രജനികാന്തിന്റെ ദർബാർ ഇക്കൊല്ലം എത്തില്ല, ഏറെ കാത്തിരിക്കേണ്ടി വരും, ആരാധകർക്ക് നിരാശ

25

സ്‌റ്റൈൽ മന്നൻ രജനികാന്തിന്റെ സിനിമകൾക്കായി എപ്പോഴും ആരാധകർ കാത്തിരിക്കാറുണ്ട്. കാരണം ആരാധകർക്ക് ആഘോഷിക്കാൻ വകയുള്ളതായിരിക്കും സ്‌റ്റൈൽ മന്നന്റെ ചിത്രങ്ങൾ. ഡാൻസും ഡയലോഗുമെല്ലാം അങ്ങനെയുള്ളതായിരിക്കും.

രജനികാന്തിന്റെ അടുത്ത സിനിമയ്ക്കായി ആരാധകർ കാത്തിരിക്കുന്നതിന് മറ്റൊരു കാര്യം കൂടിയുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് തമിഴകത്തെ ഹിറ്റ് സംവിധായകൻ എ ആർ മുരുഗദോസ് ആണെന്നതാണ് കാരണം. പക്ഷേ രജനികാന്തിന്റെ പുതിയ സിനിമ 2019ൽ പ്രദർശനത്തിന് എത്തില്ല.

Advertisements

എ ആർ മുരുഗദോസ് – രജനികാന്ത് കൂട്ടുകെട്ടിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത് ദർബാർ എന്ന സിനിമയാണ്. ചിത്രം 2020 ജനുവരി 15ലേക്കാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത വർഷമേ ചിത്രത്തിന്റെ റിലീസ് ഉള്ളുവെങ്കിലും സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ആരാധകർ പുറത്തുവിട്ടത് ആരാധകർ ആഘോഷമാക്കിയിരുന്നു.

ദർബാറിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രജനികാന്ത് അഭിനയിക്കുന്നത്. ഇരുപത്തിയേഴ് വർഷത്തിനു ശേഷമാണ് രജനികാന്തിന്റെ പൊലീസ് വേഷം വെള്ളിത്തിരയിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ച്. 1992ൽ പ്രദർശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പൊലീസ് വേഷത്തിലെത്തിയത്.

പാണ്ഡ്യനിൽ പാണ്ഡ്യൻ ഐപിഎസ് എന്ന കഥാപാത്രമായിട്ടായിരുന്നു രജനികാന്ത് അഭിനയിച്ചത്. സഹോദരിയുടെയും സഹോദരി ഭർത്താവിന്റെയും മരണത്തെക്കുറിച്ച് അന്വേഷിക്കുകയാണ് പാണ്ഡ്യൻ. കൊലപാതകസംഘത്തിൽ പാണ്ഡ്യനും ചേരുന്നു. ചിത്രം പുരോഗമിക്കുമ്പോൾ കൊലപാതകസംഘം തിരിച്ചറിയുന്നു, പാണ്ഡ്യൻ പൊലീസ് ഉദ്യോഗസ്ഥനാണെന്ന്. കൊലപാതകം ചെയ്തവരെ പാണ്ഡ്യൻ ഒടുവിൽ കുടുക്കുന്നതുമാണ് സിനിമ. എസ് പി മുത്തുരാമൻ ആണ് ചിത്രം സംവിധാനം ചെയ്തത്.

എ ആർ മുരുഗദോസിന്റെ സംവിധാനത്തിൽ രജനികാന്ത് വീണ്ടും പൊലീസ് ആകുമ്പോൾ അത് ആരാധകർക്ക് ആഘോഷിക്കാനുള്ള വകയുണ്ടാകുന്നതായിരിക്കും. പൊലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് എ ആർ മുരുഗദോസ് പുറത്തുവിട്ടിരുന്നു.

ഒരു ആക്ഷൻ ചിത്രമായിരിക്കും ദർബാർ. ചിത്രത്തിലെ ഇൻട്രൊഡക്ഷൻ ഗാനം ആലപിക്കുന്നത് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം ആണ്. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങൾ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക.

രജനികാന്ത് സിനിമയിൽ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്മണ്യം പറയുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാൽ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയിൽ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്മണ്യം പറയുന്നു.

നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലർ ചിത്രമായിരിക്കും ദർബാർ. മുംബയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ റൂം തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെർമിനസ്, റോയൽ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം. അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദർബാർ ഒരുക്കുന്നത്.

അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദർബാർ. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തിൽ അഭിനയിക്കുക. നയൻതാരയാണ് നായിക.

കോടതി എന്ന അർത്ഥത്തിലാണ് ദർബാർ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എ ആർ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്ത സർക്കാർ വൻ വിജയം നേടിയിരുന്നു.

Advertisement