രണ്ടു താരരാജാക്കൻമാരേയും എണ്ണിയാലൊടുങ്ങാത്ത സൂപ്പർഹിറ്റുകളും മലയാള സിനിമയ്ക്ക് സമ്മാനിച്ച തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്. മമ്മൂട്ടിയ്ക്കും മോഹൻലാലിനും തിരിച്ചുവരവിന് ഉജ്വലമായ രണ്ടു കഥാപാത്രങ്ങളെ സമ്മാനിച്ച ഡെന്നീസിന്റെ തൂലികയിൽ പിറന്ന വിൻസെന്റ് ഗോമസിലേക്ക് കഥ പോലും ചോദിക്കാതെ ആയിരുന്നു മോഹൻലാൽ എത്തിയത്.
മമ്മൂട്ടിയ്ക്ക് വേണ്ടി ഡെന്നീസ് എഴുതിയ കഥാപാത്രം മമ്മൂട്ടി നിരസിച്ചതിനെ തുടർന്ന് ആ വേഷം ആകസ്മികമായി മോഹൻലാലിലേക്ക് എത്തുകയായിരുന്നു. മൂന്ന് പതിറ്റാണ്ടായിട്ടും വിൻസെന്റ് ഗോമസും അദ്ദേഹത്തിന്റെ ഫോൺ നമ്പറായ ഡബിൾ ടൂ ഡബിൾ ഫൈവും മലയാളി ഇപ്പോഴും ആസ്വദിക്കുന്നതിന് കാരണം തിരക്കഥയും സംവിധാനമികവും മോഹൻലാലുമാണ്.
പരാജയപ്പെട്ട സംവിധായകൻ എന്ന പേര് മായ്ക്കാൻ തമ്പി കണ്ണന്താനവും കരിയറിൽ അൽപ്പം ഇടിവ് തട്ടി നിൽക്കുകയായിരുന്ന മോഹൻലാലിനും വേണ്ടി ഉണ്ടായ സിനിമയായിരുന്നു രാജാവിന്റെ മകൻ എന്നാണ് ഡെന്നീസിന്റെ തന്നെ അനുസ്മരണം. വിൻസെന്റ് ഗോമസായി മമ്മൂട്ടിയെ കണ്ടായിരുന്നു സിനിമ എഴുതിയത്. പക്ഷേ അന്ന് ഡേറ്റ് അദ്ദേഹത്തിനുണ്ടായിരുന്നില്ല.
മറ്റ് ചില കാരണങ്ങളായ കഥയിഷ്ടപ്പെട്ടിട്ടും മമ്മൂട്ടിയ്ക്ക് സിനിമയിൽ സഹകരിക്കാൻ കഴിയാതെയും വന്നു.
അന്ന് മമ്മൂട്ടി കഴിഞ്ഞാൽ പിന്നെ നിൽക്കുന്നത് മോഹൻലാൽ ആയിരുന്നു. അങ്ങിനെയായിരുന്നു സിനിമ മോഹൻലാലിലേക്ക് എത്തിയത്. പത്മരാജന്റെ സിനിമയുടെ സെറ്റിലായിരുന്നു മോഹൻലാൽ.
കഥ പറയാൻ എപ്പോൾ എത്തണം എന്ന് ചോദിച്ചപ്പോൾ കഥ കേൾക്കേണ്ട താൻ റെഡിയാണ് നിങ്ങളെ എനിക്ക് വിശ്വാസമാണ് എന്നായിരുന്നു ലാലിന്റെ മറുപടി. മമ്മൂട്ടിയ്ക്ക് വേണ്ടി മാറ്റി വെച്ച ഈ സിനിമ പിന്നീട് തമ്പി കണ്ണന്താനത്തിനും മോഹൻലാലിനും മറ്റൊരു ബ്രേക്കാണ് സമ്മാനിച്ചത്.
മമ്മൂട്ടിയ്ക്ക് വെച്ച വിൻസെന്റ് ഗോമസിനെ മോഹൻലാലിന് കിട്ടിയത് പോലെ ജഗതിക്ക് വെച്ചൊരു വേഷം സുരേഷ്ഗോപിക്ക് നൽകിയ കഥയും ഡെന്നീസിന്റെ അക്കൗണ്ടിലുണ്ട്. മമ്മൂട്ടി നായകനായ മനുഅങ്കിളിൽ സുരേഷ്ഗോപി അഭിനയിച്ച മിന്നൽപ്രതാപ് എന്ന രസികനായ പോലീസുകാരനെ ആദ്യം വെച്ചിരുന്നത് ജഗതിക്കായിരുന്നു.
എന്നാൽ ഒടുവിൽ അത് സുരേഷ്ഗോപിയിലേക്ക് എത്തുകയായിയരുന്നു. ജഗതിക്ക് തക്ക സമയത്ത് ഷൂട്ടിംഗിന് എത്താൻ കഴിയാതെ വന്നതോടെയാണ് സുരേഷ്ഗോപി വേഷം ചെയ്തത്. കൊല്ലം ആശ്രമം ഗസ്റ്റ് ഹൗസിലായിരുന്നു സിനിമയുടെ ക്ളൈമാക്സ് ചിത്രീകരിച്ചത്. ഷൂട്ടിംഗിനിടയിൽ സുരേഷ് ഗോപി ആകസ്മികമായി സെറ്റിലെത്തി.
വീട് കൊല്ലത്തായതിനാൽ ഡെന്നീസ് ജോസഫിനെയും ജോയ് തോമസിനെയും മറ്റു സഹപ്രവർത്തകരെയും ഊണ് കഴിക്കാൻ വീട്ടിലേക്ക് ക്ഷണിക്കാൻ വന്നതായിരുന്നു. ജഗതി വന്നിട്ടുമില്ല തുടർന്ന് വേറെ വർക്കുകളും തിരക്കുകളും ഇല്ലെങ്കിൽ മിന്നൽ പ്രതാപനെ അവതരിപ്പിക്കാൻ കഴിയുമോ എന്ന് ചോദിച്ചു.
സുരേഷ് ഗോപി അപ്പോൾ തന്നെ സമ്മതിച്ചു. ജഗതിയ്ക്ക് വേണ്ടി മാറ്റി വച്ച പോലീസ് യൂണിഫോമെടുത്ത് സുരേഷ് ഗോപിയ്ക്ക് നൽകി. സുരേഷ്ഗോപി വന്നയുടൻ ഷൂട്ടിങ്ങും തുടങ്ങുകയായിരുന്നു.