മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ സിനിമാഭിനയ ജീവിതം തുടങ്ങിയിട്ട് 50 സംവൽസരങ്ങൾ പിന്നിട്ടിരിക്കുകയാണ്.
മമ്മൂട്ടി ആദ്യം സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രം റിലീസ് ചെയ്യപ്പെട്ടത് 1971 ഓഗസ്റ്റ് ആറിന് ആയിരുന്നു. നിരവധി ആരാധകരും സിനിമാ പ്രവർത്തകരുമാണ് സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രിയതാരത്തിന് ആശംസകൾ നേർന്ന് എത്തിയത്.
സഹതാരങ്ങളും സംവിധായകരുമ നിർമ്മാതാക്കളും മറ്റ് സിനിമാ അണിയറ പ്രവർത്തകരും മമ്മൂട്ടിയും ഒത്തുള്ള തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കിയ മമ്മൂട്ടിക്ക് ആദരവുമായി ബിജെപി കേരളാ ഘടകം എത്തിയിരിക്കുകയാണ്.
പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സംഘവും മമ്മൂട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തെ പൊന്നാട ചാർത്തി ആദരിച്ചു. ഒപ്പം ഓണക്കോടിയും സമ്മാനിച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കെ സുരേന്ദ്രനും ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കളും മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിൽ എത്തിയത്.
മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രമായ മാമാങ്കത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പള്ളിയും അവിടെ ഉണ്ടായിരുന്നു. ഒരു മണിക്കൂറോളം ചെലവഴിച്ചതിനു ശേഷമാണ് സുരേന്ദ്രനും മറ്റു ബിജെപി നേതാക്കളും മടങ്ങിയത്. അതേ സമയം സിനിമയിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയ മമ്മൂട്ടിയെ ആദരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു.
സിനിമാ, സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ജനങ്ങളുടെ പണം മുടക്കിയുള്ള വലിയ ആദരവ് തനിക്കു വേണ്ടെന്നും നിങ്ങൾ തീരുമാനിച്ച സ്ഥിതിക്ക് വളരെ ലളിതമായ രീതിയിൽ സ്വീകരിക്കാം എന്നുമായിരുന്നു മമ്മൂട്ടി ഇതിനോട് പ്രതികരിച്ചത്.
ഈ മാസം ആറിനാണ് മമ്മൂട്ടി സിനിമയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കിയത്. എന്നാൽ കരിയറിലെ മറ്റു പല നാഴികക്കല്ലുകളും ആഘോഷിക്കാതിരുന്നതു പോലെ ഈ ദിവസവും സാധാരണ പോലെയാണ് മമ്മൂട്ടിയുടെ ജീവിതത്തിലൂടെ കടന്നുപോയത്. എന്നാൽ ആശംസകൾക്ക് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം നന്ദി അറിയിച്ചിരുന്നു.
ഓരോരുത്തരിൽ നിന്നുമുള്ള ഈ സ്‌നേഹം എന്നെ കീഴടക്കിയിരിക്കുന്നു. എന്റെ സഹ പ്രവർത്തകരും എല്ലായിടത്ത് നിന്നുമുള്ള ആരാധകരും നിങ്ങൾ ഓരോരുത്തരോടും നന്ദി എന്നായിരുന്നു മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
സിനിമയിൽ അൻപതാണ്ട് പിന്നിടുന്ന വേളയിലും തന്റെ പുതിയ സിനിമകളുടെ ചർച്ചകളിലും ആലോചനകളിലുമാണ് മമ്മൂട്ടി ഇപ്പോൾ. ബിഗ് ബിക്കു ശേഷം അമൽ നീരദിനൊപ്പം ഒന്നിക്കുന്ന ഭീഷ്മ പർവ്വം, നവാഗതയായ റതീന ഷർഷാദ് ഒരുക്കുന്ന പുഴു എന്നിവയാണ് അദ്ദേഹത്തിന് പൂർത്തിയാക്കാനുള്ള പ്രോജക്റ്റുകൾ.
അഖിൽ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രം ഏജന്റിൽ മമ്മൂട്ടി വില്ലനാകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. അമൽ നീരദിന് ഒപ്പം തന്നെ ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാൽ, സബിഐ സീരിസിന്റെ അഞ്ചാം ഭാഗം തുടങ്ങിയ ചിത്രങ്ങളും മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.