മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് 2016 ൽ പുറത്തിറങ്ങിയസൂപ്പർഹിറ്റ് ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. അനു ഇമ്മാനുവൽ ആയിരുന്നു നായിക. ജോജു ജോർജ്, കലാഭവൻ പ്രജോദ്, സൂരജ് വെഞ്ഞാറമ്മൂട് എന്നിവർക്ക് ഒപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിച്ചിരുന്നു.
അക്കൂട്ടത്തിൽ പ്രേക്ഷകരുടെ ഇടയിലേക്ക് എത്തപ്പെട്ട താരമാണ് കോബ്ര രാജേഷ് എന്ന രാജേഷ്. സിനിമയിൽ പോലീസിന്റെ വയർലസ് മോഷ്ടിച്ച് അതിലൂടെ പൊലീസുകാരെ മുഴുവൻ വട്ടം കറക്കി രാജേഷിന്റെ കോബ്ര എന്ന കഥാപാത്രം പ്രേക്ഷകരെ ചിരിപ്പിച്ചതിന് കണക്കില്ല. നാടകവും മിമിക്രിയുമായി കലാരംഗത്ത് സജീവനായിരുന്ന രാജേഷാണ് കോബ്രയായി സിനിമയിൽ എത്തിയത്.
ആദ്യ സിനിമയിലെ കഥാപാത്രം തന്നെ ഹിറ്റായതോടെയാൻ കോബ്ര രാജേഷായി അദ്ദേഹം മാറിയത്. അതേ സമയം കോവിഡ് ലോക്ക്ഡൗൺ കോബ്ര രാജേഷിന്റെ സിനിമ ജീവിതത്തെ താൽക്കാലികമായി ബ്രേക്ക് ഡൗണിലാക്കിയ അവസ്ഥയിലാണ്. സിനിമ ഇല്ലാതായതോടെ ജീവിക്കാൻ വേണ്ടി ഉണക്കമീൻ കച്ചവടത്തിന് ഇറങ്ങിയിരിക്കുകയാണ് ഇപ്പോൾ രാജേഷ്.
ഇപ്പോൾ രാജേഷ് ഉപജീവന മാർഗ്ഗം കണ്ടെത്തുന്നത് ആലപ്പുഴയിലെ വളഞ്ഞവഴി കടപ്പുറത്തിട്ട് മീൻ ഉണക്കി വിൽപ്പന നടത്തിയാണ്. നേരത്തെ ഓഖി ഏൽപ്പിച്ച ആഘാതത്തെ ചെറുത്ത് മുന്നോട്ടുപോകുന്നതിനിടെയാണ് രാജേഷിന്റെ ജീവിതത്തിൽ ഇപ്പോൾ കൊറോണ വെല്ലുവിളി ഉയർത്തിയിരിക്കുന്നത്.
കടപ്പുറത്തിന് അടുത്തുള്ള വീട്ടിലായിരുന്നു രാജേഷ് താമസിച്ചിരുന്നത്. എന്നാൽ ശക്തമായി ആഞ്ഞടിച്ച ഓഖി കൊടുങ്കാറ്റിൽ ആ വീട് നിലം പൊത്തുകയായിരുന്നു. അന്നു മുതൽ വാടക വീടാണ് താരത്തിന് ആശ്രയം. ആദ്യ ചിത്രം തന്നെ ശ്രദ്ധ നേടിയതോടെ താരത്തെ തേടി കൂടുതൽ സിനിമകളിൽ അവസരം ലഭിച്ചുവരികയായിരുന്നു.
ചെറിയ ചെറിയ വേഷങ്ങളിലൂടെ ജീവിക്കാനുള്ള വരുമാനം ഇതോടെ കിട്ടിത്തുടങ്ങിയിരുന്നു. അതിനിടെയാണ് ലോക്ക്ഡൗൺ ജീവിതത്തിൽ വെല്ലുവിളിയാകുന്നത്. ജീവിക്കാൻ വേണ്ടി കോബ്ര രാജേഷ് സിനിമ വരുമാനം നിന്നതോടെയാണ് ഉണക്കമീൻ വിൽപ്പനയ്ക്ക് ഇറങ്ങിയത്.
അമ്മയും ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് രാജേഷിന്റെ കുടുംബം. താൽക്കാലിക ജീവനോപാധിയായായാണ് ഉണക്കമീൻ കച്ചവടം രാജേഷ് കൊണ്ട് പോകുന്നത്. സിനിമ വീണ്ടും സജീവാകുമ്പോൾ അഭിനയരംഗത്തേക്ക് മടങ്ങണമെന്നാണ് കോബ്ര രാജേഷിന്റെ ആഗ്രഹം.