‘തുറമുഖം’ അചഞ്ചലരായ തൊഴിലാളി വർഗ്ഗത്തിന്റെ സമാനതകൾ ഇല്ലാത്ത പോരാട്ടത്തിന്റെ കഥ, രാജീവ് രവിയുടെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്: നിയാസ് ഇസ്മയിൽ എഴുതുന്നു

179

മൂവി റിവ്യു; നിയാസ് ഇസ്മയിൽ

പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമോ എന്ന ചരിത്രപ്രസിദ്ധമായ മുദ്രാവാക്യത്തിന് ആസ്പദമായ സംഭവ വികാസങ്ങളുടെ സിനിമാവിഷ്‌കാരമാണ് ‘തുറമുഖം’. 1953 സെപ്റ്റംബർ 15ന് സായുധരായ പോലീസ് സേനയോട് സംഘടിത തൊഴിലാളികൾ കല്ലു കൊണ്ടും മുദ്രാവാക്യങ്ങൾ കൊണ്ടും മാത്രം നടത്തിയ പോരാട്ടമായിരുന്നു അത്.

Advertisements

കേരളത്തിന്റെ പ്രധാന തൊഴിൽ കേന്ദ്രം അന്ന് കൊച്ചി തുറമുഖമായിരുന്നു. ചാപ്പയെറിഞ്ഞു മാത്രം തൊഴിൽ കൊടുക്കുകയും ന്യായമായ വേതനം നൽകാതിരിക്കുകയും ചെയ്തിരുന്നു അന്ന്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉള്ളവർ അന്ന് കൊച്ചിയിൽ ജോലി തേടിവന്നു.

പുന്നപ്രയിലും വയലാറിലും കയ്യൂരിലും ഒക്കെ സമരം ചെയ്തവരും പല കേസുകളിൽ ഒളിവിൽ പോയവരുമൊക്കെ ജോലി തേടി വന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവരുടെയും, വർഗ്ഗബോധം വന്ന തൊഴിലാളികളുടെയും നേതൃത്വത്തിൽ അവർ സമരം ചെയ്തു. തൊഴിലാളി വർഗ്ഗത്തെ അടിമകളാക്കുന്ന ചാപ്പ സമ്പ്രദായത്തിനും ന്യായമായ തൊഴിലിനും വേണ്ടിയായിരുന്നു സമരം.

Also Read
എന്റെ സിനിമാജീവിതത്തിലെ തന്നെ വലിയ പരാജയം, മോഹന്‍ലാലിനെ നായകനാക്കി ചെയ്ത ആ സിനിമ തെറ്റായിപ്പോയി, തുറന്നുപറഞ്ഞ് സിദ്ധിഖ്

കപ്പൽ മുതലാളിമാരും കങ്കാണിമാരും അവരുടെ അജ്ഞാനുവർത്തികൾ ആയ മറ്റ് തൊഴിലാളി യൂണിയനുകളും ഭരണകൂടത്തെയും പോലീസിനെയും ഉപയോഗിച്ച് സമരത്തെ അട്ടിമറിക്കാൻ നോക്കിയെങ്കിലും അചഞ്ചലരായ തൊഴിലാളി വർഗ്ഗത്തിന്റെ സമാനതകൾ ഇല്ലാത്ത പോരാട്ടത്തിന് മുന്നിൽ ആ ശ്രമങ്ങൾ തകർന്നുപോയ രോമാഞ്ച ജനകമായ ചരിത്രമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചരിത്ര കഥാപാത്രങ്ങളുടെ ജീവിത യാഥാർത്ഥ്യങ്ങളിലൂടെ, രണ്ട് തലമുറകളുടെ കഥയായാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. ചരിത്രത്തെ ആവിഷ്‌കരിക്കുമ്പോൾ സ്വീകരിക്കുന്ന സമീപനത്തിലെ വിട്ടുവീഴ്ചയില്ലായ്മ തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്.

