മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവിലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് യുവ കൃഷ്ണ. സീകേരള ചാനലിലെ പൂക്കാലം വരവായ് എന്ന പരമ്പരയിലെ സംയുക്തയായി ഇപ്പോൾ കൈയ്യടി നേടുന്ന നടിയാണ് മൃദുല വിജയ്. ഇരുവരും ഇക്കഴിഞ്ഞ ജൂലൈ എട്ടാം തീയിതി വിവാഹിതരയാരുന്നു.
തിരുവവന്തപുരത്തെ ആറ്റുകാൽ അമ്പലത്തിൽ വച്ചായിരുന്നു യുവ മൃദുലയുടെ കഴുത്തിൽ താലി ചാർത്തിയത്. അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്. 2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. ഏക സഹോദരി പാർവ്വതി.
സംഗീത നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയും ചേച്ചിമാർ. സീരിയൽ മേഖലയിലുള്ള രണ്ടു പേരുടെ വിവാഹമാണെങ്കിലും ഇതൊരു പ്രണയവിവാഹമല്ല. രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹം. യുവയുടേയും മൃദുലയുടേയും ഏറ്റവും അടുത്ത സുഹൃത്തും പ്രമുഖ സീരിയിൽ നടിയുമായ രേഖാ രതീഷ് വന്ന ആലോചന രണ്ട് കുടുംബക്കാർക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു. അഭിനയമല്ലാതെ മാജിക്കും മെന്റലിസവുമാണ് യുവയുടെ ഇഷ്ടമേഖലകൾ. മൃദുലയ്ക്ക് നൃത്തവും.
ഇപ്പോഴിതാ വിവാഹ ശേഷം ഭർത്താവ് യുവ കൃഷ്ണയുടെ വീട്ടിലേക്ക് പ്രവേശിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മൃദുല വിജയ്. ആചാര പ്രകാരം നിലവിളക്ക് തിരിതെളിച്ച് കൈയ്യിൽ പിടിച്ചു കൊണ്ടാണ് മൃദുല യുവകൃഷ്ണയുടെ വീട്ടിലേക്ക് വലതുകാൽ വെച്ചത്. ഉണ്ണിയേട്ടനൊപ്പം പുതിയ തുടക്കം എന്നാണ് വീഡിയോയ്ക്ക് ഒപ്പം മൃദുല കുറിച്ചത്.
അതേ സമയം മിനിസ്ക്രീനിലെ സൂപ്പർ താരങ്ങൾ ആണെങ്കിലും ഇരുവരും ഇതുവരെ ഒന്നിച്ച് സീരിയലുകളിൽ എത്തിയിട്ടില്ല. വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് നിമിഷങ്ങളുടെ അനുഭൂതി പറഞ്ഞറിയിക്കാനാവില്ലെന്നാണ് യുവയും മൃദുലയും പറയുന്നത്. യുവയോട് ചേർന്നുള്ള ചിത്രമായിരുന്നു മൃദുല ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തത്. യുവയും ഇതേ ചിത്രം തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.