മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച മലയാളത്തിന്റെ പ്രിയനടിയാണ് അപർണ്ണ ബാലമുരളി. പുരസ്‌കാര നേട്ടത്തിൽ നിൽക്കുമ്പോഴും താരം തന്റെ പ്രൊജക്ടുകളുമായി തിരക്കിലാണ്. ചുരുങ്ങിയ കാലം കൊണ്ടാണ് അപർണ്ണ തന്റെതായ ഒരിടം മലയാള സിനിമയിൽ ഉറപ്പിച്ചെടുത്തത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ഫഹദിന്റെ നായികയായിട്ടായിരുന്നു അപർണ്ണ ക്യാമറ ലോകത്തേയ്ക്ക് ചുവടുവെച്ചത്.
ആദ്യ ചിത്രത്തിലൂടെ തന്നെ ഒരുപാട് ആരാധകരെ സമ്പാദിക്കാനും നടിക്ക് കഴിഞ്ഞിട്ടുണ്ട്. പിന്നീടങ്ങോട്ട് താരത്തിനെ തേടി കൈനിറയെ ചിത്രങ്ങളെത്തിയിരുന്നു. സൂര്യ നായകനായി എത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനാണ് നടിയെ തേടി ദേശീയ പുരസ്‌കാരം എത്തിയത്. താരത്തിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു സുരറൈ പോട്ര്. ചിത്രത്തിൽ ബൊമ്മി എന്ന കഥാപാത്രമായാണ് അപർണ്ണ എത്തിയത്.
Also read; ദിലീപിന്റെ വളർച്ചയ്ക്ക് പിന്നിലൊരു കാരണമുണ്ട്; തുറന്നു പറഞ്ഞ് വിനയൻ
ചിത്രത്തിലെ അഭിനയത്തിന് നടിക്ക് തമിഴകത്തും കേരളത്തിലും ഒരുപോലെ കൈയ്യടിയും ലഭിച്ചിരുന്നു. ദേശീയ പുരസ്‌ക്കാരം നേടിയതിന് പിന്നാലെ സിനിമാ മേഖലയിലെ പ്രതിഫലത്തെക്കുറിച്ച് താരം അഭിപ്രായപ്പെട്ടതാണ് വിവാദത്തിലേയ്ക്കും ചർച്ചകൾക്കും ഒരുപോലെ വഴിതുറന്നത്. സിനിമയിൽ നായികമാർക്ക് ന്യായമായ പ്രതിഫലം നൽകണമെന്നായിരുന്നു അപർണ്ണ ആവശ്യപ്പെട്ടത്. പിന്നാലെ നിർമാതാവ് സുരേഷ് കുമാറുൾപ്പെടെ തുല്യ പ്രതിഫലം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു.
എന്നാൽ ചർച്ചകൾ തകൃതിയായി നടക്കുന്ന വേളയിൽ താൻ പറഞ്ഞതിലെ വ്യക്തത കൂടി അപർണ്ണ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. മാതൃഭൂമി ഡോട് കോം യുവേഴ്‌സ് ട്രൂലിയിൽ അപർണ അതിഥിയായി എത്തിയപ്പോഴായിരുന്നു പരാമർശങ്ങൾ കൂടുതൽ വ്യക്തത വരുത്തിയത്. എല്ലാവർക്കും ഒരുപോലെ പ്രതിഫലം നൽകണം എന്നല്ല ഞാൻ പറഞ്ഞത്, ന്യായമല്ലാത്ത കാര്യങ്ങൾ നടക്കുന്നത് പ്രതിഫലവിഷയത്തിൽ കണ്ടിട്ടുണ്ട്.
അതിൽ ഭീകരമായ വ്യത്യാസം ഉണ്ടെന്ന് തോന്നിയിട്ടുമുണ്ട്, അതിൽ മാറ്റം വരണമെന്നാണ് പറഞ്ഞതെന്ന് അപർണ്ണ പറയുന്നു. ഇപ്പോൾ, പൃഥിരാജിനൊപ്പം കാപ്പ എന്ന സിനിമയിൽ ഞാൻ അഭിനയിക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന് ലഭിക്കുന്ന അതേ പ്രതിഫലം എനിക്കും വേണമെന്ന് വാശി പിടിക്കാൻ പറ്റില്ല, അതാണ് ഞാൻ ഉദ്ദേശിച്ചതെന്നും അപർണ്ണ കൂട്ടിച്ചേർത്തു.