ചരിത്രം നിർമിക്കുന്ന ജനതക്ക് എന്തെല്ലാം നഷ്ടപ്പെടുത്തേണ്ടി വരുമെന്ന് ചിത്രം ഓർമിപ്പിക്കുന്നു. കൊച്ചിയുടെ ചരിത്രം കീഴാള ചരിത്രമാണെന്നു കമ്മട്ടിപ്പാടത്തിലൂടെ ഉറക്കെ പറഞ്ഞ രാജീവ് രവി അതേ കയ്യൊതുക്കത്തിലൂടെയൊ അതിനു മുകളിലോ മട്ടാഞ്ചേരിയുടെ ചരിത്രവും ആവിഷ്‌കരിക്കുന്നു.

ഒരു കണക്കിന് മട്ടാഞ്ചേരിയിലെ മുസ്ലീങ്ങളുടെ ചരിത്രം കൂടിയാണത്. നരജീവിത നാടകങ്ങളുടെ അണിയറയും അരങ്ങും കയ്യൊതുക്കത്തോടെ ആവിഷ്‌കരിച്ച ഗോപൻ ചിദംബരത്തിന്റെ തിരക്കഥയും മികച്ചത് തന്നെ. അച്ഛന്റെ നാടകത്തോടു നീതി പുലർത്തിയ തിരക്കഥ. അഭിനയിച്ചവരുടെ എല്ലാം ഗംഭീര പ്രകടനമാണ് മറ്റൊരു പോസിറ്റീവ്.

പൂർണ്ണിമ അവതരിപ്പിച്ച ‘ഉമ്മ’ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ടു നീങ്ങുന്നത്. എടുത്തു പറയേണ്ട പ്രകടന മികവുണ്ട് അതിന്. നിവിൻ പോളി, അർജുൻ അശോകൻ, ജോജു ജോർജ്, മണികണ്ഠൻ ആചാരി,സുദേവ് നായർ, നിമിഷ, ദർശന തുടങ്ങിയവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ അങ്ങേയറ്റം നന്നായി അവതരിപ്പിച്ചു.

ആന്റണിയുടെ മുദ്രാവാക്യങ്ങളുടെ തീക്ഷണത അനുഭവിച്ചറിഞ്ഞു. ചിത്രത്തിന്റെ ആർട്ട് ഡയറക്ഷൻ, എഡിറ്റിംഗ് തുടങ്ങിയ ഡിപ്പാർട്ട്‌മെന്റ്കൾ എടുത്ത പണി കൂടി എടുത്തു പറയണം. ഓരോ ഫ്രെയിമും മനോഹരമാക്കിയ രാജീവ് രവിയുടെ തന്നെ ഛായാഗ്രഹണ മികവ് ചിത്രത്തെ കൂടുതൽ മികവുറ്റതാക്കി. ചിത്രത്തിന്റെ ദൈർഘ്യമാണ് അനുഭവപ്പെട്ട ഒരു കല്ലുകടി. അതാകട്ടെ അനിവാര്യമാണ് താനും. തൊഴിലാളി യൂണിയനുകളുടെ ആദ്യകാലത്തെ മുദ്രാവാക്യങ്ങളുടെ മനോഹാരിത അനുഭവിച്ചറിയേണ്ട ഒന്നാണ്.

രാജീവ് രവിയുടെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി തുറമുഖത്തെ വിലയിരുത്താം. സാമ്പത്തികമായ ചില പ്രശ്‌നങ്ങളിൽ തളർന്നു പോകാതെ ഈ സിനിമയുമായി മൂന്ന് വർഷക്കാലം ഓടിയ നിർമ്മാതാവ് സുകുമാർ തേക്കേപ്പാട്ടിനും അഭിമാനിക്കാം. മട്ടാഞ്ചേരിയുടെ സമര ചരിത്രം പോലെ അതിന്റെ ആവിഷ്‌കാരവും സിനിമ ചരിത്രത്തിൽ ഇടം പിടിക്കും എന്നതിൽ സംശയമില്ല.

(ഹയർ സെക്കണ്ടറി അധ്യാപകൻ ആണ് ലേഖകൻ)

Also Read
പ്രേക്ഷകരുടെ കാത്തിരിപ്പ് മുഷിപ്പിച്ചില്ല; തുറമുഖത്തിന് ഗംഭീര റിവ്യൂ! രാജീവ് രവിയും നിവിൻ പോളിയും പ്രതീക്ഷ തെറ്റിച്ചില്ലെന്ന് ആരാധകർ

Advertisement