നടി കീർത്തി സുരേഷ് ഇപ്പോൾ രാജ്യത്തെ മികച്ച അഭിനേത്രിയായി കീർത്തിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ്. തെലുങ്കു ചിത്രം മഹാനടിയിലെ പ്രകടനമാണ് കീർത്തിയ്ക്ക് അറുപത്തിയാറാമത് ദേശീയ പുരസ്കാരത്തിൽ മികച്ച നടിയ്ക്കുള്ള അവാർഡ് നേടിക്കൊടുത്തത്.
അവാർഡ് പ്രഖ്യാപിച്ചതുമുതൽ കീർത്തിയുടേയും അച്ഛൻ സുരേഷ്കുമാറിന്റെയും അമ്മ മേനകയുടെയും ഫോണുകളിലേക്കും അഭിനന്ദന പ്രവാഹമാണ്. അതിനിടെ നടൻ മോഹൻലാലിന്റെ വിളിയെത്തിയപ്പോൾ ‘ലാലങ്കിൾ ലാലങ്കിൾ ‘ സന്തോഷം അടക്കാനാവാതെ കീർത്തി തുള്ളിച്ചാടി.
‘അടുത്ത തവണ ഞാൻ വാങ്ങിക്കും ലാലു നോക്കിക്കോളൂ’ എന്നാണ് സുരേഷ് കുമാർ ഫോണിൽ മോഹലാലിനോട് സരസമായി പറഞ്ഞത്. ‘കീർത്തിക്കു സിനിമയിൽ അഭിനയിക്കാൻ താൽപര്യമായിരുന്നു. പക്ഷേ ഞാനായിട്ട് ഒന്നും ചെയ്തില്ല.
അഭിനയിക്കാൻ താൽപര്യമുണ്ടെങ്കിൽ അതിന്റെ സമയത്ത് അവസരം കിട്ടുമെന്നു ഞാൻ പറഞ്ഞിരുന്നു. ഇപ്പോൾ അവൾ തന്റെ കരിയർ ഭംഗിയായി ചെയ്യുന്നു എന്നുകാണുന്നതിൽ സന്തോഷമുണ്ട് അച്ഛനെന്ന നിലയിൽ ഒരുപാടു സന്തോഷം’ സുരേഷ് കുമാർ പറഞ്ഞു.
‘ഒരു നാഷനൽ അവാർഡ് ഞാൻ മേടിക്കും അമ്മാ എന്നവൾ പണ്ടുമുതലേ പറയുമായിരുന്നു. സാവിത്രിയമ്മയുടെ വേഷം ചെയ്തത് ഒരു നിയോഗമാണ്. അവാർഡിന്റെ മുഴുവൻ ക്രെഡിറ്റും അവൾക്കു മാത്രമാണുള്ളതാണ്.’ മേനക പറഞ്ഞു.