എല്ലാ എതിർപ്പുകളും അതിജീവിച്ച് അന്തസ്സോടെ കൂടെ താമസിപ്പിച്ചു, വെറുമൊരു വീട്ടമ്മയാക്കാതെ മികച്ച കലാകാരിയാക്കി; ഇതാണ് നട്ടെല്ലുള്ള പുരുഷൻ, വൈറൽ കുറിപ്പ്

174

മലയാള സിനിമാ സീരിയൽ രംഗത്ത് ഏറെക്കാലം തിളങ്ങി നിന്നിരുന്ന താരമാണ് ലക്ഷ്മി പ്രിയ. ഒരു പിടി മികച്ച സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടികൂടിയാണ് ലക്ഷ്മി പ്രിയ. ഹാസ്യമാണെങ്കിലും അഭിനയ പ്രധാന്യമുള്ള വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന നടിയാണ് ലക്ഷ്മിപ്രിയ. സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം.

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി 2005ൽ പുറത്തിറങ്ങിയ നരൻ എന്ന സിനിമയിലൂടെ ആണ് അഭിനയ രംഗത്തേക്ക് എത്തിയത്. നരനെ തുടർന്ന വളരെ പെട്ടെന്നാണ് ലക്ഷ്മിപ്രിയ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ ജനപ്രീതി നേടിയെടുക്കാൻ ലക്ഷ്മി പ്രിയയ്ക്ക് കഴിഞ്ഞു.

Advertisements

ഹാസ്യടച്ചുള്ള വേഷങ്ങളാണ് ലക്ഷ്മിയ്ക്ക് കൂടുതലും അവസരങ്ങൾ നേടി കൊടുത്തത്. കരിയറിൽ എന്നത് പോലെ കുടുംബ ജീവിതത്തിലും സന്തുഷ്ടയായി കഴിയുകയാണ് നടി. അതേ സമയം ലക്ഷ്മി പ്രിയയും ഭർത്താവ് ജയേഷും പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതം പൂർത്തിയാക്കിയിരിക്കുകയാണ്. ഏപ്രിൽ 21 നായിരുന്നു ഇരുവരും വിവാഹ വാർഷികം ആഘോഷിച്ചത്.

പതിനാറ് വയസ് മുതൽ ജയേഷിനൊപ്പമുള്ള ജീവിതത്തെ കുറിച്ച് ലക്ഷ്മി പറഞ്ഞിരുന്നു. ശേഷം നടിയുടെ ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം തന്റെ പേരിൽ വിമർശനങ്ങളുമായി വരുന്നവർക്കുള്ള തക്കമറുപടി ലക്ഷ്മി തന്നെ കൊടുത്തിരുന്നു. ഒപ്പം ഭർത്താവ് ജയേഷ് നൽകുന്ന പിന്തുണകളെ കുറിച്ചും സൂചിപ്പിച്ചിരുന്നു.

ഇപ്പോഴിതാ ലക്ഷ്മിപ്രിയയെ കുറിച്ചും അവരുടെ ഭർത്താവിനെ കുറിച്ചും മാധ്യമപ്രവർത്തകയായ സ്‌നിഗ്ദ വിജയ് എഴുതിയ കുറിപ്പ് വൈറലാവുകയാണ്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

ലക്ഷിപ്രിയയുടെ ജയ്. 2005 2008 കാലഘട്ടത്തിൽ കൈരളി ടിവിയുടെ ഓഫീസിൽ വച്ചാണ് ഞാൻ ലക്ഷ്മി പ്രിയയെ കാണാറുണ്ടായിരുന്നത്. ലക്ഷിപ്രിയ അവതരിപ്പിക്കുന്ന ഫോൺ ആൻഡ് ഫൺ പ്രോഗ്രാം കഴിഞ്ഞാണ് എന്റെ ന്യൂസ് ബുള്ളറ്റിൻ. ആ സമയത്തു ഞാൻ ഫ്രീ ആയിരിക്കുന്നത് കാരണം ലക്ഷ്മി പ്രിയയുടെ പരിപാടി സാകൂതം വീക്ഷിക്കാറുണ്ടായിരുന്നു.

ഫോണിൽ വരുന്ന എല്ലാ ചോദ്യങ്ങൾക്കും മാന്യമായി മറുപടി കൊടുത്തു ആരെയും ബോറടിപ്പിക്കാതെ ശുദ്ധ മലയാളത്തിൽ ക്ഷമാപൂർവം. മേറ്റൊന്ന് എന്നെ ആകർഷിച്ചത് ആ വസ്ത്രധാരണവും മുടിയും. ചില പരിപാടികൾ അവതരിപ്പിക്കാൻ വരുന്ന കുറച്ചു പെൺപിള്ളേരുണ്ട് വസ്ത്രവും മുടിയും പിന്നെ വായിൽ നിന്നും വീഴുന്ന ആഷ്പുഷ് ഇംഗ്ലീഷും.

ജനിച്ചതും വളർന്നതും അങ്ങ് അമേരിക്കയിൽ ആയതു കൊണ്ട് വല്ല ഉച്ചാരണ തെറ്റും ഉണ്ടെങ്കിൽ പ്ലീസ് ശമിക്കണം എന്ന അമേരിക്കൻ സ്‌റ്റൈൽ പക്ഷേ കാട്ടാകട ബോൺ. റിസപ്ഷനിൽ ലക്ഷ്മിപ്രിയയെ കാത്തിരുന്ന ചെറുപ്പകാരനെയും ഞാൻ ശ്രദ്ധിച്ചിരുന്നു. ഒരു ദിവസം ഞങ്ങൾ പരിചയപെട്ടു. അഞ്ചു മിനുട്ടു സംസാരിച്ചാൽ മതി ആരും അദ്ദേഹത്തിന്റെ സൗഹൃദം ഇഷ്ടപ്പെടും.

