കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ ലേഡി സൂപ്പർതാരം മഞ്ജു വാര്യരുടെ നാൽപ്പത്തി മുന്നാം പിറന്നാൾ. മലയാളികളുടെ ഈ പ്രിയ താര സിരന്ദരിയുടെ പിറന്നാൾ ആഘോഷമാക്കുകയായിരുന്നു ആരാധകർ. തങ്ങളുടെ പ്രിയപ്പെട്ട ലേഡി സൂപ്പർ സ്റ്റാറിന് പിറന്നാൾ ആശംസ നേർന്നു കൊണ്ട് ആരാധകർ രംഗത്ത് എത്തിയിരുന്നു.
കൂടാതെ സുഹൃത്തുക്കളും സഹപ്രവർത്തകരും മഞ്ജുവിന് പിറന്നാൾ ആശംസ നേർന്നു കൊണ്ട് രംഗത്ത് എത്തിയിരുന്നു. സഹപ്രവർത്തകർക്ക് മഞ്ജുവിനെ കുറിച്ച് പറയാൻ നൂറ് നാവാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സുനീഷ് വരനാടിന്റെ കുറിപ്പാണ്.
തനി തൃശ്ശൂർ ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ഫേസ് ബുക്ക് പോസ്റ്റ് നിമഷനേരം കൊണ്ട് വൈറലായിട്ടുണ്ട്.
സുനീഷ് വരനാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
മ്മ്‌ടെ തൃശ്ശൂർ ടൗണിന്ന്, കാഞ്ഞാണിറൂട്ടില് മനക്കൊടി വഴി പോയാൽ നല്ലൊരടി പൊളി സ്ഥലമുണ്ട്. കോൾപ്പാടത്തിന്റെ സകല ചന്തോള്ള മ്മ്ടെ പുള്ള്. അവിടത്തെ വാര്യം വീട്ടില്, മാധവേട്ടന്റെയും ഗിരിജേടത്തീടേം മോള്. ഡാൻസിലൊക്കെ കൊറേ പ്രൈസും വാങ്ങിച്ച് നിക്കുമ്പഴാണ്, ക്ലാസ്സിക് ഡയറക്ടറ് ലോഹിതദാസിന്റെ സ്‌ക്രിപ്റ്റില് ആൾക്കൊരു റോള് കിട്ടണത്.
അതും നായികയായിട്ടേ കാലാപാനീം, ഹിറ്റ്‌ലറും പോലുള്ള ബഡാ സൈസ് പടങ്ങള്, ഇറങ്ങിയൊരു വെക്കേഷനില് ആ പടങ്ങട് ഇറങ്ങി, സർപ്രൈസ് ഹിറ്റായി. പോരെ പൂരം. പിന്നങ്ങോട്ട് കൊറേ നാള്, മലയാള സിനിമേല് മ്മ്ടെ നാട്ടുകാരി എടുക്കാത്ത റോളൊന്നുമില്ലാട്ടാ. ആദ്യത്തെ സിനിമേല് അടിച്ചുതളിക്കാരി ആയോള്, രണ്ടാമത്തെ പടത്തില് തമ്പ്രാട്ടികുട്ടിയായി.
ഭാര്യ, കാമുകി, അമ്മ, അനിയത്തി. നഗരം, നാട്ടുമ്പുറം, കോളേജ്, കുടുംബം. എവിടെ പ്ലേസ് ചെയ്താലും മ്മ്ടെ കുട്ടി അങ്ങട് പൊരിക്കും. ദത് ഗ്യാരണ്ടിയാ.ദങ്ങനെ ദിങ്ങനെ സൂപ്പർ ഹീറോയിനായിട്ട് വിലസുമ്പഴാണ് കണിമംഗലം ജഗന്നാഥനെ വരെ പൊരിക്കാൻ നിക്കണ ഉണ്ണിമായെടെ എൻട്രി.
