പെടുത്തലുമായി മന്യ

കോംപ്രമൈസ് ഇല്ലാത്ത നിർമ്മാണമികവ്, ടെക്‌നിക്കൽ കാര്യങ്ങളിലെ പെർഫെക്ഷൻ, സിനിമോട്ടോഗ്രാഫിയുടെയും പശ്ചാത്തല സംഗീതത്തിന്റെയും മികവ്, അഭിനേതാക്കളുടെ മികവാർന്ന പ്രകടനം ഇവയെല്ലാം കൊണ്ടു തന്നെ നല്ലൊരു തിയേറ്റർ എക്‌സ്പീരിയൻസ് സമ്മാനിക്കാൻ കുറുപ്പിനാവുന്നുണ്ട്. ഈ ചിത്രം തീയറ്ററിൽ തന്നെ ഇറക്കണമെന്ന് ദുൽഖറിനോടും അണിയറ പ്രവർത്തകരോടും ആവിശ്യപ്പെട്ട മമ്മൂക്കയ്ക്ക് ഇരിക്കട്ടെ നിറഞ്ഞ ഒരു കയ്യടി.

Advertisement