കേന്ദ്രസർക്കാർ പൂർണമായി തള്ളി കളഞ്ഞ കേരളം നൽകിയ പത്മപുരസ്‌ക്കാരത്തിനുള്ള ലിസ്റ്റ് പുറത്ത്. എം.ടി വാസുദേവൻ നായർ, കലാമണ്ഡലം ഗോപി, മധു, മമ്മൂട്ടി, നെടുമുടി വേണു, കെ.പി.എ.സി ലളിത തുടങ്ങിയവരെ ഉൾപ്പെടുത്തി വിവിധ പുരസ്‌ക്കാരങ്ങൾക്കായി കേരളം നൽകിയ ലിസ്റ്റ് കേന്ദ്രം പൂർണമായി തള്ളുകയായിരുന്നു.മമ്മൂട്ടിയും എംടി വാസുദേവൻ നായരും മധുവും ശോഭനയും റസൂൽ പൂക്കുട്ടിയും എല്ലാം ഉൾപ്പെടുന്ന പട്ടികയിൽ നിന്നും ഒരാളെ പോലും പരിഗണിച്ചില്ല. എഴുത്തുകാരനും ചലച്ചിത്രകാരനുമായ എംടി വാസുദേവൻ നായരെ പദ്മവിഭൂഷൺ പട്ടികയിലാണ് പെടുത്തിയത്.
ഈ പട്ടിയിലുള്ള ഏകയാളും എംടിയായിരുന്നു. സിനിമാ കലാ സാഹിത്യ സാംസ്‌ക്കാരിക രംഗത്തെ എട്ടുപേരെ പദ്മഭൂഷണുള്ള പട്ടികയിൽ ഉൾപ്പെടുത്തി. സിനിമാ രംഗത്ത് നിന്നും മമ്മൂട്ടി, മധു, ശോഭന, റസൂൽ പൂക്കുട്ടി എന്നിവരും കലാമണ്ഡലം ഗോപി (കഥകളി), സുഗതകുമാരി (സാഹിത്യം), കലാരംഗത്ത് നിന്നും മട്ടന്നൂർ ശങ്കരൻകുട്ടി , പെരുവനം കുട്ടൻ മാരാർ എന്നിവരുമാണ് പദ്മഭൂഷൻ പട്ടികയിൽ ഉണ്ടായിരുന്നത്.
പത്മശ്രീയ്ക്കായി കലാരംഗത്ത് നിന്നും സൂര്യാ കൃഷ്ണമൂർത്തി, പെയ്ന്റിംഗിൽ ആർട്ടിസ്റ്റ് നമ്ബൂതിരി ശിൽപ്പകലയിൽ കാനായി കുഞ്ഞിരാമൻ, സിനിമയിൽ നിന്നും കെപിഎസി ലളിത, നെടുമുടി വേണു, സംഗീതത്തിൽ പി ജയചന്ദ്രൻ, കായിക രംഗത്ത് നിന്നും ഐഎം വിജയൻ, സാമൂഹിക പ്രവർത്തനത്തിൽ ബിഷപ്പ് സൂസപാക്യം എന്നിവർ ഉൾപ്പെടെ 47 പേരെയും ശുപാർശ ചെയ്തിരുന്നു.
ആത്മീയാചാര്യൻ ശ്രീ എം, അന്തരിച്ച നിയമപണ്ഡിതൻ പ്രൊഫ് എൻആർ മാധവമേനോൻ എന്നിവർക്കാണ് കേന്ദ്രസർക്കാർ ഇക്കുറി പദ്മഭൂഷണ പ്രഖ്യാപിച്ചത്. സാമൂഹിക പ്രവർത്തകൻ എംകെ കുഞ്ഞോൾ, ശാസ്ത്രജ്ഞൻ കെഎസ് മണിലാൽ, എഴുത്തുകാരൻ എൻ ചന്ദ്രശേഖരൻ നായർ, നോക്കുവിദ്യ പാവകളി കലാകാരൻ എംഎസ് പങ്കജാക്ഷി എന്നിവർക്ക് പത്മശ്രീയും സമ്മാനിച്ചിരുന്നു.