വളരെ പെട്ടെന്ന് തന്നെ മലയാള സിനിമാരംഗത്ത് ശ്രദ്ധേയനായ സംവിധായകനാണ് ഒമർ ലുലു. ഹാപ്പി വെഡ്ഡിംഗ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തിൽ തകർപ്പൻ ഹിറ്റ് സമ്മാനിച്ചു ഒമർ ലുലു. വലിയ ഹൈപ്പുകൾ ഒന്നുമില്ലാതെ എത്തിയ സിനിമ തിയ്യേറ്ററുകളിൽ സർപ്രൈസ് ഹിറ്റായി മാറി.
ഹാപ്പി വെഡ്ഡിംഗിന് ശേഷം ചങ്ക്സ്, അഡാർ ലവ്, ധമാക്ക തുടങ്ങിയ സിനിമകളും ഒമർ ലുലുവിന്റേതായി ശ്രദ്ധിക്കപ്പെട്ടു. ധമാക്ക എന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. പക്കാ എന്റർടെയിമെന്റ് സിനിമകളുമായാണ് ഒമർ ലുലു പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്.
മലയാളത്തിന്റെ ആക്ഷൻ കിംഗ് ബാബു ആന്റണിയെ നായകനാക്കിയുളള പവർ സ്റ്റാറാണ് ഒമർ ലുലുവിന്റെ പുതിയ സിനിമ. മാസ് ആക്ഷൻ ചിത്രങ്ങളിൽ നായകനായുളള ബാബു ആന്റണിയുടെ തിരിച്ചുവരവ് സിനിമ കൂടിയാണ്.
പവർസ്റ്റാറിന് പുറമെ മമ്മൂട്ടി, ദിലീപ് തുടങ്ങിയവരെ നായകന്മാരാക്കിയുളള ഡ്രീം പ്രോജക്ടുകളെ കുറിച്ചും അടുത്തിടെ ഒമർ ലുലു തുറന്നു പറഞ്ഞിരുന്നു. ദിലീപിനെ നായകനാക്കി അംബാനി എന്ന ചിത്രമാണ് സംവിധായകന്റെ മനസിലുളളത്. മാസ് കോമഡി എന്റർടെയ്നറായി സിനിമ വരുമെന്നുളള സൂചനകളാണ് പുറത്തുവന്നത്.
ദിലീപിന് പുറമെ മമ്മൂട്ടിയെ വെച്ചുളള സ്വപ്ന സിനിമയെ കുറിച്ചും ഒമർ പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ നായികയായി നയൻതാരയും, സംഗീത സംവിധായകനായി അനിരുദ്ധും ചിത്രത്തിൽ വരണമെന്നാണ് സംവിധായകന്റെ ആഗ്രഹം. അതേസമയം മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഡേറ്റ് ഒരുമിച്ച് കിട്ടിയാൽ ആദ്യം ആരെ വെച്ച് പടം ചെയ്യും എന്ന് ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഒമർ ലുലു ഇപ്പോൾ.
കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്നു പറച്ചിൽ. രണ്ട് പേരുടെ ഡേറ്റ് ഒരുമിച്ച് കിട്ടിയാൽ താൻ ആദ്യം മമ്മൂക്കയുടെ പടം ചെയ്യുമെന്ന് ഒമർ ലുലു പറയുന്നു. അതിന്റെ കാരണവും ഒമർ പറഞ്ഞു. മമ്മൂക്ക സെറ്റിൽ ചൂടാവുമെന്നൊക്കെ കേട്ടിട്ടുണ്ട്. അപ്പോ മമ്മൂക്ക ചൂടാവുന്നതൊക്കെ കണ്ട് അതിന്റെ ഒരു അനുഭവം കിട്ടുമല്ലോ.
എന്നിട്ട് പോയി ലാലേട്ടന്റെ പടം ചെയ്യും. ലാലേട്ടൻ വളരെ കൂളാണല്ലോ, ചിരിയോടെ സംവിധായകൻ പറഞ്ഞു. മമ്മൂക്കയെ നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ട്. ഇടയ്ക്ക് വാട്സ്ആപ്പിലൊക്കെ മെസേജ് അയക്കാറുണ്ട്.
മമ്മൂക്കയ്ക്ക് മെസേജ് അയക്കുമ്പോ നമ്മുടെ ഹൃദയമിടിപ്പൊക്കെ ഒന്ന് കൂടും. അദ്ദേഹത്തിന് ഇഷ്ടപ്പെടുമോ, മറുപടി തരുമോ എന്നൊക്കയുളള ഒരു ചിന്തയാണ് ആ സമയത്ത് മനസിലുണ്ടാവുക.
എന്നാൽ മമ്മൂക്കയുടെ മറുപടി വരുമ്പോ ഒരു സന്തോഷമാണ്. ലാലേട്ടന്റെ നമ്പർ ഇതുവരെ കിട്ടിയിട്ടില്ല. അദ്ദേഹത്തെ ഇതുവരെ നേരിൽ കണ്ടിട്ടില്ലെന്നും ഒമർ ലുലു പറയുന്നു. പിന്നെ സുരേഷ് ഗോപി എനിക്ക് കുറെ ഹെൽപ്പ് ചെയ്തിട്ടുണ്ട്. അഡാറ് ലവുമായി ബന്ധപ്പെട്ട കേസിന്റെ സമയത്ത് സുരേഷേട്ടനാണ് കൂടെ നിന്നത്.
ഞാൻ ആ സമയത്ത് എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുമ്പോഴാണ് സുരേഷേട്ടൻ വിളിച്ചത്. അഡാർ ലവിലെ പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ഹൈദരാബാദ് പോലീസ് സംവിധായകന് എതിരെ കേസെടുത്തിരുന്നു. സുപ്രീം കോടതിയെ സമീപിച്ചാണ് അത് പിന്നെ പരിഹരിച്ചത്.