തൊണ്ണൂറുകളിൽ മലയാള സിനിമയിൽ സൂപ്പർ താരങ്ങൾക്ക് ഒപ്പം തന്നെ വിജയം നേടിയെടുക്കുന്ന ചിത്രങ്ങൾ ആയിരുന്നു രണ്ടാം നിരനായകമാരെ വെച്ച് ചെയ്ത ലോ ബഡ്ജറ്റ് ചിത്രങ്ങൾ. ഒന്നിലധികം നായകൻമാരുമായി എത്തുന്ന ഇത്തരം ചിത്രങ്ങൾ എല്ലാം തകർപ്പൻ വിജയം ആയിരുന്നു നേടിയെടുത്തത്,
മിക്ക ചിത്രങ്ങളിലും നാൽവർസംഘം നായകൻമാരായി എത്തുമെന്നത് ആയിരുന്നു ഇത്തരം ചിത്രങ്ങളുടെ പ്രത്യേകത. മുകേഷും ജഗദീഷും സിദ്ധിഖും അശോകനും ഒക്കെയായിരുന്നു ഈ ചിത്രങ്ങളിൽ കൂടുതലും നായകൻമാരായിരുന്നത്. അവയിൽ തന്നെ ജഗദീഷും സിദ്ദിഖും നായകന്മാരായി ഒരുമിച്ചഭിനയിച്ച നിരവധി ചിത്രങ്ങളുണ്ട്. എല്ലാം ഒന്നിനൊന്ന് മികച്ച് നിൽക്കുന്നവയുമാണ്.
മിമിക്സ് പരേഡ് എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് ആരംഭിക്കുന്നത്. എന്നാൽ മിമിക്സ് പരേഡിൽ ജഗദീഷിന് പകരം ആ വേഷം ചെയ്യേണ്ടിയിരുന്നത് നടൻ മുകേഷാണ്. തുടക്കം മുതൽ ആ വേഷം മുകേഷിന് നൽകിയെങ്കിലും അദ്ദേഹം പിന്മാറിയതോടെ അത് ജഗദീഷിലേക്ക് എത്തുകയായിരുന്നു.
അതേ സമയം മുകേഷിനോടുള്ള വാശിയ്ക്കാണ് ആ വേഷം ജഗദീഷിന് കൊടുത്തതെന്നാണ് തിരക്കഥാകൃത്തായ കലൂർ ഡെന്നീസ് പറയുന്നത്. പിന്നീട് ജഗദീഷ് സിദ്ദിഖ് കൂട്ടുകെട്ട് ഹിറ്റാവുകയും അതിലൂടെ നിരവധി സിനിമകൾ വരികയും ചെയ്തുവെന്ന് മനോരമയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെ ഡെന്നീസ് പറയുന്നത്.
മിമിക്സ് പരേഡ് എന്ന ചിത്രത്തിൽ സിദ്ദിഖും ജഗദീഷും നായകന്മാരായി വരുന്നത് പ്രത്യേക സാഹചര്യത്തിലാണ്. ഈ ചിത്രത്തിൽ ആദ്യം നായകനാക്കാൻ പറഞ്ഞ് വച്ചിരുന്നത് നടൻ മുകേഷിനെയാണ്. ഞാൻ എഴുതിയ ഗജകേസരിയോഗം, ഇന്നത്തെ പ്രോഗ്രാം എന്നീ സിനിമകളിലെ നായകൻ മുകേഷായിരുന്നു. രണ്ട് ചിത്രങ്ങളും വിജയം വരിക്കുകയും ചെയ്തു.
മിമിക്സ് പരേഡിന്റെ ഷൂട്ടിങ് അടുത്ത് വന്നപ്പോൾ പെട്ടെന്നാണ് മുകേഷിന് രാജീവ് കുമാറിന്റെ ഒറ്റയാൾ പട്ടാളം എന്ന ചിത്രത്തിൽ ഹിന്ദി നടി മധുബാലയുടെ കൂടെ അഭിനയിക്കാനുള്ള അവസരം വന്നത്. അതോടെ മുകേഷ് പല കാരണങ്ങൾ പറഞ്ഞ് ഞങ്ങളെ തഴഞ്ഞ് അതിന് പിന്നാലെ പോയി.
ഷൂട്ടിങ്ങ് തുടങ്ങാൻ സമയമായതിനാൽ ഞങ്ങളാകെ പ്രതിസന്ധിയിലായി. അവസാനം എന്റെ ഒരു വാശിയിലാണ് മുകേഷിന് പകരം ജഗദീഷ് നായകനായി വന്നത്. ജഗദീഷിന് പെട്ടെന്ന് നായകനാകാൻ പേടിയായിരുന്നു. എല്ലാം നിമിത്തം പോലെ വന്ന് ഭവിക്കുകയാണ് ചെയ്തത്.
അതേ സമയം മുകേഷിന്റെ ഒറ്റയാൾ പട്ടാളം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ആദ്യ കാലങ്ങളിലുള്ള കടപ്പാടുകളൊക്കെ മറന്ന് മുകേഷ് പുതിയ തീരങ്ങൾ തേടി പോവുകയായിരുന്നു. അതിന് ശേഷം കുറേ കാലത്തേക്ക് മുകേഷിനെ എന്റെ ഒരു ചിത്രത്തിലും ഞാൻ സഹകരിപ്പിച്ചില്ല. പിന്നെ പ്രൊഫഷനല്ലേ, പേഴ്സണലായിട്ടുള്ള പിണക്കമോ പരിഭവമോ ഒന്നും വച്ച് പുലർത്താൻ പറ്റില്ലല്ലോ.
അതുകൊണ്ട് കുറേ കാലത്തിന് ശേഷം വീണ്ടും എന്റെ ചിത്രങ്ങളിലേക്ക് മുകേഷിനെ വിളിച്ച് തുടങ്ങിയെന്ന് ഡെന്നീസ് പറയുന്നു. 1991 മുതൽ നാലഞ്ച് വർഷത്തോളം മലയാള സിനിമ ജഗദീഷിന്റെ പിന്നാലെയായിരുന്നു. സൂപ്പർ താരങ്ങളോട് വരെ മത്സരിച്ച് ജഗദീഷിന്റെ സിനിമകൾ വിജയം നേടിയിട്ടുണ്ട്.
ഇൻഹരിഹർ നഗറിലെ നാല് പേരിൽ നായകൻ മുകേഷാണ്. പക്ഷേ ഏറ്റവും കൂടുതൽ കൈയ്യടി വാങ്ങിയത് ജഗദീഷിന്റെ അപ്പുക്കുട്ടൻ എന്ന കഥാപാത്രമാണ്. അതുപോലെ ഹിറ്റ്ലർ, ഗോഡ് ഫാദർ തുടങ്ങിയ സിനിമകളിലെ വേഷവും ജഗദീഷിന് ജനപിന്തുണ നേടി കൊടുത്തിരുന്നു.
Also Read
എംസ് ധോണി തമിഴ് ചിത്രത്തിലൂടെ സിനിമയിലേക്ക്, ധോണിയുടെ ചിത്രത്തിൽ നായികയായി നയൻതാര, ആവേശത്തിൽ ആരാധകർ