നിരവധി സൂപ്പർഹിറ്റ് സിനിമകൾ നിർമ്മിച്ച് മലയാള സിനിമ ആസ്വാദകർക്ക് ഏറെ സുപരിചിതനായ നിർമ്മാതാവ് ആണ് ജോയ് തോമസ് എന്ന ജൂബിലി ജോയ്. ഇപ്പോഴിതാ മോഹൻലാൽ കരിയർ തുടങ്ങിയ സമയത്തെ ഓർമ്മകൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് സൂപ്പർതാരത്തിന്റെതായി റിലീസ് ചെയ്യാത്ത തിരനോട്ടം സിനിമ മുതലുളള ഓർമ്മകൾ ജൂബിലി ജോയ് തുറന്ന് പറയുന്നത്. ജൂബിലി ജോയിയുടെ വാക്കുകൾ ഇങ്ങനെ:
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ ആയിരുന്നല്ലോ വില്ലൻ എന്ന നിലയിൽ ലാൽ കയറിവന്നത്,. പക്ഷേ അതിന് മുൻപ് തിരനോട്ടം എന്നൊരു സിനിമയുണ്ടായിരുന്നു. എന്നാൽ അത് റിലീസ് ചെയ്തില്ല. നിർമ്മാതാവിന്റെ വിയോഗത്തിന് പിന്നാലെ പടം നിന്നു പോവുകയായിരുന്നു.
തേനും വയമ്പിന്റെ ഡയറക്ടർ അശോക് കുമാറായിരുന്നു അതിന്റെ സംവിധായകൻ. പ്രിയനൊക്കെയുളള സിനിമയായിരുന്നു. അന്നേ ലാലിന്റെ ആക്ഷനൊക്കെ കണ്ടപ്പോൾ ത്യാഗരാജൻ സാറൊക്കെ പറഞ്ഞു. ഈ പയ്യൻ കൊളളാം ടൈമിങ് ഉണ്ട് എന്ന് പറഞ്ഞു.
അന്ന് ഭാവിയിൽ ലാൽ നായകനാവും എന്നൊന്നും നമുക്ക് പറയാൻ കഴിയില്ലല്ലോ. പക്ഷേ ത്യാഗരാജൻ സാർ അന്ന് പറഞ്ഞ വാക്കുകൾ ഇന്ന് അന്വർത്ഥമായി. അന്ത പയ്യൻ വന്ത് റൊമ്പ നല്ല ആർട്ടിസ്റ്റ്, ടൈമിംഗ് ബെസ്റ്റ് ആയിരിക്ക്. മുന്നുക്ക് വരും എന്ന് പറഞ്ഞു.
അത് പിന്നെ കറക്ടായിട്ട് വന്നു. ഓരോരുത്തരുടെ ആ കണക്കുകൂട്ടലുകൾ, അല്ലെങ്കിൽ കണ്ടെത്തലുകൾ ഉണ്ടല്ലോ അത് ഭയങ്കരമായിട്ട് വന്നു. അന്ന് ലാല് ഞങ്ങളെ കാണാൻ വന്നിരുന്നു. അന്ന് താരങ്ങളെയെല്ലാം അനുകരിക്കുമായിരുന്നു ലാൽ. പികെ എബ്രഹാമിനെ അനുകരിച്ച് കാണിച്ചുതന്നു.
അന്ന് എല്ലാവർക്കും ലാലിനെ ഇഷ്ടപ്പെട്ടിരുന്നു. അത് കഴിഞ്ഞ് പിന്നെ ഞങ്ങൾ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ എൻട്രി ആണ് കാണുന്നത്. അത് കഴിഞ്ഞാണ് ഞങ്ങൾ മദ്രാസിലെ മോൻ എന്ന പടത്തില് മോഹൻലാലിനെ കാസ്റ്റ് ചെയ്തത്. അന്നത്തെ കാലത്ത് രതീഷിനെ ഒക്കെയാണ് ജയന് പകരം ആളുകൾ ഉദ്ദേശിച്ചിരുന്നത്.
കുറെ പടങ്ങൾ ചെയ്തു. ഐവി ശശിയൊക്കെ രതീഷിനെ ഒരുപാട് ഹെൽപ് ചെയ്തു. ജയന് വെച്ചിരുന്ന റോളുകളൊക്കെ അന്ന് ഐവി ശശി രതീഷിന് കൊടുത്തു. രാജാവിന്റെ മകനിലൊക്കെ വില്ലൻ റോളല്ലെ രതീഷ് ചെയ്തത്. രതീഷ് ഒരു നല്ല മനുഷ്യനായിരുന്നു. ഒരു പാവം മനുഷ്യൻ.
ഒരുപാട് പടങ്ങളുണ്ടായിരുന്നു അന്ന്. എല്ലാ പടങ്ങൾക്കു കേറി എൽക്കുമായിരുന്നു രതീഷ്. പക്ഷേ സമയത്ത് ചെല്ലാൻ പറ്റില്ല. ആര് ഡേറ്റ് ചോദിച്ചാലും പുളളി കേറി കൊടുക്കും. എന്നാൽ സമയത്തിന് എത്തില്ല. അങ്ങനെ കുറച്ച് ദുഷ്പേരൊക്കെ പുളളിക്ക് ഉണ്ടായിയെന്നും ജൂബിലി ജോയ് പറയുന്നു.