പരസ്പരം സഹോദരങ്ങളെ പോലെ സ്‌നേഹം സൂക്ഷിക്കുന്ന മാതൃകാ താരരാജാക്കൻമാരാണ് മമ്മൂട്ടിയും മോഹൻലാലൂം. വ്യക്തിപരമായി മാത്രമല്ല ഇവരുടെ കുംടുംബാംഗങ്ങളും പരസ്പരം ചങ്കുപറിച്ച് സ്‌നേഹിക്കുന്നവരാണ്. ഇച്ചാക്കയെന്നാണ് മമ്മൂട്ടിയെ ലാലേട്ടൻ വിളിക്കുന്നത്. തിരിച്ച് മമ്മൂക്ക മോഹൻലാലനെ വിളിക്കുന്നത് ലാലു എന്നും.
ഇന്ത്യൻ സിനിമാ രംഗത്തിന് ആകെമാനം അത്ഭുതമാണ് മലയാളത്തിലെ ഈ രണ്ട് സൂപ്പർതാരങ്ങളുടേയും സൗഹൃദം. മറ്റൊരു ഭാഷയിലും ഇതുപോലെ സൗഹൃദം സൂക്ഷിക്കുന്ന സുപ്പർതാരങ്ങളെ കണ്ടെത്താനാവില്ലെന്നതാണ് സത്യം.
ഇപ്പോഴിതാ താരചക്രവർത്തി മോഹൻലാലും മലയാളത്തിന്റെ യുവ താരവും മെഗാസ്റ്റാറിന്റൈ മകനുമായ ദുൽഖർ സൽമാനും ഒന്നിച്ചുള്ള പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദുൽഖറിന്റെ പുതിയ വീട്ടിൽ നിന്നുള്ള ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം ദുൽഖർ സൽമാനും ഭാര്യ അമാലും അവരുടെ കുഞ്ഞു മകളുമുണ്ട്.
ദുൽഖറിന്റെ മകളെ, മോഹൻലാൽ ദൂരെയെന്തോ ചൂണ്ടി കാണിച്ചു കൊടുക്കുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് മെഗാ സ്റ്റാർ മമ്മൂട്ടി, മകൻ ദുൽഖറിനൊപ്പം തങ്ങളുടെ കൊച്ചിയിലെ പുതിയ വീട്ടിലേക്കു താമസം മാറിയത്.
കോവിഡ് പ്രതിസന്ധി സമയത്തു മോഹൻലാൽ ചെന്നൈയിൽ ആയിരുന്നത് കൊണ്ട് തന്നെ മമ്മൂട്ടിയുടെ പുതിയ വീട് സന്ദർശിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ കുറച്ചു നാൾ മുൻപാണ് മോഹൻലാൽ തന്റെ പ്രീയപ്പെട്ട ഇച്ചാക്കയുടെ വീട്ടിൽ പോയത്.
അന്ന് തന്നെ മോഹൻലാൽ മമ്മൂട്ടി എന്നിവർ ഒരുമിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
സുഹൃത്തുക്കൾ എന്നതിലുപരി സഹോദരങ്ങളെ പോലെ പരസ്പരം സ്‌നേഹിക്കുന്നവരാണ് ഇരുവരുമെന്നു ദുൽഖർ സൽമാൻ തന്നെ കുറച്ചു നാൾ മുൻപേ പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വർഷം മോഹൻലാലിനൊപ്പം ദുൽഖർ, പൃഥ്വിരാജ് എന്നിവരുള്ള ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരുന്നു. ഏതായാലും ഇന്ന് പുറത്തു വന്ന ഈ പുതിയ ചിത്രം മോഹൻലാൽ ആരാധകരും ദുൽഖർ സൽമാൻ ആരാധകരും സിനിമാ പ്രേമികളുമെല്ലാം വലിയ രീതിയിലാണ് ആഘോഷിക്കുന്നത്.