അഭിനയവും ഡാൻസും പാട്ടുമൊക്കെ മാറ്റി വെച്ചാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ആർക്കിടെക്ട് മേഖലയാണ്. വലിയ താത്പര്യമാണ്. പഠിക്കുകയാണിപ്പോൾ. പക്ഷെ ഇപ്പോൾ പഠനം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല. ഭാവിയിൽ എന്തായാലും അത് മുന്നോട്ട് കൊണ്ട് പോകണമെന്ന് ആഗ്രഹമുണ്ട്. എവിടെയെങ്കിലും പോകുമ്പോൾ ഒരു ബിൽഡിങ്ങോ സ്ഥലമോ ഒക്കെ കണ്ടാൽ ഇവിടെ എന്ത് ചെയ്യാൻ പറ്റുമെന്നാ ആലോചിക്കുന്നത്, അപർണ തന്റെ സ്വപ്‌നങ്ങൾ പങ്കുവെച്ചു.
അതേസമയം, ദേശീയ പുരസ്‌ക്കാരം നേടിക്കഴിഞ്ഞതിന് ശേഷം തന്നിൽ വന്ന മാറ്റങ്ങളും അപർണ്ണ തുറന്ന് പറയുന്നുണ്ട്. ഇപ്പോൾ കുറച്ച് കൂടി ഉത്തരവാദിത്തം കൂടി എന്ന് തോന്നാറുണ്ട്. അവാർഡ് ലഭിച്ചതു കൊണ്ട് ആളുകൾ നമ്മളിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുകയും ചെയ്യും. അതു കൊണ്ട് തന്നെ ഒരു കഥാപാത്രം കിട്ടുമ്പോൾ കുറച്ച് വർക്ക് ചെയ്ത് കഥാപാത്രം മികച്ചതാക്കാൻ ശ്രമിക്കുമെന്നും നടി പറയുന്നു.
ദേശീയ പുരസ്‌ക്കാരം ഒക്കെ ഒരു സ്വപ്‌നമായിരുന്നു, പക്ഷേ അത് ഇത്രയും വേഗത്തിൽ തന്നെ തേടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അപർണ്ണ കൂട്ടിച്ചേർത്തു. സൂരറൈ പോട്രിലേക്ക് വിളിച്ച സുധാ മാഡത്തോട് ആണ് അതിന് നന്ദി പറയുന്നത്. മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന ക്യാരക്ടറാണ് എന്നെ ഇന്ന് ഇത്രയധികം റീച്ചിലേക്ക് എത്തിച്ചത്. ആ ക്യാരക്ടർ എനിക്ക് കിട്ടിയില്ലായിരുന്നെങ്കിൽ ഒരിക്കലും താൻ ഇവിടെ ഇരിക്കില്ലെന്നും അപർണ്ണ വ്യക്തമാക്കി.
ചിത്രത്തിലെ ജിംസിയുടെ സ്വഭാവം പോലെ തന്നെയാണ് യഥാർത്ഥ ജീവിതത്തിൽ താനെന്ന് അപർണ്ണ പറഞ്ഞു. എന്തെങ്കിലും പ്രശ്‌നം ഉണ്ടായാൽ ക്ഷമിക്കാൻ കഴിയുന്നത് വരെ ക്ഷമിക്കും. ആ ഒരു പോയിന്റ് കഴിഞ്ഞാൽ ഞാൻ ദേഷ്യപ്പെടും, അത് പബ്ലിക്ക് ആയിട്ടാണെങ്കിലും ഞാൻ അങ്ങനെയെ പ്രതികരിക്കുള്ളൂവെന്നും അപർണ്ണ വെളിപ്പെടുത്തി.