ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് പാടാത്ത പൈങ്കിളി എന്ന സീരിയൽ. കൺമണി എന്ന പെൺകുട്ടിയുടെ കഥ പറയുന്ന പരമ്പരയ്ക്ക് ആരാധകരും ഏറെയാണ്. പരമ്പരയിലെ ദേവ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് സൂരജ് സൺ എന്ന നടനായിരുന്നു.
എന്നാൽ പാടാത്ത പൈങ്കിളിയിൽ നിന്നും സൂരജ് അപ്രത്യക്ഷനായതിന്റെ സങ്കടത്തിലാണ് ആരാധകർ ഇപ്പോൾ. കൺമണിക്കൊപ്പം ദേവയായി സൂരജിനെ കാണാനാണ് തങ്ങൾക്ക് ഇഷ്ടമെന്ന് അവർ പലയാവർത്തി പറഞ്ഞ് കഴിഞ്ഞു. സൂരജിന്റെ കരിയർ തന്നെ മാറ്റിമറിച്ച് കഥാപാത്രം കൂടിയാണ് ദേവ.
കൂടെ അഭിനയിക്കുന്നവരും അണിയറപ്രവർത്തകരും പ്രേക്ഷകരുമെല്ലാം മികച്ച പിന്തുണയാണ് തരുന്നതെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. പാടാത്ത പൈങ്കിളിയുമായി ബന്ധപ്പെട്ട കാര്യത്തിൽ സൂരജിന്റെ പ്രതികരണം പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് എല്ലാവരും.
കൺമണിയുടെ ദേവയെ പാടാത്ത പൈങ്കിളിയിൽ നിന്നും പുറത്താക്കിയതാണോയെന്നായിരുന്നു ആരാധകർ ചോദിച്ചത്. എല്ലാവരും ഇതേ ചോദ്യം ആവർത്തിക്കുമ്പോഴും സൂരജ് കൃത്യമായ മറുപടി നൽകിയിരുന്നില്ല.
ഇപ്പോഴിതാ തന്റെ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. പാടാത്ത പൈങ്കിളിയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാർത്ത നിങ്ങൾക്ക് കിട്ടിക്കാണും. സംഭവിച്ചതെന്താണെന്ന് പറയുന്നതിന് എനിക്ക് ചില പരിമിതികളുണ്ട്. സംഭവിച്ചത് എന്താണെന്ന് വ്യക്തമായി ഞാൻ നിങ്ങളെ അറിയിക്കാം. ഇപ്പോൾ അതിന് കഴിയില്ല.
അതാണ് ഞാൻ കുറച്ച് സമയം വേണമെന്ന് പറഞ്ഞത്. എല്ലാവരും കരുതുന്നത് പോലെ സ്നേഹം മാത്രമല്ല എനിക്ക് ലഭിക്കുന്നത് വിമർശനങ്ങളുമുണ്ടെന്ന് താരം പറയുന്നു. സീരിയലിൽ നിന്നും പോയി എന്നറിഞ്ഞല്ലേ, പഴയ പണി മറന്നിട്ടില്ലല്ലോ, നീ രക്ഷപ്പെട്ട് പോയിക്കോളുമെന്നായിരുന്നു ഒരാളുടെ കമന്റ്. ഏത് പണിയാണ് ഉദ്ദേശിച്ചത് എന്നറിയില്ല.
ഞാനൊരു ഫോട്ടോഗ്രാഫറായിരുന്നു, 10 വർഷത്തോളം ഉപയോഗിച്ച ക്യാമറയും അന്നത്തെ തഴമ്പൊക്കെ ഇപ്പോഴുമുണ്ട്. പിന്നെ ഡ്രൈവറായി പോയിട്ടുണ്ട്. ഷോപ്പും നടത്തിയിട്ടുണ്ട്. സ്റ്റുഡിയോയും ഗിഫ്റ്റൊക്കെയുള്ള ഒരു ഷോപ്പും നടത്തിയിട്ടുണ്ട്. ഇതൊന്നും ഞാൻ മറന്നിട്ടില്ലെന്ന് സൂരജ് പറയുന്നു. ആരോഗ്യ കാര്യത്തിൽ ഇപ്പോൾ ചില ബുദ്ധിമുട്ടുകളൊക്കെയുണ്ട്. യൂട്യൂബ് വീഡിയോയോ അങ്ങനെ എന്തെങ്കിലും ചെയ്ത് ഞാൻ വരുമാനമുണ്ടാക്കും.