മഹാനായ കലാകാരൻ പട്ടണക്കാട് പുരുഷോത്തമന്റെ മകനാണ് ലക്ഷിപ്രിയയുടെ ഭർത്താവായ ഈ സൗമ്യനായ ചെറുപ്പക്കാരൻ എന്നതും എനിക്ക് പുതിയ ഒരറിവായിരുന്നു. ഇടയ്ക്കൊക്കെ ഞങ്ങൾ സംസാരിക്കുമായിരുന്നു. അങ്ങനെ ഞങ്ങൾ സുഹൃത്തുക്കളായി. അവരുടെ പ്രണയം, വിവാഹം, കലാജീവിതം അങ്ങനെ ഒരുപാടു കാര്യങ്ങൾ അദ്ദേഹം പങ്കുവച്ചു. മനസ്സിൽ കളങ്കമില്ലാത്ത നന്മനിറഞ്ഞ ഈ മനുഷ്യനെ ലക്ഷിപ്രിയ ജീവിതപങ്കാളി ആക്കിയതിൽ എനിക്ക് അന്നുമിന്നും ഒരു അത്ഭുതവുമില്ല.

പ്രോഗ്രാം കഴിഞ്ഞു വരുമ്പോൾ സംസാരിച്ചിരിക്കുന്ന എന്നോട് ലക്ഷ്മിപ്രിയ പുഞ്ചിരിക്കും. അപ്പോഴേക്കും എന്റെ ന്യൂസ് പ്രോഗ്രാമിന്റെ സമയമായിട്ടുണ്ടാവും അത് കൊണ്ട് ലക്ഷ്മിപ്രിയയോട് സംസാരിക്കാൻ സമയം കിട്ടാറില്ല. പിന്നെ ഞാൻ ന്യൂസ് ബ്യൂറോയിലേക്ക് മാറിയതോടെ അവരെ നേരിൽ കാണാനോ സംസാരിക്കാനോ സാധിച്ചിട്ടില്ല. പക്ഷെ ലക്ഷ്മിപ്രിയയുടെ ഒരുപാടു സിനിമകളും ടിവി പരിപാടികളും കണ്ടു.

സോഷ്യൽ മീഡിയയിൽ അവരുടെ ശക്തമായ ഇടപെടലുകൾ, ആർജവമുള്ള നിലപാടുകൾ, ചങ്കൂറ്റത്തോടെയുള്ള മറുപടികൾ പതിവ് പോലെ എന്നെ വിസ്മയിപ്പിച്ചില്ല. കാരണം ലക്ഷ്മിപ്രിയക്ക് കൂട്ടിനുള്ളത്. ഇന്നലെ മിക്ക മാധ്യമങ്ങളും വാഴ്ത്തിപ്പാടി പുറത്തു വിട്ട അപൂർവ പ്രണയകഥയിലെ നായകനെ പോലെ ഉള്ള ഒരാളല്ല.

സ്വന്തം വീട്ടുകാരെ ഭയന്ന് പത്തുവർഷം അനാരോഗ്യകരമായ സാഹചര്യത്തിൽ ഒരേവീട്ടിൽ ശുചിമുറി പോലുമില്ലാത്ത സ്വന്തം മുറിയിൽ കാമുകിയെ കഷ്ടപ്പെട്ട് താമസിപ്പിച്ച ഭീരുവല്ല. പ്രണയിനി അകത്തു പതിറ്റാണ്ടു രഹസ്യമായി ഇരുന്നപ്പോൾ പുറത്തു ഇറങ്ങി ശുദ്ധവായു ശ്വസിച്ച മാനസിക രോഗിയല്ല. മകൾ നഷ്ടപെട്ട ദുഃഖത്തിൽ നീറി ജീവിക്കുന്ന മാതാപിതാക്കളെ പരിഹസിച്ചു കൊണ്ട് തൊട്ടടുത്ത് ഒരു ചുമരിനുള്ളിൽ ഒളിപ്പിച്ചവനല്ല.

മറിച്ച്, എല്ലാ എതിർപ്പുകളും അതിജീവിച്ചു സ്നേഹിച്ചപെണ്ണിനെ അവളുടെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞു അന്തസ്സോടെ കൂടെ താമസിപ്പിച്ചു, വെറുമൊരു വീട്ടമ്മയാക്കി വീട്ടിലിരുത്താതെ കലാരംഗത്തെ സ്വന്തം തിരക്കുകൾ മാറ്റി വച്ച് പകരം കഴിവുറ്റ കലാകാരിയെ മലയാളത്തിന് സമ്മാനിച്ചും, സമൂഹത്തിൽ നടക്കുന്ന അനീതികൾക്കെതിരെ ശബ്ദമുയർത്തുമ്പോൾ എല്ലാ പിന്തുണയും നൽകി 20 വർഷമായി പ്രിയപ്പെട്ടവളെ ചേർത്ത് നിർത്തുന്ന ജയ് എന്ന കലാകാരനാണ്.

ആ ജയ് യെ ഓർത്താണ് എനിക്ക് അഭിമാനം. ഈ ലോകത്തിനു വേണ്ടതും ഇതുപോലെ നട്ടെല്ലുള്ള ആണുങ്ങളെയാണെന്നും സ്‌നിഗ്ദ കുറിക്കുന്നു.

Advertisement