കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെ എത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഭാവന. നമ്മളിന് പിന്നാലെ നിരവധി ഹിറ്റ് സിനിമകളിലെ നായികയായി മാറി ഭാവന. മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ തന്റെ പതിനഞ്ചാം വയസിലായിരുന്നു ഭാവനയുടെ അരങ്ങേറ്റം.
എന്നാൽ കഴിഞ്ഞ ആറ് വർഷത്തോളമായി മലയാള സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് ഭാവന. ഇതിനിടെ വിവാഹിതയായ ഭാവന അഭിനയത്തിൽ നിന്നു തന്നെ ഒരു ഇടവേളയെടുത്തിരുന്നു. എങ്കിലും കന്നഡ സിനിമയിലൂടെ ഭാവന വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
ചാനൽ പരിപാടികളിലും മറ്റും അതിഥിയായി മലയാളികൾക്ക് മുമ്പിൽ വീണ്ടും എത്തുന്നുണ്ട് ഭാവന. അതേ സമയം ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമായിരുന്നു ഭാവന. ഈ സമയത്ത് ഭാവനയെ തേടി ബോളിവുഡിൽ നിന്നു വരെ വിളി വന്നിരുന്നു. എന്നാൽ ആ ബോളിവുഡ് ചിത്രത്തോട് ഭാവന നോ പറയുകയായിരുന്നു.
പൊതുവെ തെന്നിന്ത്യൻ സിനിമയിൽ നിന്നും ബോളിവുഡിലേക്ക് ചേക്കേറുക എന്നത് ഏതൊരു താരത്തിനും സ്വപ്ന തുല്യമായ നേട്ടമാണ്. കൂടുതൽ വലിയ സിനിമകളുടെ ഭാഗമാകാനും വലിയ പ്രേക്ഷകരുടെ മുന്നിലേക്ക് എത്താനും കൂടുതൽ മെച്ചപ്പെട്ട പ്രതിഫലം ലഭിക്കാനുമൊക്കെ സാധിക്കുമെന്നത് കൊണ്ട് ഇങ്ങനൊരു ചുവടുമാറ്റം പലരും സന്തോഷത്തോടെ തന്നെ നടത്താറുണ്ട്.എന്നാൽ ചിലർ ബോളിവുഡ് സ്വപ്നത്തിന് പുറകെ പോകാതെ തങ്ങളുടെ ലോകത്തു തന്നെ തുടരാനും ആഗ്രഹിക്കുന്നവരാണ്.
ഭാഷയും സാഹചര്യവുമൊക്കെയാണ് ഇങ്ങനെ ബോളിവുഡിനോട് പലരും നോ പറയാൻ കാരണം. ഇത്തരക്കാരിൽ ഒരാളാണ് ഭാവന. വളരെ നാളുകൾക്ക് മുമ്ബായിരുന്നു ഭാവനയ്ക്ക് ബോളിവുഡ് ചിത്രത്തിൽ നായികയാകാനുള്ള ഓഫർ ലഭിക്കുന്നത്. എന്നാൽ താരം ആ ചിത്രത്തോട് നോ പറയുകയായിരുന്നു. ഇതേക്കുറിച്ച് ഭാവന തന്നെയാണ് പിന്നീട് വെളിപ്പെടുത്തിയത്.
ഇമ്രാൻ ഹാഷ്മി നായകനായ ചിത്രത്തിലേക്കായിരുന്നു ഓഫർ ലഭിച്ചത്. കാസ്റ്റിംഗ് ഏജൻസിയായിരുന്നു വിളിച്ചത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാമെന്ന് അവർ പറഞ്ഞപ്പോൾ താൻ ഓക്കെ പറഞ്ഞുവെന്നാണ് ഭാവന പറയുന്നത്. എന്നാൽ തിരക്കഥ വായിച്ചപ്പോൾ തനിക്ക് ഒട്ടും കംഫർട്ടബിൾ ആയ വേഷമല്ലെന്ന് തോന്നിയെന്നാണ് താരം പറയുന്ത്.
ഇതോടെയാണ് ഭാവന ചിത്രത്തോട് നോ പറയുന്നത്. രണ്ട് മൂന്ന് ദിവസം ആ സിനിമയെക്കുറിച്ചുള്ള സംസാരമൊക്കെ ഉണ്ടായിരുന്നു വെങ്കിലും പിന്നെ താനത് വിടുകയായിരുന്നു എന്നും ഭാവന പറയുന്നു. അതേസമയം മറ്റൊരു ബോളിവുഡ് ചിത്രത്തിലേക്കും തനിക്ക് ക്ഷണം ലഭിച്ചിരുന്നു എന്നും ഭാവന പറയുന്നു. ഇതിന്റെ ഭാഗമായി തന്നോട് മുംബൈയിൽ വന്ന് ഓഡിഷനിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ മുംബൈ വരെ യാത്ര ചെയ്യുന്നതും ഓഡിഷൻ നൽകുന്നതൊന്നും തനിക്ക് താൽപര്യമില്ലാത്തതിനാൽ ഭാവന സിനിമയോട് നോ പറയുകയായിരുന്നു. അതേ സമയം മലയാളത്തിൽ ആദം ജോൺ എന്ന ചിത്രത്തിലാണ് ഭാവന അവസാനമായി അഭിനയിച്ചത്. പൃഥ്വിരാജ് നായകനായ ചിത്രത്തിൽ ശ്വേത എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. പിന്നീട് കന്നഡ സിനിമകളിൽ മാത്രമാണ് ഭാവന അഭിനയിച്ചിട്ടുള്ളത്.