മലയാള സിനിമയിൽ തിരക്കഥകൃത്തായും നടനായും പ്രേക്ഷകരുടെ ഇഷ്ടം നടിയെടുത്ത നടനാണ് ചെമ്പൻ വിനോദ് ജോസ്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ ചെമ്പൻ വിനോദ് ഹാസ്യ വേഷങ്ങളും വില്ലൻ വേഷങ്ങളും നായക വേഷങ്ങളും തുടങ്ങി എല്ലാത്തരം റോളുകളും ചെയ്ത് കയ്യടി വാങ്ങി കഴിഞ്ഞു.
നായകൻ എന്ന മലയാള ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. വില്ലനായും നായകനായും സഹനടനായുമൊക്കെ ചെമ്പൻ വിനോദ് പിന്നീട് മലയാളത്തിൽ തിളങ്ങുകയായിരുന്നു. ആമേൻ, സപ്തമശ്രീ തസ്‌കരഹ, ഇയ്യോബിന്റെ പുസ്തകം, പൊറിഞ്ചുമറിയം ജോസ് ഉൾപ്പെടെയുളള സിനിമകളാണ് ചെമ്പൻ വിനോദിന്റേതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്.
അഭിനേതാവ് എന്നതിലുപരി തിരക്കഥാകൃത്തായും നിർമ്മാതാവായുമെല്ലാം ചെമ്പൻ ശ്രദ്ധിക്കപ്പെട്ടിരുന്നു
ഇപ്പോൾ ഒരുപിടി മികച്ച ചിത്രങ്ങളുമായി എത്താൻ ഒരുങ്ങുകയാണ് ഈ നടൻ. അതേ സമയം കഴിഞ്ഞ ദിവസം നടന്ന പൂച്ചക്കൊരു മൂക്കുത്തി റീയൂണിയൻ എന്ന ക്ലബ് ഹൗസ് സംവാദത്തിൽ ചെമ്പൻ വിനോദ് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറലാകുന്നത്.
മോഹൻലാൽ, പ്രിയദർശൻ എന്നിവരുടെ കടുത്ത ആരാധകൻ ആയ താൻ, ഇവരുടെ റെക്കോർഡ് ഹിറ്റ് ആയ കിലുക്കം എന്ന ചിത്രം എറണാകുളം കവിത തീയേറ്ററിൽ കണ്ടത് 12 തവണ ആണെന്ന് ചെമ്പൻ വിനോദ് പറയുന്നത്. അതുപോലെ ചെമ്പൻ ആദ്യമായി മോഹൻലാൽ പ്രിയദർശൻ ടീമിനൊപ്പം ജോലി ചെയ്ത ചിത്രമാണ് ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഒപ്പം.
അതിൽ താൻ ജോയിൻ ചെയ്ത ദിവസം തന്നെ ഷൂട്ട് ചെയ്തത് ആ ചിത്രത്തിലെ സൂപ്പർഹിറ്റ് കോമഡി രംഗം ആയിരുന്നു എന്നും ചെമ്പൻ ഓർക്കുന്നു. മാമുക്കോയയും ചെമ്പൻ വിനോദും തകർത്തഭിനയിച്ച ആ രംഗം തീയേറ്ററുകളിൽ വലിയ പൊട്ടിച്ചിരി ആണ് ഉണ്ടാക്കിയത്.
മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ മോഹൻലാൽ പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലേക്കും പ്രിയദർശൻ ചെമ്പൻ വിനോദിനെ ക്ഷണിച്ചിരുന്നു. എന്നാൽ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ തിരക്കുകളിൽ ആയത് കൊണ്ട് ചെമ്പന് ആ ചിത്രം ചെയ്യാൻ സാധിച്ചില്ല.
മങ്ങാട്ടച്ഛൻ എന്ന റോൾ ആയിരുന്നു ചെമ്പന് വേണ്ടി പ്രിയൻ കരുതി വെച്ചത്. പിന്നീട് ആ വേഷം ചെയ്തത് ഹരീഷ് പേരാടി ആണ്. അതേ സമയം മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ റിലീസ് അനശ്ചിതമായി നീണ്ടുപോവുകയാണ്.
കഴിഞ്ഞ വർഷം മാർച്ചിൽ റിലീസ് ചെയ്യേണ്ട ചിത്ര കോവിഡ് ലോക്ക്ഡൗൺ മൂലം മാറ്റി വെക്കുകയായിരുന്നു. അതേ സമയം ചിത്രം ഒടിടി റിലീസ് ആയി എത്താൻ സാധ്യതയുണ്ടെന്നും ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.