തമിഴിലെ യുവനടന്മാരിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടൻ ആര്യ. 1980 ഡിസംബർ 11ന് കേരളത്തിലെ കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിലാണ് താരം ജനിച്ചത്. ജന്മം കൊണ്ട് മലയാളിയാണെങ്കിലും തമിഴ് നടനായാട്ടായിരുന്നു താരം അറിയിപ്പെട്ടത്. ജംഷാദ് സീതിരകത്ത് എന്ന നാമത്തിൽ നിന്ന് സിനിമയിലേയ്ക്ക് എത്തിയപ്പോഴാണ് ആര്യ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. 2005ൽ ഉള്ളം കേക്കുമേ എന്ന ചിത്രത്തിലൂടെയാണ് നടൻ തമിഴകത്തേയ്ക്ക് എത്തിയത്. അറിന്തും അറിയാമലുമാണ് ആദ്യം റിലീസായ ആര്യയുടെ ചിത്രം.
പിന്നീടങ്ങോട്ട് തമിഴകത്ത് തന്റെതായ സ്ഥാനം ഉറപ്പിച്ചെടുക്കാൻ നടന് അധിക സമയം വേണ്ടി വന്നില്ല. ഇതുവരെ 20ലധികം ചിത്രങ്ങളിലാണ് ആര്യ അഭിനയിച്ചത്. പറ്റിയൽ, നാൻ കടവുൾ, മദ്രാസപ്പട്ടിണം, ബോസ് എങ്കിറ ബാസ്‌കരൻ, സാർപ്പട്ട പരമ്പരൈ എന്നിവയാണ് നടന്റെ ഹിറ്റ് ചിത്രങ്ങൾ. കമ്പ്യൂട്ടർ എഞ്ചിനീയറായി ജോലി ചെയ്യുന്നതിനിടെ സംവിധായകൻ ജീവയാണ് ആര്യയെ സിനിമയിലേയ്ക്ക് എത്തിച്ചത്.
വിഷ്ണുവർധന്റെ അറിന്തും അറിയാമലും സിനിമയിലൂടെ ആര്യ നടനായി തിളങ്ങി. ഈ ചിത്രത്തിലെ കുട്ടി എന്ന കഥാപാത്രത്തിന് തമിഴിലെ മികച്ച ന്യൂകമ്മറിനുള്ള ഫിലിംഫെയർ പുരസ്‌കാരവും നടനെ തേടിയെത്തിയിരുന്നു. വളരെ നാളുകൾക്ക് ശേഷം, ഗ്യാപ്പിട്ടാണ് ആര്യ പലപ്പോഴും സിനിമകൾ ചെയ്യുന്നത്. എനിമിയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ആര്യയുടെ സിനിമ. ഇപ്പോൾ അണിയറയിൽ ആര്യയുടെ ബിഗ് ബജറ്റ് സിനിമയായ ക്യാപ്റ്റൻ ഒരുങ്ങുകയാണ്.
വിക്രം, ആർആർആർ, ഡോൺ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച്. ആർ പിക്‌ചേഴ്‌സാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ആറ് മില്യണിൽ പരം കാഴ്ചക്കാരുമായി ട്രെൻഡിങ്ങിലാണ് ക്യാപ്റ്റന്റെ ട്രെയിലർ എത്തി നിൽക്കുന്നത്. ചിത്രത്തിൽ നടി ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്.
