തന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് പരാജയപ്പെട്ട ആ മോഹൻലാൽ ചിത്രം, താൻ ഏറ്റവുമധികം പ്രാവശ്യം കണ്ട സിനിമാ സീനുകളും മോഹൻലാൽ സിനിമയിലേത്: ധർമ്മജൻ ബോൾഗാട്ടി

3090

മിമിക്രി രംഗത്ത് നിന്നും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും ടിവി കോമഡി പരിപാടികളിലൂടെയും ശ്രദ്ധയാകർഷിച്ച് സിനിമയിലെത്തിയ താരമാണ് ധർമ്മജൻ ബോൾഗാട്ടി. ഇപ്പോൾ മലയാള സിനിമ ലോകത്ത് തിളങ്ങി നിൽക്കുന്ന ധർമ്മജൻ മലയാളികളുടെ പ്രിയപ്പെട്ട നടൻമാരിൽ ഒരാൾ കൂടിയാണ്.

മികച്ച ഒരുപിടി ഹാസ്യവേഷങ്ങൾ മലയാള സിനിമയിൽ അവതരിപ്പിച്ച താരത്തിന് ആരാധകരും ഏറെയാണ്. സുഹൃത്തും സംവിധായകനും നടനും മിമിക്രി ആർട്ടിസ്റ്റുമായ രമേഷ് പിഷാരടിയുമായി ചേർന്നുള്ള ധർമ്മജന്റെ കോമഡി സ്‌കിറ്റുകളും കൗണ്ടറുകളും മലയാളികളെ തെല്ലെന്നുമല്ല പൊട്ടിച്ചിരിപ്പിച്ചിരിക്കുന്നത്.

Advertisements

ഇപ്പോഴിതാ തന്റെ ചില ഇഷ്ടങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ധർമ്മജൻ. ഒരു സ്വകാര്യ എഫ്എം റേഡിയിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ആണ് താരത്തിന്റെ തുറന്ന് പറച്ചിൽ. തന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച ചിത്രത്തെകുറിച്ചും, താൻ ഏറ്റവും അധികം പ്രാവശ്യം കണ്ട സിനിമ സീനിനെ കുറിച്ചും ഒക്കെ ധർമ്മജൻ പരിപാടിയിൽ വെളിപ്പെടുത്തി.

മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിലനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ മിഥുനം എന്ന സിനിമയാണ് തന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച സിനിമയെന്നും ഇതേ കൂട്ടുകെട്ടിന്റെ തന്നെ കിലുക്കത്തിലെ ഇന്നസെന്റിന്റെ കിട്ടുണ്ണിയും, തിലകന്റെ കഥാപാത്രവും തമ്മിലുള്ള സീനുകളാണ് താൻ ഏറ്റവും കൂടുതൽ തവണ ആവർത്തിച്ചു കാണാറുള്ളതെന്നും ധർമ്മജൻ പറയുന്നു.

ധർമ്മജന്റെ വാക്കുകൾ ഇങ്ങനെ:

എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച സിനിമ ലാലേട്ടന്റെ മിഥുനമാണ്. എനിക്ക് തോന്നുന്നത് ആ സിനിമ ബോക്സ് ഓഫീസ് പരാജയമെന്നാണ്. അത് പോലെ ഞാൻ ഏറ്റവും കൂടുതൽ ആവർത്തിച്ച് കണ്ടിട്ടുള്ള സീൻ കിലുക്കത്തിലെ ഇന്നസെന്റിന്റെ കഥാപാത്രവും, തിലകൻ സാറിന്റെ കഥാപാത്രവും തമ്മിലുള്ള വഴക്കാണ്.

ആ സിനിമയിൽ അവർ ഒന്നിച്ചുള്ള കോമ്ബിനേഷൻ രംഗങ്ങളെല്ലാം തന്നെ മനോഹരമാണ്. തിലകൻ സാറിനെ പോലെയുള്ള ഒരു നടന്റെ മുഖത്തു നോക്കി ഇന്നസെന്റ് ചേട്ടന്റെ വെല്ലുവിളി ഏറെ രസകരമാണ്. അതൊക്കെ ഇന്നും കാണുമ്പോൾ നിർത്താതെ ചിരിക്കാറുണ്ടെന്നും ധർമ്മജൻ പറയുന്നു.

അതേ സമയം കേരളത്തിൽ അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആകാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ധർമ്മജൻ ബോൾഗാട്ടി. ബാലുശ്ശേരിയിൽ ധർമ്മജനെ യുഡിഎഫ് മത്സരിപ്പിച്ചേക്കാനാണ് സാധ്യത എന്നാണറിയുന്നത്.

നേരത്തെ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് താരം രംഗത്ത് എത്തിയിരുന്നു. ഈ സർക്കാർ ഭൂലോക തോൽവിയാണെന്നും ജനങ്ങൾ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ മനം മടുത്തിരിക്കുകയാണെന്നും ആണ് ധർമ്മജൻ പറഞ്ഞിരുന്നു. എല്ലാവരും പുതിയൊരു മാറ്റത്തിനായി ആഗ്രഹിക്കുന്നുണ്ട്. ഏത് സീറ്റിൽ മത്സരിക്കാനും താൻ തയ്യാറാണ്.

മത്സരിക്കണമെങ്കിൽ അതേ സ്ഥലത്ത് ജീവിക്കണമെന്നില്ല. പത്ത് ദിവസം കൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ സാധിക്കും. അവിടുത്തെ ജനങ്ങളുടെ ആവശ്യങ്ങൾ നമ്മൾ കേൾക്കുകയാണ് വേണ്ടതെന്നും ധർമ്മജൻ വ്യക്തമാക്കിയിരുന്നു.

Advertisement