നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് മഞ്ജു വാര്യർ. നടി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് മഞ്ജു. മോഹൻ സംവിധാനം ചെയ്ത സാക്ഷ്യം എന്ന സുരേഷ് ഗോപി മുരളി ഗൗതമി ചിത്രത്തിലെ ചെറിയ ഒരു വേഷത്തിലൂടെയാണ് മഞ്ജു അഭിനയരംഗത്തെത്തിയത്.
പിന്നീട് സുന്ദർദാസ് ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന സല്ലാപം എന്ന ക്ലാസ് സിനിമയിലെ നായികാ വേഷത്തിലൂടെ നായികയായി അരങ്ങേറ്റം നടത്തിയ താരത്തിന് ഇടയ്ക്ക് ഒരു ബ്രേക്ക് ഉണ്ടായത് ഒഴിച്ചാൽ തന്റെ സിനിമാകരിയറിൽ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല ഇതുവരെ.
വിവാഹ ശേഷം സിനിമയിൽ നിന്നും വർഷങ്ങളോളം ബ്രേക്ക് എടുത്തെങ്കിലും പിന്നീട് രണ്ടാം വരവിലും അതി ഗംഭീര പ്രകടനമാണ് മഞ്ജു കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ തന്റെ നാൽപ്പത്തിമൂന്നാം ജന്മദിനാഘോഷത്തിലാണ് നടി. മഞ്ജുവിന്റെ ജന്മദിനത്തിൽ സ്നേഹത്തിൽ പൊതിഞ്ഞ ആശംസകളുമായി എത്തിയിരിക്കുകയാണ് സുഹൃത്തുക്കളു ആരാധകരും.
മഞ്ജു വാര്യരുടെ ആത്മി മിത്രങ്ങളായ നടിയും സംവിധായകയുമായ ഗീതു മോഹൻദാസ്, നടി പൂർണിമ ഇന്ദ്രജിത്ത് എന്നിവർക്ക് ഒപ്പം നിരവധി താരങ്ങളും ആശംസകളുമായി എത്തിയിട്ടുണ്ട്. നീ എന്റെ ഗാഥാ ജാം മാത്രമല്ല, എന്റെ നിധിയാണ് എന്നാണ് മഞ്ജു വാര്യർക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ഗീതു മോഹൻദാസ് കുറിച്ചത്. ഹാപ്പി ബർത്ത്ഡേ എം, ലവ് യു. എന്നായിരുന്നു പൂർണിമയുടെ ആശംസ. കൂടാതെ രമേശ് പിഷാരടി, അനുശ്രീ, സംയുക്ത വർമ തുടങ്ങി നിരവധിപേർ താരത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.
ഗീതു മോഹൻദാസിന്റെ കുറിപ്പിന്റെ പൂർണരൂപം: ‘കഠിനമായ വിമർശനങ്ങൾ നിരന്തരം കേൾക്കുന്നത് എളുപ്പമല്ല, എനിക്കറിയാം. പക്ഷേ അത് പ്രസന്നതയോടെ കേട്ട്, നിന്റെ ജോലിയിൽ പ്രയോഗിച്ച് വളരെ മനോഹരമായി അതിനെ കീഴടക്കി, ഒരു വ്യക്തിയെന്ന നിലയിൽ നീ എത്രമാത്രം സുരക്ഷിതയാണെന്നും നിന്റെ കഴിവിൽ എത്ര മിടുക്കിയാണെന്നും ഒരു അഭിനേതാവെന്ന നിലയിൽ നിന്റെ വളർച്ചയിൽ നീ എത്രത്തോളം പ്രതിബദ്ധയുള്ളവളാണെന്നും കാണിച്ചുകൊടുത്തു.’
‘നിന്നെ മികച്ചതാക്കാൻ പ്രേരിപ്പിക്കുന്നത് തുടരുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു, കാരണം നിന്റെ മികച്ചത് ഇനിയും വരാനിരിക്കുന്നതേ ഒള്ളൂ, മാത്രമല്ല അത് വളരെ വേഗം വരുമെന്ന് ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു. ഇന്ന് നിന്റെ ജന്മദിനത്തിൽ ഞാൻ പറയുന്നു നീ എന്റെ ഗാഥാ ജാം മാത്രമല്ല, നീ എന്റെ നിധിയാണ്.’