കൂടാതെ, സിമ്രാൻ, ഹരീഷ് ഉത്തമൻ, മാളവിക അവിനാഷ്, ഗോകുൽ നാഥ്, ആദിത്യ മേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യൻ ആർമി ക്യാപ്റ്റൻ വെട്രി സെൽവൻ എന്ന കഥാപാത്രമായാണ് ആര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടൻ കേരളത്തിലും എത്തിയിരുന്നു. പ്രൊമോഷന്റെ ഭാഗമായി ആര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
ക്യാപ്റ്റൻ ആർമി ബെയ്‌സ്ഡ് ത്രില്ലർ മൂവിയാണ്. ഏലീയനൊക്കെ സിനിമയിലെ പ്രധാന കഥാപാത്രങ്ങളായാണ് എത്തുന്നത്. ഐശ്വര്യ ലക്ഷ്മി നല്ലൊരു നടിയാണ്., ആ കഥാപാത്രത്തിന് ഐശ്വര്യ മാച്ചായിരുന്നു. എഞ്ചിനീയറിങ് പഠിക്കുന്നതിന് മുമ്പ് തനിക്കൊരു ഫൈറ്റർ പൈലറ്റാകാനായിരുന്നു ആഗ്രഹമെന്നും ആര്യ വെളിപ്പെടുത്തി. അതേസമയം, എഞ്ചിനീയറിങ് പഠിക്കുമ്പോൾ സപ്ലി കിട്ടിയിട്ടില്ലെന്നും താരം പറയുന്നു. പഠനത്തിൽ കുറച്ച് ബെറ്ററായിരുന്നു. ഇടയ്‌ക്കൊക്കെ ഷൂട്ടിങിന് വേണ്ടി കേരളത്തിൽ വരാറുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.
എന്നാൽ, സിനിമ സംവിധാനം ചെയ്യാനുള്ള മെച്യൂരിറ്റിയില്ലെങ്കിലും ഭാവിയിൽ ചിലപ്പോൾ സിനിമ സംവിധാനം ചെയ്‌തേക്കാമെന്നും താരം പറയുന്നു. ഉറുമി ചെയ്യുന്ന സമയത്താണ് ആഗസ്റ്റ് സിനിമാസ് രൂപം കൊള്ളുന്നത് പിന്നീട് പൃഥ്വിരാജൊക്കെ വഴിയാണ് ഞാനും ആഗസ്റ്റ് സിനിമാസിന്റെ ഭാഗമാകുന്നതെന്നും നടൻ പറയുന്നു. ക്യാപ്റ്റൻ സിനിമ ഷൂട്ട് ചെയ്യുമ്പോൾ റിട്ടേർഡ് ആർമി ഉദ്യോഗസ്ഥർ സെറ്റിലുണ്ടായിരുന്നു.
ആർമി ഓഫീസർമാരുടെ രീതികൾ ഗ്രഹസ്ഥമാക്കുവാൻ കൂടി വേണ്ടിയായിരുന്നു അവരെയും സെറ്റിലെത്തിച്ചത്. സിനിമയുടെ പ്രീ പ്രൊഡക്ഷന് വേണ്ടി മാത്രം ഒരു വർഷം എടുത്തതായും നടൻ വെളിപ്പെടുത്തി. സൈക്കിളിങ് നിരന്തരം ചെയ്യാറുണ്ട്. വിശാൽ, ജീവ തുടങ്ങിയവരാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെന്നും പറഞ്ഞ നടൻ തന്നെ ഞെട്ടിച്ച മലയാളം സിനിമ മിന്നൽ മുരളിയാണെന്നും പറഞ്ഞു.
ടൊവിനോ തോമസ് എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളാണെന്നും മലയാള സിനിമകളിൽ നിന്നും ഓഫറുകൾ വരാറില്ലെന്നും മലയാളം സിനിമകൾ ചെയ്യാൻ താത്പര്യമുണ്ടെന്നും ആര്യ വെളിപ്പെടുത്തു. എന്നെ കുറിച്ച് വന്നിട്ടുള്ള ഗോസിപ്പുകളിൽ എന്നെ ചിരിപ്പിച്ചൊരു ഗോസിപ്പ് പത്ത് വർഷങ്ങൾക്ക് മുമ്പ് വന്ന ഒന്നാണെന്നും നടൻ പറയുന്നു. ആ സംഭവവും താരം വിവരിക്കുന്നുണ്ട്. ‘ഞാൻ വിവാഹം കഴിക്കുകയും അതിൽ എനിക്ക് മൂന്ന് കുട്ടികളുണ്ട് എന്നതായിരുന്നു ഗോസിപ്പ്. ഞാൻ അവരെ കേരളത്തിൽ എവിടെയോ ഒളിച്ച് താമസിപ്പിച്ചിരിക്കുകയാണെന്നും പ്രചരണം തകൃതിയായി നടക്കുകയാണെന്നും ആര്യ പറയുന്നു.