പ്രമുഖ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ അഭിനയ രംഗത്തേക്ക്. ഒരു വെബ് സീരീസിൽ ആണ് സാനിയ മിർസ അഭിനയിക്കുന്നത്. ക്ഷയരോഗത്തിനെപ്പറ്റിയുള്ള ബോധവത്കരണത്തിനായുള്ള എംടിവി നിഷേധ് എലോൺ ടുഗദർ എന്ന വെബ് സീരീസിലാണ് സാനിയ വേഷമിടാനൊരുങ്ങുന്നത്.
സ്വന്തം പേരിൽ തന്നെയാകും സാനിയ വെബ് സീരീസിൽ വേഷമിടുക. രാജ്യം നേരിടുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് ക്ഷയരോഗം. രോഗബാധിതരിൽ പകുതി പേരും 30ൽ താഴെ പ്രായം വരുന്നവരാണ്. ക്ഷയരോഗത്തെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റുകയും, ആളുകളുടെ കാഴ്ചപ്പാടിൽ മാറ്റം വരുത്തുകയുമാണ് ഈ സെബ് സീരീസിന്റെ ലക്ഷ്യം.
ആളുകളെ ബോധവത്കരിക്കാൻ ഈ സീരീസിനു കഴിയുമെന്ന് വാർത്താകുറിപ്പിലൂടെ സാനിയ അറിയിച്ചു.
രണ്ട് ദമ്പതികൾ നേരിടുന്ന വെല്ലുവിളികളാണ് സീരീസിന്റെ പ്രമേയം. ലോക്ക്ഡൗൺ സമയത്ത് ഇവർ നേരിട്ട പ്രയാസങ്ങളെ കുറിച്ച് സാനിയ ഇവരുമായി ചർച്ച ചെയ്യും.
സയ്ദ് റാസ അഹ്മദ്, പ്രിയ ചൗഹാൻ, അക്ഷയ് നൽവാദെ, അശ്വിൻ മുഷ്റാൻ എന്നിവരാണ് സീരീസിലെ മറ്റ് കഥാപാത്രങ്ങൾ. അഞ്ച് എപ്പിസോഡുകളുള്ള സീരീസ് നവംബർ അവസാബ ആഴ്ച എംടിവിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ റിലീസ് ചെയ്യും. എംടിവി നിഷേധ് എന്ന ടിവി ഷോയുടെ സ്പിൻ ഓഫാണ് ഈ വെബ് സീരീസ്.
ഒടിടി പ്ലാറ്റ്ഫോമായ വൂടിലൂടെ ഈ ജനുവരിയിൽ റിലീസായ ഇത് ക്ഷയരോഗത്തിനെപ്പറ്റിയുള്ള ബോധവത്കരണമാണ് നൽകിയത്. 12 എപ്പിസോഡുകളാണ് സീരീസിൽ ഉണ്ടായിരുന്നത്. ലോക്ഡൗൺ കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്ന ആളുകൾക്ക് വേണ്ടി സാനിയ നടത്തിയ പരിശ്രമങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇന്ത്യയിൽ ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കാൻ സാനിയയുടെ നേതൃത്വത്തിൽ നടത്തിയ ഫണ്ട് സമാഹരണത്തിൽ 3.5 കോടി രൂപയോളം ശേഖരിച്ചിരുന്നു. ഇതൊന്നും എല്ലാവരുടെയും കണ്ണീരൊപ്പാൻ തികയില്ലെന്നും നമ്മളെല്ലാം സുരക്ഷിതരായിരിക്കുമ്പോൾ ഒരു വിഭാഗം ആളുകൾ ബുദ്ധിമുട്ടുന്നത് കുറ്റബോധം സൃഷ്ടിക്കുന്നുണ്ടെന്നും സാനിയ പ്രതികരിച്ചിരുന്നു.