നിരവധി സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയായി മാറിയ താരമായിരുന്നു മീരാ ജാസ്മിൻ. ലോഹിതദാസ് ദിലീപ് ചിത്രം സൂത്രധാരനിലൂടെ സിനിമയിലെത്തിയ മീരാ ജാസ്മിൻ ആ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയനടിയായി മാറിയിരുന്നു.
പിന്നീട് മലയാളത്തിന് പുറമേ തെന്നിന്ത്യൻ ഭാഷകളിലെല്ലാം നിരവധി സൂപ്പർഹിറ്റ് സിനികളിൽ അഭിനയിച്ച മീരാ ജാസ്മിൻ വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും പൊതു വേദികളിൽ നിന്നും മാറിനിൽക്കുക ആയിരുന്നു. എന്നാലിപ്പോൾ താരം പൊതു വേദികളിൽ വീണ്ടും സജീവ സാന്നിധ്യമാകുകയാണ്.
കഴിഞ്ഞ ദിവസം യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങാനെത്തിയ മീര ജാസ്മിന്റെ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനു പിന്നാലെ ഭ്രമം സിനിമ കാണാൻ മീര ജാസ്മിൻ തീയ്യറ്ററിൽ എത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ എന്നിവർ അഭിനയിച്ച സിനിമയാണ് ഭ്രമം. ദുബായിൽ ചിത്രം തിയേറ്റർ റിലീസ് ചെയ്തിരുന്നു. ഇവിടെ നടന്ന സ്‌ക്രീനിങ്ങിനാണ് മീര എത്തിയത്. കറുത്ത സൽവാറിൽ അതിസുന്ദരിയായിരുന്നു മീര. ഉണ്ണി മുകുന്ദനൊപ്പവും മറ്റു ടീം അംഗങ്ങൾക്കുമൊപ്പവും ഫൊട്ടോയ്ക്ക് പോസ് ചെയ്തശേഷമാണ് മീര മടങ്ങിയത്.
അതേ സമയം നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്കു തിരിച്ചെത്തുകയാണ് മീരാ ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് മീരാ ജാസ്മിൻ മലയാളത്തിൽ തിരിച്ചെത്തുന്നത്.
ഇനി സജീവമായി സിനിമയിൽ തുടരാനാണ് തീരുമാനമെന്നും സത്യൻ അന്തിക്കാടുമായി വീണ്ടും ഒന്നിച്ച് പ്രവർത്തിക്കുന്നത് അനുഗ്രഹമായി കാണുന്നുവെന്നും രണ്ടാം വരവിൽ ഈ സിനിമ നല്ല തുടക്കമാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും മീര ജാസ്മിൻ പറഞ്ഞിരുന്നു.
പ്രേക്ഷകർ എന്റെ തിരിച്ചുവരവിൽ ആവേശഭരിതരാണെന്നു കേൾക്കുന്നതു തന്നെ വലിയ സന്തോഷം. അതാണ് എന്നെ മുന്നോട്ടുകൊണ്ടുപോകുന്നത്. കുറച്ചു നാളുകൾ സിനിമയിൽനിന്നു മാറിനിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇൻഡസ്ട്രിയിൽ ഉണ്ടാകും. സത്യൻ അങ്കിളിന്റെ കൂടെ വീണ്ടും പ്രവർത്തിക്കാനാകുന്നതിലും സന്തോഷമുണ്ട്.
ഞങ്ങളൊന്നിച്ചുള്ള അഞ്ചാമത്തെ ചിത്രമാണിത്. ഇന്ന് സിനിമയ്ക്കായി ഒരുപാട് പ്ലാറ്റ്‌ഫോമുകൾ ഉണ്ട്. ബോളിവുഡ് പോലും മലയാള സിനിമയെ നോക്കി പഠിക്കുന്നു. ഇന്റലിജന്റ് ആയ പ്രേക്ഷകരാണ് മലയാളത്തിലുള്ളത്. അതുകൊണ്ട് അവർക്കാണ് നന്ദി പറയേണ്ടത്. അച്ചുവിന്റെ അമ്മ, രസതന്ത്രം എന്നീ സിനിമകളുമായി പുതിയ പ്രോജക്ടിനെ താരതമ്യപ്പെടുത്തരുത്.
ഇതും ഒരു സത്യൻ അന്തിക്കാട് സിനിമ തന്നെയാണ്. നല്ല കഥാപാത്രമാണ് എനിക്ക് കിട്ടിയിരിക്കുന്നതും. രണ്ടാം വരവിൽ ഇതൊരു നല്ല തുടക്കമാകട്ടെ എന്നു ഞാൻ വിചാരിക്കുന്നു. ഇനി നല്ല കഥാപാത്രങ്ങളും സിനിമകളും തേടിയെത്തട്ടെയെന്നും മീര ജാസ്മിൻ പറഞ്ഞു.
2016 ൽ പുറത്തിറങ്ങിയ പത്ത് കൽപനകളിലാണ് മുഴുനീള വേഷത്തിൽ നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. 2018 ൽ റിലീസ് ചെയ്ത പൂമരം സിനിമയിൽ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു. ജയറാമിന്റെ കാളിദാസ് ജയറാം ആയിരുന്നു ഈ ചിത്രത്തിൽ നായകൻ ആയി എത്തിയത്.