മിനിസ്‌ക്രീനിലെ ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ പ്രിയപ്പെട്ട അഭിനേത്രി ആയി മാറിയ താരസുന്ദരിയാണ് നടി ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് താരം. എന്നാൽ മലയാളത്തേക്കാൾ കൂടുതൽ അഭിനയ പ്രാധാന്യമുള്ള സിനിമകൾ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറുള്ളത്.
വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളിൽ നായികയായി അഭിനയിച്ചെങ്കിലും മലയാളത്തിൽ വിജയം നേടാനോ കൂടുതൽ അവസരങ്ങൾ നേടാനോ ഷംനയ്ക്കായില്ല. കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയായിരുന്നു ഷംന കാസിമിന്റെ തുടക്കം. മലയാളത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിൻ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്.
ദളപതി വിജയ് പോലും തന്നെ ചിന്ന അസിൻ എന്ന് വിളിക്കാറുണ്ടെന്ന് ഷംന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ജയലളി തയുടെ ജീവിതകഥ പറഞ്ഞ തലൈവി എന്ന ചിത്രത്തിൽ അഭിനയിച്ച് വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ് നടി ഷംന കാസിം. ജയലളിതയുടെ ഉറ്റതോഴിയായ ശശികലയുടെ വേഷമാണ് ഷംന അവതരിപ്പിച്ചിരുന്നത്.
ഇപ്പോൾ നടിയെന്ന നിലയിൽ മാത്രമല്ല നർത്തകിയായും തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ പരിചിതയും പ്രിയങ്കരിയുമാണ്് ഷംന കാസിം. 2004ൽ മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച താരം എല്ലാ തെന്നിന്ത്യൻ ഭാഷകളിലുമുള്ള സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്.
17 വർഷമായി കലാരംഗത്ത് നിറഞ്ഞു നിൽക്കുന്ന ഷംനയുടെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ ജീത്തു ജോസഫിന്റെ മലയാളം സിനിമകളിൽ തനിക്ക് അവസരം നഷ്ടമായത് എങ്ങനെ ആണെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഷംന കാസിം.
തെലുങ്കിൽ ദൃശ്യം 2വിൽ ഞാനാണ് അഡ്വക്കേറ്റിന്റെ വേഷം ചെയ്തത്. ആ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ജിത്തു സാറിനോട് ഞാൻ ചോദിച്ചിരുന്നു എന്താണ് മലയാളം സിനിമകളിൽ വിളിക്കാത്തത്. അന്ന് അദ്ദേഹം എന്നോട് പറഞ്ഞു ഒരിക്കൽ ഒരു റോളിന് വേണ്ടി ഷംനയെ കുറിച്ച് അന്വേഷിച്ചപ്പോൾ ലഭിച്ച വിവരം ഷംനയുടെ പ്രതിഫലം കൂട്ടി, ഡേറ്റ് ഇപ്പോൾ ഇല്ല എന്നൊക്കെയാണ്.
അതുകൊണ്ടാണ് ഞങ്ങൾ പിന്നീട് മറ്റൊരാളെ സമീപിച്ചത്. എന്നാൽ യഥാർത്ഥത്തിൽ എന്നോട് ആരും ഇത്തരത്തിൽ ഒരു കാര്യം ചോദിച്ചിട്ടില്ല. അതിനാൽ ദൈവത്തിന് മാത്രമെ അറിയൂ എനിക്ക് എന്താണ് മലയാളത്തിൽ അവസരം ലഭിക്കാത്തത് എന്ന് ഷംന പറയുന്നു.
അതേ സമയം റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്നത് കൊണ്ടാണ് അവസരം നിഷേധിക്കപ്പെടുന്നതെങ്കിൽ തനിക്കും പ്രിയാമണിക്കും മറ്റ് ഭാഷകളിൽ സിനിമകൾ ലഭിക്കില്ലായിരുന്നുവെന്നും ഷംന പറയുന്നു. എന്താണ് ഇതിനെല്ലാം പിറകിൽ നടക്കുന്ന സംഭവങ്ങൾ എന്നത് വ്യക്തമല്ലെന്നും ഷംന പറയുന്നു.
അമൃതാ ടിവി സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ തുടക്കമിട്ട ഷംന 2004ൽ എന്നിട്ടും എന്ന മലയാളചിത്രത്തിൽ നായികയായി. ഒപ്പം ശ്രദ്ധിക്കപ്പെടാതെ പോയ നിരവധി ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്.