ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡിലെ സൂപ്പർ താരമാണ് സൽമാൻ ഖാൻ. ബോളിവുഡിന്റെ മസിൽഖാൻ എന്നറിയപ്പെടുന്ന സൽമാൻ നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ്. വർഷങ്ങളായി തന്റെ താരപദവിയ്ക്ക് യാതൊരു കോട്ടവരും വരാതെ സൽമാൻ ജൈത്രയാത്ര തുടരുകയാണ്.
തന്റെ സിനിമകളെ നിരൂപകർ വിമർശിക്കുമ്പോൾ ആരാധകർ ആവേശത്തോടെ ആ പടത്തെ സ്വീകരിക്കുന്നത് തുടരുന്നതാണ് സൽമാൻ ഖാന്റെ വിജയം. ഓരോ സിനിമകളും കളക്ഷൻ റെക്കോർഡുകൾ തകർത്താണ് മുന്നേറാറുള്ളത്. ആക്ഷൻ ചിത്രങ്ങളാണ് സൽമാനെ ഇന്നും താരമാക്കി നിർത്തുന്നത്.
ബിഗ് സ്‌ക്രീനിലെ വലിയ വിജയങ്ങൾ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ സൽമാന്റെ ജീവിതവും എന്നും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. സൽമാന്റെ പ്രണയങ്ങളും ഗോസിപ്പ് കോളങ്ങളിലെ ചൂടൻ ചർച്ചാ വിഷയങ്ങളായിരുന്നു. ഐശ്വര്യ റായ് മുതൽ സൽമാൻ ഖാന്റെ പ്രണയങ്ങൾ പലതും വിവാദത്തിലാണ് അവസാനിച്ചത് എന്നതും ശ്രദ്ധേയമാണ്. അതേസമയം തന്റെ മുൻകാമുകിമാരിൽ ചിലരുമായി സൽമാന് ഇപ്പോഴും അടുത്ത സൗഹൃദവുമുണ്ട്.
അത്തരത്തിൽ സൽമാനുമായി ഇപ്പോഴും നല്ല സൗഹൃദമുള്ള മുൻ കാമുകിയാണ് കത്രീന കൈഫ്. ഒരു കാലത്ത് ബോളിവുഡിലെ സൂപ്പർ ജോഡിയായിരുന്നു സൽമാൻ ഖാനും കത്രീന കൈഫും. സ്‌ക്രീനിലെ പ്രണയം ഇവർ ഓഫ് സ്‌ക്രീനിലും തുടരുകയായിരുന്നു. കത്രീനയുമായി കടുത്ത പ്രണയത്തിലായിരുന്ന സൽമാൻ ഖാൻ വിവാഹത്തെക്കുറിച്ച് വരെ ചിന്തിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
റിപ്പോർട്ടുകൾ പ്രകാരം സൽമാൻ ഖാൻ കത്രീനയോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തിരുന്നു. എന്നാൽ താരസുന്ദരി വിവാഹം കഴിക്കാൻ തയ്യാറായിരുന്നില്ല. തന്റെ കരിയറിലായിരുന്നു കത്രീനയുടെ ശ്രദ്ധ. ഒരിക്കൽ സൽമാൻ ഖാന്റെ സഹോദരി അർപിതയുടെ വിവാഹത്തിൽ നിന്നുമുള്ള സൽമാന്റേയും കത്രീനയുടേയും വീഡിയോ വൈറലായതും ഈ റിപ്പോർട്ടുകൾക്ക് ശക്തി പകരുന്നതായിരുന്നു.
ഞാൻ എന്ത് ചെയ്യാനാണ്, ഖാൻ ആകാനുള്ള വലിയ അവസരമാണ് നീ നഷ്ടപ്പെടുത്തിയത് എന്ന് സൽമാൻ ഖാൻ കത്രീനയോട് പറയുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. പിന്നീട് കത്രീനയുമായുള്ള വിവാഹം നടക്കാതെ പോയതിനെക്കുറിച്ച് സൽമാൻ തന്നെ പരോക്ഷമായി പ്രതികരിച്ചിരുന്നു.
എപ്പോഴും പെൺകുട്ടി തയ്യാറാകുന്നതാണ് നല്ലത്. പെൺകുട്ടി വിവാഹത്തിന് തയ്യാറുകയും നിങ്ങൾ വിവാഹത്തിന് തയ്യാറാകാതെ വരികയും ചെയ്താൽ അതൊരു നല്ല സാഹചര്യമല്ലെന്നും സൽമാൻ ഖാൻ പറഞ്ഞിരുന്നു. ഞാൻ എന്നും പ്രതീക്ഷിച്ചിരുന്നത് പെൺകുട്ടി വിവാഹത്തിന് തയ്യാറാകാതെ വരുമെന്നായിരുന്നു. അതിനാൽ വേദന കുറവാണെന്നും കുറ്റബോധം കുറാവണെന്നും പറഞ്ഞ സൽമാൻ എന്നാൽ ആരെങ്കിലും നോ പറയുമെന്ന് തോന്നുന്നില്ലെന്നും പറഞ്ഞിരുന്നു.
പിന്നീട് ഒരിക്കൽ രാജീവ് മസന്ദിന് നൽകിയ അഭിമുഖത്തിൽ താനൊരു നല്ല കാമുകനാണോ എന്ന ചോദ്യത്തിന് അല്ലെന്നാണ് കേൾക്കുന്നത് എന്നായിരുന്നു സൽമാൻ ഖാൻ നൽകിയ മറുപടി. കത്രീന പറയുന്നത് അവർ നിങ്ങളുടെ എല്ലാ സിനിമകളും കാണും എന്നാൽ നിങ്ങൾ അവളുടെ സിനിമകളൊന്നും കാണില്ലെന്നാണ്.
ഇത് ശരിയാണോ എന്ന് ചോദിച്ചപ്പോൾ അതെ എന്നായിരുന്നു സൽമാൻ ഖാൻ നൽകിയ ഉത്തരം. പ്രണയ ബന്ധം തകർന്ന ശേഷവും സൽമാൻ ഖാനും കത്രീനും ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. ടൈഗർ സിന്ദാ ഹേ, ഏക് താ ടൈഗർ, ഭാരത് തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് എത്തിയിരുന്നു.
സൽമാൻ ഖാന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ ടൈഗർ ത്രീയിലും കത്രീനയാണ് നായിക. ഈ ചിത്രത്തിന്റെ ചിത്രീകരണം വിദേശത്ത് തുടരുകയാണ്. ചിത്രത്തിനായി കത്രീനയും സൽമാനും കഠിനമായ വർക്ക് ഔട്ടുകളിലൂടെ ആയിരുന്നു തയ്യാറായത്. അതേസമയം കഴിഞ്ഞ ദിവസമാണ് സൽമാൻ ഖാൻ നായകനാകുന്ന പുതിയ സിനിമയായ അന്തിമിന്റെ സോംഗ് പുറത്തിറങ്ങിയത്. സീറോയാണ് കത്രീനയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.