ഇപ്പഴത്തെ ന്യൂ ജൻ പിള്ളേര് പോലും ഏത് ഉറക്കത്തില് വിളിച്ചാലും ഈ ഡയലോഗ് പറയും. ല്ലെ? കന്മദത്തിലെ കൊല്ലത്തി. ബത്‌ലഹേമിലെ അടിപൊളി അഭിരാമി, ദയയിലെ ആൺകുട്ടി, തൊട്ടാൽ തീ പറക്കണ പത്രക്കാരി. ഈ മാതിരി ചിമിട്ടൻ ക്യാരക്ടറോള് ഒരു നടിക്ക് അടുപ്പിച്ചങ്ങട് കിട്ടുക, കിട്ടിയതൊക്കെ അങ്ങട് പൊളിച്ചടുക്കുക, ഹൌ എളുപ്പല്ലാട്ടാ, ഗഡി.
കണ്ണെഴുതി പൊട്ടും തൊട്ടില് അതുവരെ ഇല്ലാത്ത ഒരു ഞെട്ടിക്കലങ്ങട് ഞെട്ടിച്ചിട്ട് പിന്നൊരു സഡെൻ ബ്രേക്ക് ആരുന്നു. പക്ഷെ മ്മള് വിടോ. മലയാളത്തില് മറ്റൊരു ആക്ടറെസ്സിനും കിട്ടാത്തൊരു, കലക്കൻ റീ എൻട്രി. അതും ഒന്നും രണ്ടുല്ല 16 കൊല്ലത്തിനു ശേഷം. സംഭവം ഇത്രേം കൊല്ലംങ്ട് കഴിഞ്ഞിട്ടാണെങ്കിലും, പടം കണ്ടോരു മുഴുവൻ ഒറ്റ ചോദ്യായിരുന്നു.
ദെവിടാരുന്നു ഇത്രേം നാളും. സിനിമാക്കാരുടെ ഭാഷേല് ഇനിഷ്യൽ പുള്ളങ്ട് (ഹയ്, പുള്ളീന്നുള്ള ആളാണേ) കേറി കേറി വന്നപ്പോ. ഹിറ്റുകള് അങ്ങനെ കൂടി കൂടി വന്നപ്പോ മ്മ്ടെ കുട്ടിക്ക് എല്ലാരും കൂടി ഒരു സ്‌റ്റൈലൻ പേരൊക്കെ ഇട്ടൂട്ടോ ലേഡി സൂപ്പർ സ്റ്റാർ. ഫസ്റ്റ് എൻട്രില്, തമിഴ് നാട്ടില് വരെ മ്മുടെ കുട്ടി അവരുടെ സ്വന്തം കുട്ടിയായി.
ഇവരിപ്പോ, ഒരു ബ്രാൻഡാണ്. ഒരു ബ്രാൻഡ് ഐക്കൺ ആണ്. അതിപ്പോ, കൊല്ലം എത്ര കഴിഞ്ഞാലും.. അങ്ങനെ തന്നെ നിക്കും. ഒരു പെണ്ണിന്റെ ഡ്രീംസ് ന്, അല്ലെങ്കിലും ആർക്കാ എക്‌സ്പയറി ഡേറ്റ് ഇടാൻ പറ്റാ? കുട്ടി പൊരിക്കട്ടെന്നേ. ആ കുട്ടിക്ക്, നല്ല ജിമിട്ടൻ പിറന്നാളാശംസകളോള് എന്നായിരുന്നു സുനീഷ് വരനാടിന്റെ കുറിപ്പ്.
അതേ സമയം മരയ്ക്കാർ അറബി കടലിന്റൈ സിഹം, ജാക്ക് ആൻഡ് ജിൽ, ലളിതം സുന്ദരം തുടങ്ങിയവായാണ് മഞ്ജുവിന്റെ പുറത്ത് ഇറങ്ങാനുള്ള ചിത്രം. പടവെട്ട്, മേരി ആവാസ് സുനോ, വെള്ളരിക്കപ്പട്ടണം, 9 എംഎം, കാപ്പ തുടങ്ങിയവായാണ് അണിയറയിൽ ഒരുങ്ങുന്ന മഞ്ജുവിന്റെ സിനിമകൾ. മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പമുള്ള പ്രീസ്റ്റ്, ചതുർമുഖം എന്നിവയാണ് മഞ്ജുവിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ.