മലയാള സിനിമയിലേക്ക് മിമിക്രി രംഗത്ത് നിന്നും എത്തി തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നാദിർഷ. നാദിർഷയെ അറിയാത്ത മലയാളികളിന്നില്ല. ഒരു കാലത്ത് കേരളത്തിലെ പാരഡി ഗാനങ്ങളുടെ കുലപതി ആയിരുന്നു നാദിർഷ. വിഡി രാജപ്പൻ കഴിഞ്ഞാൽ പാരഡി ഗാനങ്ങളിലൂടെ ഒരു ട്രെൻഡ് തന്നെ തീർത്ത കലാകാരനായിരുന്നു നാദിർഷ. ഇപ്പോൾ സംവിധായകനും എഴുത്തുകാരനും നടനുമാണ് നാദിർഷ
ഒരു നടനാവാൻ ആഗ്രഹിച്ച നാദിർഷ പിന്നീട് മലയാള സിനിമയിലെ വിവിധ മേഖലകളിൽ അദ്ദേഹം തിളങ്ങുക ആയിരുന്നു. ചെറിയ വേഷങ്ങളിലൂടെയാണ് ആദ്യം സിനിമയിൽ എത്തിയത്. എന്നാൽ അഭിനയത്തിൽ അത്രയധികം തിളങ്ങാൻ നാദിർഷയ്ക്കായില്ല. എന്നാൽ ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ, സംവിധായകൻ എന്നീ മേഖലകളിൽ ശോഭിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
അമർ അക്ബർ അന്തോണി എന്ന 2015 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് നാദിർഷ സിനിമ സംവിധായകനാകുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ നമിത പ്രമോദ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ഈ ചിത്രത്തിലൂടെ ജനപ്രിയ സംവിധായകൻ എന്ന പേര് നാദിർഷയ്ക്ക് ലഭിക്കുകയായിരുന്നു.
അമർ അക്ബർ അന്തോണിക്ക് വേണ്ടി തിരക്കഥ എഴുതിയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജ്ജും ആയിരുന്നു നാദിർഷായുടെ രണ്ടാമത്തെ ചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷനും വേണ്ടി തിരക്കഥ എഴുതിയത്. ഈ ചിത്രവും വൻ വിജയം നേടിയിരുന്നു.
2019 ൽ പുറത്തിറങ്ങിയ മേരാനാ ഷാജിയാണ് നാദിർഷ സംവിധാനം ചെയ്ത മറ്റൊരു ചിത്രം. ഈശോ, കേശു ഈ വീടിന്റെ നാഥൻ എന്നീ ചിത്രങ്ങൾ ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. ദിലീപ് നായകനായി എത്തുന്ന ഈ സിനിമയിൽ ഉർവ്വശിയാണ് നായിക. ദിലീപിന്റെ വ്യത്യസ്ത ഗെറ്റപ്പ് കൊണ്ട് ഇതിനോടകം തന്നെ ശ്രദ്ധേയമായിരിക്കുകയാണ് ഈ ചിത്രം.
ഉറ്റ സുഹൃത്തുക്കളായ നാദിർഷയും ദിലീപും വർഷങ്ങളായി വളരെ അടുത്ത സുഹൃത്തുക്കളാണ്. സിനിമയിൽ എത്തുന്നതിന് മുമ്പു തന്നെ ദിലീപും നാദിർഷയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇപ്പോഴിതാ, ദിലീപിനൊപ്പമുള്ള തന്റെ ഉമ്മയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് നാദിർഷ. എന്റെ ഉമ്മ, ദിലീപിന്റെയും എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം ഇതിനോടകം വൈറലാണ്.
അതേ സമയം നാദിർഷ തന്റെ ജയസൂര്യ ചിത്രത്തിന് ‘ഈശോ’ എന്നു പേരിട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. കാത്തോലിക്ക കോൺഗ്രസ് ഈശോ എന്ന പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയാണ് ഈശോ സിനിമയുടെ ഉദ്ദേശം എന്നാണ് കത്തോലിക്ക കോൺഗ്രസിന്റെ ആരോപണം. എന്നാൽ പേര് മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് നാദിർഷയും വ്യക്തമാക്കിയിരുന്നു.