ഹിറ്റ് മേക്കർ അൻവർ റഷീദ് യുവസൂപ്പർതാരം ഫഹദ് ഫാസിലിനെ നായകനാക്കി അടുത്തിടെ റിലീസായ ‘ട്രാൻസ്’ എന്ന സിനിമ പ്രതീക്ഷിച്ചതുപോലെ വിജയമായില്ല. അതിന്റെ നിരാശ സംവിധായകൻ അൻവർ റഷീദിനുണ്ട്.
എന്നാൽ അതൊന്നും കാര്യമാക്കാതെ തന്റെ അടുത്ത സംവിധാന സംരംഭത്തിലേക്ക് കടക്കുകയാണ് അൻവർ റഷീദ് എന്നാണ് സൂചന. മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാനെ നായകനാക്കിയാണ് അൻവർ റഷീദ് അടുത്ത സിനിമ സംവിധാനം ചെയ്യുന്നത് എന്നാണറിവ്.
മലയാളത്തിന്റെ ലേഡി സൂപ്പർതാരം മഞ്ജു വാര്യർ ഈ സിനിമയിൽ നായികയാകുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ, മമ്മൂട്ടിക്ക് പിന്നാലെ ദൂൽഖറിൻറെയും നായികയായി മാറുകയാണ് ഈ സിനിമയോടെ മഞ്ജു വാര്യർ.
ഐശ്വര്യ ലക്ഷ്മിയെയും ഈ സിനിമയിൽ നായികയായി പരിഗണിക്കുന്നുണ്ട്. എന്നാൽ മഞ്ജുവോ ഐശ്വര്യയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. നേരത്തേ, ദുൽഖറിനെ നായകനാക്കി അൻവർ സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ മികച്ച വിജയം കൈവരിച്ചിരുന്നു.
ദുൽഖറിന്റെ ബാംഗ്ലൂർ ഡെയ്സ് നിർമ്മിച്ചതും അൻവറായിരുന്നു. അതേ സമയം ദ പ്രീസ്റ്റ് എന്ന സിനിമയിലാണ് മഞ്ജവാര്യർ മമ്മൂട്ടിയുടെ നായികയാകുന്നത്. സിനിമയിലെത്തിയിട്ട് 20 വർഷത്തിലേറെ ആയെങ്കിലും ഇതുവരെ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കാൻ മഞ്ജു വാര്യർക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ മോഹൻലാലിന് ഒപ്പം നിരവധി സിനിമകളിൽ മഞ്ജു വാര്യർ അഭിനയിച്ചിരുന്നു.