മലയാളം സിനിമാ സീരിയൽ ആരാധകർക്ക് എല്ലാം ഏറെ പ്രിയപ്പെട്ട നടനും ബിജെപി നേതാവുമാണ് കൃഷ്ണകുമാർ. വില്ലനായും നായകനായും സഹതാരമായുമെല്ലാം നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ കൃഷ്ണ കുമാർ അടുത്തിടെ ഇലക്ഷനിലും മൽസരിച്ചിരുന്നു.
കൃഷ്ണകുമാറിനെ പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതമാണ്. കൃഷ്ണ കുമാറിന്റെ നാല് പെൺമക്കളിൽ മൂന്ന് പേരും സിനിമയിൽ അരങ്ങേറി കഴിഞ്ഞു. മൂത്ത മകൾ അഹാനയാണ് ആദ്യം സിനിമയിലേക്ക് എത്തിയത്.
ഞാൻ സ്റ്റീവ് ലോപ്സ് എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ സഹോദരൻ ഫർഹാൻ ഫാസിലിന്റെ നായിക ആയിട്ടായിരുന്നു അഹാനയുടെ അരങ്ങേറ്റം. സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അഹാനയെന്ന നടി ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജീവ് രവിയായിരുന്നു സിനിമ സംവിധാനം ചെയ്തത്.
ഇരുപത് വയസ് പ്രായമുള്ളപ്പോഴായിരുന്നു താരത്തിന്റെ ആദ്യ സിനിമ റിലീസ് ചെയ്തത്. ഏഴ് വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമായ അഹാനയുടെ അഞ്ച് സിനിമകൾ ഇതുവരെ റിലീസ് ചെയ്തു. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അഹാന.
തന്റെ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കുന്ന അഹാനയ്ക്ക് സ്വന്തമായി യൂടൂബ് ചാനലും ഉണ്ട്. ഇപ്പോഴിതാ തനിക്ക് നേരെ ഉയർന്ന സൈബർ അറ്റാക്കുകളെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ.
തനിക്ക് നേരെയാണ് സൈബർ അറ്റാക്ക് ഉണ്ടാകുന്നതെങ്കിലും പലപ്പോഴും തന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളെ ഇത് കാര്യമായി ബാധിക്കാറുണ്ടെന്നും നടി പറയുന്നു. സൈബർ അറ്റാക്കുകൾ അധികമായ സമയത്ത് അതോർത്ത് താൻ വിഷമിച്ചപ്പോൾ നടൻ പൃഥ്വിരാജിനെ കണ്ടു പഠിക്കൂ എന്നായിരുന്നു സുഹൃത്തുക്കൾ പറഞ്ഞിരുന്നതെന്നും നടി വ്യക്തമാക്കി.
പ്രശസ്തരായവരെല്ലാം നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഈ സൈബർ അറ്റാക്ക്. പൃഥ്വിരാജ് ഒരുകാലത്ത് വലിയ സൈബർ അറ്റാക്കുകൾ നേരിട്ട വ്യക്തിയായിരുന്നു. അദ്ദേഹം നേരിടുന്ന രീതി കണ്ടു പഠിക്കാനായിരുന്നു കൂട്ടുകാർ നിർദേശിച്ചിരുന്നത്. ഇപ്പോൾ സൈബർ ബുള്ളിയിംഗിനെ മറികടക്കാൻ ഞാൻ പഠിച്ചു എന്ന് അഹാന പറയുന്നു.
അമ്മയൊന്നും ഒരാഴ്ച നേരെ ഉറങ്ങിയിട്ടില്ല. സോഷ്യൽ മീഡിയയിലൂടെ ഒരാൾക്കെതിരെ എന്തെങ്കിലും നടക്കുക ആണെങ്കിൽ അത് നെഗറ്റീവാണെങ്കിൽ അതുമായി ബന്ധമില്ലാത്തവർ വരെ പോസ്റ്റുകളുമായി എത്തുമായിരുന്നു. ഞങ്ങൾക്കെതിരെ പറയാനായി പലരും യൂട്യൂബ് ചാനൽ തുടങ്ങി. അവർക്ക് വ്യൂസ് കിട്ടുന്നുണ്ടായിരുന്നു.
അവർക്ക് എന്നോട് വ്യക്തിപരമായി പ്രശ്നമില്ലെന്ന് എനിക്കറിയാം. നമുക്ക് എന്തെങ്കിലും പറ്റുമ്പോൾ കൂടുതൽ അത് ബാധിക്കുക പ്രിയപ്പെട്ടവരെയാണ്. നമ്മളെ സ്നേഹിക്കുന്നവർക്ക് അത് സഹിക്കാനാവില്ല. ആ സമയത്ത് അച്ഛനും അമ്മയും കൂട്ടുകാരുമൊന്നും കൃത്യമായി ഉറങ്ങാറുണ്ടായിരുന്നില്ല. അത് എന്നെ വല്ലാതെ വിഷമിപ്പിച്ച കാര്യമായിരുന്നു എന്നും അഹാന വ്യക്തമാക്കുന്നു.