ഒരുപാട് ഇഷ്ടപ്പെട്ട മേഖലയാണ് ആക്റ്റിങ്ങ്. എവിടെ എത്തണമെന്ന് ഞാൻ ആഗ്രഹിച്ചോ അവിടെ ഞാൻ എത്തിയിരിക്കും. സാഹചര്യം ചിലപ്പോൾ നമുക്ക് അനുകൂലമായിരിക്കില്ല. എന്നാലും ഞാൻ തിരിച്ച് വരും. തകർച്ചകളൊക്കെ നേരിട്ടതിനാൽ അത് വലിയ സംഭവമൊന്നുമല്ല എനിക്ക്. സീരിയലാണെങ്കിലും സെലിബ്രിറ്റിയായി നിൽക്കുകയാണെങ്കിലുമൊക്കെ അതിന് കുറഞ്ഞ ആയുസ്സേയുണ്ടാവൂ.
ഞാൻ നല്ലവനാണെന്നോ മോശക്കാരനാണെന്നോ ഞാൻ എങ്ങനെ പ്രൂവ് ചെയ്യും. എന്താണോ പ്രൂവ് ചെയ്യാൻ നോക്കുന്നത് അതിന്റെ വിപരീതമാണ് നടക്കുന്നത്. അതിനാൽ ഞാൻ മോശക്കാരനാണെന്ന് സ്വയം പറയുന്നു. അപ്പോൾ പ്രശ്നമില്ലല്ലോ. കടന്നൽക്കൂട്ടിൽ സ്വയം കൈയ്യിടേണ്ടല്ലോ. ഞാൻ അവസാനിച്ചു, വീണുപോയി എന്നൊക്കെ പറയുന്നത് വെറുതയൊണ്.
എങ്ങനെയായാലും ഞാൻ പിടിച്ച് നിൽക്കും. എന്റെ വീഴ്ചയെ ആഘോഷിക്കുന്നവർ ഇതോർക്കുക. എന്റെ പേരിനെപ്പോലെ തന്നെ എപ്പോഴും സൂര്യൻ ഉദിക്കാറില്ലല്ലോ, അസ്തമയവും ഉണ്ടാവാറുണ്ടല്ലോ, നമ്മൾ ദുർബലനാവരുത്. എന്തും നേരിടാനുള്ള ചങ്കൂറ്റമുണ്ട്. ചെയ്യുന്ന ജോലിയിൽ കൃത്യനിഷ്ഠയും ആത്മാർത്ഥതയുമുണ്ടാവും.
ആ വ്യക്തി ഇത് കാണുന്നുണ്ടെങ്കിൽ ഓർത്തോ, ഈ വണ്ടി പുറത്തിറങ്ങും. ഇന്ത്യൻ അഭിനേതാവ് എന്ന് ഞാൻ വരുത്തും. എത്ര വലിയ പ്രതിബന്ധമായാലും ഞാൻ തരണം ചെയ്യുമെന്നുമായിരുന്നു സൂരജ് പറഞ്ഞത്. എനിക്ക് മുണ്ടുടുക്കാനും അറിയാം വേണമെങ്കിൽ മടക്കി കുത്താനും അറിയാമെന്ന ക്യാപ്ഷനോടെയായിരുന്നു സൂരജ് വീഡിയോ പോസ്റ്റ് ചെയ്തത്.
തന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ആരും സന്തോഷിക്കേണ്ട, കുറച്ച് താടിയും മുടിയുമൊക്കെ വരും, അതൊന്നും കണ്ട് ആരും സന്തോഷിക്കേണ്ടെന്നും പറഞ്ഞാണ് സൂരജ് വീഡിയോ അവസാനിപ്പിച്ചത്.നിരവധി പേരായിരുന്നു വീഡിയോയ്ക്ക് കീഴിൽ കമന്റുകളുമായെത്തിയത്. നിങ്ങളുടെ സ്നേഹം എന്നും എന്റെ കൂടെയുണ്ടാവണമെന്നായിരുന്നു സൂരജിന്റെ മറുപടി.