ആരാധകരുടെ അസഭ്യ വർഷം: ദേശീയ ചലച്ചിത്ര അവാർഡ് ജൂറി ചെർമാനോട് മാപ്പു ചോദിച്ച് മമ്മൂട്ടി

64

പേരൻപിനും അതിലെ അഭിനയത്തിന് മമ്മൂട്ടിക്കും ദേശീയ ചലച്ചിത്ര അവാർഡ് നൽകാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ചില ആരാധകർ ജൂറി ചെർമാൻ രാഹുൽ റവൈലിനെതിരെ സോഷ്യൽ മീഡിയയിലൂടെ അസഭ്യ വർഷം നടത്തിയിരുന്നു.

ഇതിനെത്തുടർന്ന് തനിക്കെതിരെ നടന്ന സൈബർ ആക്രമണത്തെപ്പറ്റി രാഹുൽ റവൈൽ മമ്മൂട്ടിക്ക് സന്ദേശമയക്കുകയും ചെയ്തു. ‘ഹായ് മമ്മൂട്ടി,പേരൻപിലെ അഭിനയത്തിൽ താങ്കൾക്ക് എന്തുകൊണ്ട് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നൽകിയില്ലെന്ന് ചോദിച്ചുകൊണ്ട് എനിക്ക് താങ്കളുടെ ഫാൻസിന്റെ ഭാഗത്തു നിന്ന് മോശപ്പെട്ട ധാരാളം കമന്റുകൾ ലഭിക്കുന്നുണ്ട്.

Advertisements

ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. പേരൻപ് ആദ്യമേ പ്രാദേശിക സിനിമകളുടെ പട്ടികയിൽ നിന്ന് ആദ്യമേ പുറത്ത് പോയിരുന്നു. താങ്കളുടെ ആരാധകർ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നിർത്തണം. ഇതായിരുന്നു റവൈലിന്റെ ഫേസ്ബുക്ക് കുറിപ്പ്.

സംഭവത്തിൽ മമ്മൂട്ടി ക്ഷമാപണം നടത്തുകയും ചെയ്തു. മമ്മൂട്ടി തന്നോട് ക്ഷമ ചോദിച്ചതായി റവൈൽ തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ക്ഷമിക്കണം സർ, ഈ സംഭവത്തെപ്പറ്റി എനിക്ക് അറിവില്ല. എന്നിരുന്നാലും സംഭവത്തിൽ ഞാൻ ഖേദി പ്രകടിപ്പിക്കുന്നുവെന്നായിരുന്നു മമ്മൂട്ടിയുടെ സന്ദേശം.

ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടനായി മമ്മൂട്ടിയെ പരിഗണിക്കുമെന്ന് തരത്തിലുള്ള ചർച്ചകൾ സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. എന്നാൽ, അവസാനം മികച്ച നടനുള്ള പുരസ്‌കാരം ആയുഷ്മാൻ ഖുറാനയും വിക്കി കൗശലും പങ്കിട്ടെടുത്തപ്പോൾ, പുരസ്‌കാരത്തിന് മമ്മൂട്ടിയെ പരിഗണിച്ചിരുന്നോ എന്ന ചോദ്യം പ്രഖ്യാപനവേദിയിൽ ഉയർന്നു. എന്നാൽ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാതെ തടിതപ്പാനാണ് ജൂറി ചെയർമാൻ രാഹുൽ റവൈൽ ശ്രമിച്ചത്.

‘ഒരു പ്രത്യേക വ്യക്തിക്ക് പുരസ്‌കാരം നൽകിയില്ല എന്നത് വളരെ വിഷമകരമായ ചോദ്യമാണ്. ജൂറിയുടെ തീരുമാനമാണ് ഞങ്ങൾ അറിയിച്ചത്. മികച്ച വ്യക്തികളെ തിരഞ്ഞെടുക്കുക എന്നത് അത്രയ്ക്ക് എളുപ്പമുള്ള ഒരു ജോലിയായിരുന്നില്ല. വളരെ ബുദ്ധിമുട്ടേറിയ പ്രക്രിയ ആയിരുന്നു അത്. ഒരാൾക്കു എന്തുകൊണ്ട് കിട്ടിയില്ല എന്നതു സംബന്ധിച്ചുള്ള ചർച്ച തീർത്തും വിഷയകേന്ദ്രീകൃതമാണ്,’ രാഹുൽ റവൈൽ പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബാല്യകാലത്തെ അധികരിച്ച് നിർമിച്ച ചിത്രം ചലോ ജീതേ ഹെ നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചും വിവാദമുണ്ടായി . എന്നാൽ, ‘അതിനെക്കുറിച്ച് അറിയില്ല’ എന്ന മറുപടിയാണ് ലഭിച്ചത്.

Advertisement